Thursday August 17, 2017
Latest Updates

മോദിയുടെ വിദേശ വിചാരങ്ങളും ഒരു ഇന്ത്യന്‍ പൗരന്റെ ദേശീയ വിചാരങ്ങളും!-( സെബി സെബാസ്റ്റ്യന്‍ )

മോദിയുടെ വിദേശ വിചാരങ്ങളും ഒരു ഇന്ത്യന്‍ പൗരന്റെ ദേശീയ വിചാരങ്ങളും!-( സെബി സെബാസ്റ്റ്യന്‍ )

ഗ്രഹണി പിടിച്ച കുട്ടികള്‍ക്ക് ചക്കക്കറി കിട്ടിയ പോലെ’ എന്നൊരു നാടന്‍ ചൊല്ലുണ്ട് .ഈ ചൊല്ല് ഇനി മുതല്‍ ‘നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദം കിട്ടിയപോലെ’ എന്നാക്കി മാറ്റേണ്ടി വരും !!.നമ്മുടെ പ്രധാനമന്ത്രിയുടെ ഒന്നിന് പുറകെ ഒന്നായിയുള്ള വിദേശ യാത്രകളും, വേഷഭൂഷാധികളോടുള്ള ഭ്രമവും മറ്റും കാണുമ്പോള്‍ ഇങ്ങനെ പറയാതെ വയ്യ. നമ്മുടെ നികുതി പണം കൊണ്ട് ഈ മനുഷ്യന്‍ എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത് ? ഇപ്പോഴിതാ 3200 കോടി രൂപ മുടക്കി അമേരിക്കന്‍ പ്രസിഡണ്ടിനു ഉള്ളത് പോലെ വിമാനം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.    
ഇന്ത്യയുടെ ആത്മാഭിമാനവും അന്തസ്സും ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഉയര്‍ത്തി പിടിക്കാന്‍ വേണ്ടിയാണത്രേ ഈ കോലാഹലങ്ങള്‍ മുഴുവനും ..!! എന്തായാലും നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷം ബീഹാര്‍, ഒറീസ്സ ,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസികളുടെയും രാജ്യം ഒട്ടുക്കുമുള്ള ദരിദ്ര നാരായണന്മാരുടെയും ആത്മാഭിമാനം വാനോളം ഉയര്‍ന്നുവത്രേ !!! അവരൊക്കെ ഇപ്പോള്‍ തല ഉയര്‍ത്തി അന്തസ്സോടെയാണ് നടക്കുന്നത് എന്നാണ് കേള്‍വി!! ഇന്ത്യയില്‍ ജനിച്ചതു കൊണ്ട് അഭിമാനപുളകിതര്‍ ആണവര്‍….!!ദരിദ്രരായി ജനിച്ചു ദരിദ്രരായി ജീവിച്ചു ദരിദ്രരായി മരിക്കുന്ന ലക്ഷകണക്കിന് ഇന്ത്യക്കാര്‍ക്ക് ആത്മാഭിമാനം ആണല്ലോ എറ്റവും വലുത്.!. ഭക്ഷണവും പാര്‍പ്പിടവും ആരോഗ്യവുമൊക്കെ ആര്‍ക്ക് വേണം ?.രാവിലെയും ഉച്ചക്കും വൈകീട്ടും ആത്മാഭിമാനം വയറു നിറയെ കഴിച്ചു ഏബക്കവും വിട്ടു, രാത്രിയായാല്‍ ആത്മാഭിമാനം ശരീരത്തില്‍ പുതച്ചു റോഡരുകില്‍ കിടന്നുറങ്ങുമ്പോള്‍ , ഏതെങ്കിലും അബാനിമാരുടെ വണ്ടി ചക്രങ്ങള്‍ക്കടിയില്‍പെട്ട് മരിക്കുമ്പോള്‍ ഓരോ ഇന്ത്യക്കാരനും കിട്ടുന്ന ആത്മനിര്‍വൃതി പറഞ്ഞറിയിക്കാന്‍ ആവാത്തതാണ് …..
കുളിച്ചില്ലെങ്കിലും കോണകം പുര പുറത്തു തന്നെ കിടക്കണം .മാലോകര്‍ കാണട്ടെ . 5 വര്‍ഷം കഴിയുമ്പോള്‍ ഈ പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളുടെ ചിലവുകള്‍ പുറത്തു വരും .ആ സംഖ്യയിലെ പൂജ്യങ്ങള്‍ എണ്ണി ഇന്ത്യക്കാര്‍ നക്ഷത്രമെണ്ണി പോകും!!! .ശക്തമായ പ്രതിപക്ഷം ഇല്ലത്തതിനാലും , കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തി ല്‍ നിന്ന്ഉയര്‍ത്തെഴുന്നേറ്റ് ശക്തി പ്രാപിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയ്യാത്തതിനാലും അടുത്ത തെരഞ്ഞടുപ്പിലും ,മോദിജി തന്നെ വിജയിച്ചു രാജ്യം ഭരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ കാര്യം ഏകദേശം ഒരു തീരുമാനമാകും . ഇപ്പോള്‍ തന്നെ അദാനിയുടെയും അബാനിയുടെയും തോളില്‍ കൈയിട്ടു സാധാരണക്കാരനെ നോക്കി പല്ലിളിച്ചു കാണിക്കുന്ന മോഡി, അടുത്ത തെരഞ്ഞെടുപ്പിലും വിജയിച്ചാല്‍ സാധാരണ പൌരന്റെ തലയില്‍ കയറി ഇരിക്കുമെന്നതില്‍ സംശയമെന്ത് ? 

