Wednesday September 20, 2017
Latest Updates

ചങ്ങനാശ്ശേരി പൊന്‍കുന്നം കുട്ടിക്കാനം വഴി കട്ടപ്പന(അഥവാ സമസ്യയും സമാധാനവും!)

ചങ്ങനാശ്ശേരി പൊന്‍കുന്നം കുട്ടിക്കാനം വഴി കട്ടപ്പന(അഥവാ സമസ്യയും സമാധാനവും!)

മിശ്രവിവാഹത്തിന്റെ സൈഡ് എഫക്ടുകളില്‍ ഒന്ന് പെണ്ണ് വീട്ടുകാരുടെ പിണക്കമാണ് .. എന്റെ കാര്യത്തിലും അങ്ങിനെ തന്നെ .. പതിവ് പോലെ , ഒരു കുഞ്ഞായി കഴിഞ്ഞപ്പോ മഞ്ഞുരുകിത്തുടങ്ങി .. പാറക്കടവ് വാര്‍ഡിലെ രാജാവ് എന്നറിയപ്പെടുന്ന , വാര്‍ഡ് മെമ്പര്‍ ജോസ് ചേട്ടന്റെ നേതൃത്വത്തിലാണ് നാട്ടുകാരെല്ലാം കൂടി ആക്ഷന്‍ കമ്മറ്റി ഉണ്ടാക്കി , ദി അഞ്ജു റിട്ടേണ്‍സ് എന്ന പേരില്‍ ഒരു പ്രൊജെക്റ്റ് തയ്യാറാക്കിയത് . പ്രൊജെക്റ്റിന്റെ ഭാഗമായി
ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ പ്രശ്‌നബാധിതരായ ആള്‍ക്കാരെ കൂട്ടി (അഞ്ജുവിന്റെ അപ്പനേം അമ്മയേം ) ഞങ്ങളുടെ വീട് സന്ദര്‍ശിക്കുകയും , മകളെ കണ്ടു പലവിധ തമാശകള്‍ പറയുകയും , ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയും ഉണ്ടായി .. തിരിച്ചു പോകുന്ന വഴിക്ക് ഞങ്ങളെ കട്ടപ്പനയ്ക്ക് ക്ഷണിക്കാനും മറന്നില്ല …
അങ്ങനെ ഞങ്ങള്‍ കാത്തിരുന്ന ആ സുദിനം ആഗതമായി സുഹൃത്തുക്കളെ .. ഇനി വെറും ഇരുപത്തിനാല് മണിക്കൂറുകള്‍ മാത്രം ..
ഇനി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം ..
(എന്ത് കാര്യവും മുന്കൂട്ടി പ്ലാന്‍ ചെയ്യണം അത് അഞ്ജുവിന്റെ ഒരു വാശിയാണ്‍) ഞാന്‍ കേരളത്തിന്റെ ഒരു പഴയ മാപ്പ് തപ്പിയെടുത്ത് മേശപ്പുറത്തു നിവര്‍ത്തിയിട്ടു ചങ്ങനാശേരി കട്ടപ്പന റൂട്ട് സ്‌കെച്ച് പെന്‍ കൊണ്ട് അടയാളപ്പെടുത്തി ..

അഞ്ജു മാപ്പിലേക്ക് തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു ..
ഇതില്‍ എവിടെയാ കളമശേരി ..?
അതെന്തിനാടീ കളമശേരി ?..
അതിലെയല്ലേ കട്ടപ്പനയ്ക്ക് പോണത് ? ..
എനിക്ക് കരച്ചില്‍ വന്നു …
ഹോ അത് നീ അയര്‍ലണ്ടില്‍ നിന്ന് കൊച്ചീല്‍ വന്നിട്ട് കട്ടപ്പനയ്ക്ക് പോകുമ്പോള്‍ അല്ലെ ?
ഇതിപ്പോ ഇവിടുന്നു കട്ടപ്പനയ്ക്ക് അങ്ങ് പോയാ പോരെ …?
എന്തെങ്കിലും ചെയ്യ് .. അല്ലേലും ഞാന്‍ പറയുന്നതൊന്നും നിങ്ങള് കേള്‍ക്കുകേലല്ലോ ..
