Friday December 09, 2016
Latest Updates

നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം: ഡബ്ലിനിലെ ഡബിള്‍ ട്രീ ഹോട്ടല്‍ സമ്മേളനവേദിയാക്കിയേക്കും,സുരക്ഷാ പരിശോധന ആരംഭിച്ചു 

നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം: ഡബ്ലിനിലെ ഡബിള്‍ ട്രീ ഹോട്ടല്‍ സമ്മേളനവേദിയാക്കിയേക്കും,സുരക്ഷാ പരിശോധന ആരംഭിച്ചു 

ഡബ്ലിന്‍:ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അയര്‍ലണ്ട് സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി ഡല്‍ഹിയില്‍ നിന്നുള്ള ആറംഗ സംഘം ഡബ്ലിനില്‍ എത്തി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന വേദികള്‍.വഴികള്‍,പ്രധാനമന്ത്രിയുടെ യാത്രാ പരിപാടികള്‍,താമസ സ്ഥലം,തുടങ്ങിയ സൗകര്യങ്ങളെക്കുറിച്ച് സുരക്ഷ സംഘം വിലയിരുത്തും.

ഇന്ന് രാവിലെ മുതല്‍ സംഘം വിവിധ സ്ഥലങ്ങില്‍ പരിശോധന ആരംഭിച്ചു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ചു നിയോഗിച്ച സ്‌പെഷ്യന്‍ ലൈയിസന്‍ ഓഫിസര്‍ രവിശങ്കര്‍,പ്രധാനമന്ത്രിയുടെ ആരോഗ്യകാര്യസെക്രട്ടറി,സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്പി ജി )തലവന്‍,വിദേശ കാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്.

ഇന്ത്യന്‍ എംബസിക്ക് സമീപം ബര്‍ലിംഗ്റ്റണ്‍ റോഡിലുള്ള ഡബിള്‍ ട്രീ ഹോട്ടല്‍ ആയിരിക്കും അയര്‍ലണ്ടിലെ ഇന്ത്യക്കാരെ കാണാനായി പ്രധാനമന്ത്രിയ്ക്ക് വേണ്ടി സംഘം തിരഞ്ഞെടുക്കുകയെന്നാണ് സൂചനകള്‍.ഇവിടെ 1200 പേര്‍ക്ക് വരെ ഇരിക്കാനുള്ള സംവിധാനമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത്രയും പേരെ അനുവദിക്കുമോ എന്ന് പരിശോധനാ സംഘം പിന്നീട് തീരുമാനിക്കും.മറ്റു രണ്ടു ഹോട്ടലുകള്‍ കൂടി വേദിയൊരുക്കുവാന്‍ താല്ക്കാലികമായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഡബിള്‍ ട്രീയ്ക്ക് തന്നെയാണ് സാധ്യത.

ഗ്രാഫ്ട്ടന്‍ സ്ട്രീറ്റിലുള്ള വെസ്റ്റ് ബറി ഹോട്ടലില്‍ ആയിരിക്കും പ്രധാനമന്ത്രിയ്ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുക.ഡബ്ലിനിലെ പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് സൗകര്യമുള്ള ഏക ഹോട്ടലാണ് ഇത് എന്നത് ബെസ്റ്റ് ബറിയ്ക്ക് അനുകൂലമായേക്കും. മാത്രമല്ല ഐറിഷ് പാര്‍ലിമെന്റ്,വിവിധ മന്ത്രാലയങ്ങള്‍,ഇന്ത്യാക്കാരുടെ സമ്മേളന വേദിയായേക്കുമെന്നു കരുതപ്പെടുന്ന ഡബിള്‍ ട്രീസ് ഹോട്ടല്‍ എന്നിവയും വെസ്റ്റ് ബറിയ്ക്ക് സമീപമാണ്.

ഇരു രാജ്യങ്ങളിലെയും വിവിധ വകുപ്പുകള്‍ തമ്മില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഉദ്ദേശിക്കുന്ന കരാറുകള്‍ രൂപപ്പെടുത്താനുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉത്സവസമാനമായ അന്തരീക്ഷത്തില്‍ നടത്താനുള്ള തയാറെടുപ്പുകളാണ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.സൗകര്യങ്ങള്‍ ക്രമപ്പെടുത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു.സെപ്റ്റംബര്‍ 23 നാണ് നരേന്ദ്ര മോഡി അയര്‍ലണ്ടില്‍ എത്തുന്നത്.

Scroll To Top