ഡീ വഴക്കൊക്കെ പിന്നെ .. .. നീ ഇത് ശ്രദ്ധിച്ചേ ..
..
നമ്മള്‍ രാവിലെ , 7:33 നു ഇവിടുന്നിറങ്ങുന്നു ..
നേരെ ബൈപ്പാസ് .. അവിടുന്ന് റെയില്‍വേ സ്റ്റെഷന്‍ വഴി ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് , 8:48 നു പൊന്‍കുന്നം .. ഇടതു വശത്ത് ഇന്ത്യന്‍ കോഫീ ഹൌസ് , അവിടെ കേറി ഒരു പൂരി മസാല കഴിക്കുന്നു ..അതിനു 12 മിനിട്ട് ….
ഒന്നോ .. അപ്പൊ ഞാനോ .. എനിക്ക് ബിരിയാണി മതി ..
ശല്യം..
എന്നാ നീ നേരം വെളുക്കുന്നെന് മുന്നേ ബിരിയാണി തിന്ന് ..
ഇപ്പൊ പറയുന്നത് കേക്ക് ..ഞാന്‍ തുടര്‍ന്നു
അവിടുന്ന് നമ്മള്‍ , ഒരു മണിക്കൂര്‍ കൊണ്ട് കുട്ടിക്കാനം ..അതായത് 10 മണിക്ക് കുട്ടിക്കാനം ..
ശോ അത്രേം സ്പീഡിലോ ?
ഇതൊക്കെ എന്ത് എന്നാ ഭാവത്തില്‍ ഞാന്‍ ഒന്ന് ചിറി കോട്ടി…
അപ്പൊ കുട്ടിക്കാനത്തൂന്നു ചായ കുടിക്കുന്നു ..
5 മിനിറ്റ് ..
പിന്നെ സ്റ്റോപ്പ് കട്ടപ്പനയിലെ ഉള്ളു .. ഓക്കേ??
ഓക്കേ !!
കളമശേരി വഴി പോകാത്തതൊഴിച്ചാല്‍ അഞ്ജുവിനു പ്ലാന്‍ ഇഷ്ടപ്പെട്ടു…
പിറ്റേന്ന് നേരം പതിവ് പോലെ വെളുത്തു ..
എണീക്കാന്‍ താമസിച്ചതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം , പത്തു മണിക്കാണ് വീട്ടില്‍ നിന്നും ഇറങ്ങിയത് .. പ്ലാന്‍ വരച്ചത് എടുക്കാനും മറന്നു ..
സാരമില്ലടീ ഞാന്‍ നല്ല സ്പീഡില്‍ വിടാം , വല്യ ട്രാഫിക് ഒന്നുമില്ല .. ഞാന്‍ അഞ്ജുവിനെ ആശ്വസിപ്പിച്ചു ..അരമണിക്കൂര്‍ .. വണ്ടി മാമ്മൂട്ടില്‍ എത്തി ..
കുഞ്ഞിനു ഇത്തിരി പാല് കലക്കാന്‍ വേണ്ടി ഒന്ന് നിര്‍ത്തി..
കുന്തം .. പിന്നെ സ്റ്റാര്‍ട്ട് ആകുന്നില്ല ..
ബോണറ്റ് തുറന്നു നോക്കി .. എഞ്ചിന്‍ ഒക്കെ അവിടെ തന്നെയുണ്ടല്ലോ ..
ഒരു കുഴപ്പവും ഇല്ല
പക്ഷെ എന്താന്നറിയില്ല വണ്ടി സ്റ്റാര്‍ട്ട് ആകുന്നില്ല ….
ഞാന്‍ ബോണറ്റിന്റെ ഉള്ളിലേക്ക് തുറിച്ചു നോക്കിക്കൊണ്ട് നിന്നു..
എന്താ? കയ്യിലിരുന്നതു വല്ലോം അതിന്റകത്ത് പോയോ ..
ചോദ്യം കേട്ടാണ് തലയുയര്‍ത്തിയത് …
മാമ്മൂട്ടില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ഒരു ചേട്ടന്‍ ….ഹോ ഭാഗ്യം .. അങ്ങേരും ബോണറ്റിന്റെ അകത്തേക്ക് തല തിരുകി നോക്കിത്തുടങ്ങി ..
അര മണിക്കൂര്‍… ഷോ റൂമില്‍ തന്നെ കൊണ്ട് പോണം…
അദ്ദേഹം വിധിയെഴുതി …
ഞായറാഴ്ചയാണ് …. എന്ത് ചെയ്യാന്‍ ? വണ്ടി അടുത്തൊരു വീട്ടില്‍ കേറ്റി ഇട്ടു.. ..
ഒരു സുഹൃത്തിനെ വിളിച്ചു അദ്ദേഹത്തിന്റെ വണ്ടി തെണ്ടി വാങ്ങിച്ചു യാത്ര തുടര്‍ന്നു..
ഒരു വിധത്തില്‍ കട്ടപ്പന എത്തിയപ്പോ സമയം മൂന്നര ..
നല്ല ക്ഷീണമുണ്ട്…
ഭക്ഷണ പാനീയങ്ങള്‍ അകത്താക്കിയിട്ട് ഞാന്‍ ..
സോഫയില്‍ അല്പ്പം ഗമ നടിച്ചു ഇരുന്നു ..
ഭിത്തിയിലെ ക്ലോക്ക് , നാലരയായി പോകണ്ടേ , നാല് മുപ്പത്തഞ്ചായി പോകണ്ടേ എന്ന് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു ..
ഇപ്പൊ തിരിച്ചു വിട്ടാലേ ഒന്‍പതു മണി എങ്കിലും ആകുമ്പോ ചങ്ങനാശേരി പിടിക്കാന്‍ പറ്റു…..
പക്ഷെ എങ്ങനെ ?കാലു രണ്ടും കഴച്ചോടിയുന്നു ..നടുവിനും നല്ല വേദന ..
ഡ്രൈവ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുമ്പോള്‍ തന്നെ തല പെരുക്കുന്നു .. മുണ്ടക്കയം അടുക്കുന്നത് വരെ ഒരു വശത്ത് കൊക്കയാണ് ..
നാളെ പോയാ മതി എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നേല്‍ ..
ഞാന്‍ എല്ലാവരുടെയും മുഖഭാവം പഠിച്ചു …
അങ്ങനെ പറയുന്ന ലക്ഷണമൊന്നും കാണാനില്ല ..
എനിക്കാണെങ്കില്‍ എവിടെങ്കിലും ഒന്ന് കിടന്നാല്‍ മതി ..
ഇന്നിവിടെ തങ്ങിക്കോട്ടേ എന്ന് എങ്ങനെ ചോദിക്കും?
ഇല്ല … അഭിമാനം വിട്ടു ഒരു കളീം ഇല്ല ..
എന്നാ വയ്യാഴിക ആയാലും ഇന്ന് തിരിച്ചു പോയിട്ട് തന്നെ കാര്യം ..
എന്നാ രാജേഷേ .. ഞാന്‍ അങ്ങോട്ട് ഇറങ്ങുവാ .. ജോസ് ചേട്ടന്‍ ..
പോകാന്‍ ഇറങ്ങി ..
ഞാന്‍ തലകുലുക്കി .. മുഖഭാവം അല്പ്പം ദയനീയമായോ എന്നൊരു സംശയം
എന്നാ പറ്റി രാജേഷേ ?
ഹേയ് ഒന്നുമില്ല ചേട്ടാ …
ഒരു കാര്യം ചെയ്യ് , നിങ്ങള്‍ ഇന്നിനി പോകണ്ടാ .. ഇത്രേം സമയമായില്ലേ ? ഞാന്‍ ജോസ് ചേട്ടനെ നോക്കി ..ഹോ രണ്ടു ചിറകു കൂടെ ഫിറ്റ് ചെയ്താല്‍ മാലാഖ തന്നെ ..
പക്ഷെ അഭിമാനം ……
ഹേയ് അത് പറ്റില്ല ചേട്ടാ .. പോണം .. വണ്ടി നമ്മടെ അല്ല .. വേറെ ഒരാള്‌ടെയാ
അത് കൊണ്ട് കൊടുക്കണം ..ഞാന്‍ പറഞ്ഞു .. (വണ്ടീടെ പ്രശ്‌നമേ ഉള്ളു , നമുക്ക് പ്രശ്‌നമൊന്നും ഇല്ല എന്ന് തോന്നുന്നേല്‍ തോന്നിക്കോട്ടെ .. )
എന്നിട്ടും അഞ്ജുവിന്റെ അപ്പനും അമ്മയും ഒന്നും മിണ്ടുന്നില്ല ..
ചെറിയൊരു പ്രതീക്ഷയുടെ തിരി കത്തിക്കൊണ്ടിരുന്നത് പടിഞ്ഞാറേ മലയില്‍ നിന്നടിച്ച കാറ്റ് കെടുത്തിക്കളഞ്ഞു ….
ഞാന്‍ നിരാശനായി അഞ്ജുവിനെ വിളിച്ചു ..ഡീ നമ്മക്ക് പോണം ..
ഇന്ന് പോകണ്ട രാജേഷേ .. ജോസ് ചേട്ടന്‍ വീണ്ടും നിര്ബന്ധിച്ചു ….
എന്തൊരു നല്ല മനുഷ്യന്‍ … ഇങ്ങേരു ബ്രാണ്ടി കുടിക്കുമോ ആവോ ..
രണ്ടെണ്ണം മേടിച്ചു കൊടുക്കണം …ഞാന്‍ മനസ്സിലോര്‍ത്തു
ഇത്രയൊക്കെ ആയിട്ടും കല്ലിനു കാറ്റ് പിടിച്ച പോലെ നിക്കുന്നു അഞ്ജുവിന്റെ പപ്പാ ….
ഇങ്ങേര്‍ക്ക് കൊണ്ട് വന്ന ഫുള്‍ ജോസ് ചേട്ടന് കൊടുക്കണ്ടതാരുന്നു …….
ഇനി രക്ഷയില്ല …അഭിമാനം .മാങ്ങാത്തൊലി …..
ഒരു മിനിട്ട് ജോസ് ചേട്ടാ ഞാന്‍ ഒന്ന് വിളിച്ചു നോക്കട്ടെ ..
ഞാന്‍ ഫോണ്‍ എടുത്തു അജിയെ (വണ്ടിയുടെ ഉടമസ്ഥന്‍) വിളിച്ചു ..
അജീ ഞാന്‍ നാളെ വന്നാ മതിയോ ?
അതിനെന്നാ .. മതി …
.
നാളെ ചെന്നാലും മതി .. ഞാന്‍ ഒരു ഒഴുക്കന്‍ മട്ടില്‍ ഇത്തിരി ഉറക്കെ പറഞ്ഞു ..
അഞ്ജുവിന്റെ പപ്പാ , എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ , പോക്കറ്റില്‍ നിന്നും തീപ്പെട്ടി എടുത്തു എന്റെ പ്രതീക്ഷയുടെ തിരി കത്തിച്ചിട്ടു എന്റെ അളിയനോട് ആജ്ഞാപിച്ചു ..
എന്നാപ്പിന്നെ അവരടെ ബാഗ് ഒക്കെ എടുത്തു അകത്തു വെക്കടാ രെഞ്ജു..
ഓ അതൊന്നും വേണ്ടാ പപ്പാ …ഞാന്‍ തന്നെ എടുത്തു വെച്ചോളാം..
എല്ലാം കൂടെ ഒരു 25 സെക്കന്റ് എടുത്തു കാണും . ഞാന്‍ സിറ്റൌട്ടില്‍ നിന്നും ഒറ്റച്ചാട്ടത്തിന് വണ്ടീടെ അടുത്തെത്തി ഡോര്‍ തുറന്നു ബാഗ് എല്ലാം എടുത്തു .. പുരക്കകത്തു വെച്ചു..
ഭിത്തിയേല്‍ ഇരുന്ന കര്‍ത്താവ് എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിച്ചു ..
ഒരു പരിഹാസച്ചിരി …..
rajeshഈ സംഭവത്തിനു ശേഷമാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി കല്യാണം കഴിക്കുന്ന സംസ്‌കാരശൂന്യരായ എസ് എന്‍ ഡി പി ക്കാരെ പറ്റിയുള്ള മുന്നറിയിപ്പ് കര്‍ത്താവ് ബിഷപ്പ് വശം കൊടുത്ത് വിട്ടത് !

രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 

Scroll To Top