കഴിഞ്ഞ 15 ദിവസം കൊണ്ട് പെട്രോള്‍ വില 7 രൂപയാണ് വര്‍ദ്ധിച്ചത്. ലോകത്ത് മിക്ക രാജ്യങ്ങളിലും തന്നെ ഇന്ത്യയെക്കാള്‍ വിലകുറവിനാണ് പെട്രോളും ഡീസലും ജനങ്ങള്‍ക്ക് വില്‍ക്കുന്നത്. കര്‍ഷകരേയും ഗ്രാമങ്ങളെയും ഉദ്ധരിക്കാന്‍ ശ്രമിച്ച ഗാന്ധിജിയുടെ നേരെ എതിര്‍ ദിശയിലേക്കാണ് മോഡിയുടെ നടപ്പ് വ്യവസായികളിലെക്കും നഗരങ്ങളിലേക്കും. നാളെ ശാസ്ത്രം ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന വിവിധ ഇനം ഗുളികകള്‍ വികസിപ്പിച്ചെടുത്തു വിപണിയി ല്‍ സുലഭമാകിയാല്‍ പിന്നെ ,കര്‍ഷകരെ ആര്‍ക്കും വേണ്ടിവരില്ല .കര്‍ഷകര്‍ക്കും അവര്‍ മണ്ണില്‍ പണിയെടുത്തു ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ക്കും ഇപ്പോഴുള്ള പ്രാധാന്യം പോലും പിന്നെ കിട്ടുകയില്ല …അങ്ങനെ ആഗോളവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ശക്തമായ കുത്തൊഴുക്കില്‍ പെട്ടു രാജ്യത്തെ കര്‍ഷകര്‍ ഒലിച്ചു പോകും.. അവരുടെ നിലവിളിയുടെ ശബ്ദം കേള്‍ക്കാന്‍ പോലും ആരുമുണ്ടാവില്ല .അങ്ങനെ ധാരാളം ഗജേന്ദ്രമാര്‍ കയറുമായി മരങ്ങള്‍ കയറാന്‍ തുടങ്ങും ..അപ്പോള്‍ അംബാനിമാര്‍ അവര്‍ക്കുള്ള കയറുകള്‍ രൂപപെടുത്തുന്ന തിരക്കിലായിരിക്കും!.വര്‍ഷങ്ങള്‍ കഴിയുന്തോറും വ്യവസായികലുടെയും കോടീശ്വരന്മാരുടെ യും എണ്ണം ലോക സഭയിലും രാജ്യ സഭയിലും വര്‍ധിച്ചു വരുന്നത് സാധാരണക്കാര്‍ ക്കും കര്‍ഷ്‌കര്‍ക്കുമുള്ള ദുസൂചനയാണ്. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ പോലും മുഴങ്ങി കേള്‍ക്കാതെ വരും.

അങ്ങനെ ഒരു വശത്ത് പാര്‍ശ്വ വല്ക്കരിക്കപെട്ട കര്‍ഷകരും സാധാരണ പൌരന്മാരും, മറു വശത്ത് കുത്തക മുതലാളിമാരും രൂപപെടും. ഉള്ളവനും ഇല്ലാത്തവനും തമ്മില്ലുള്ള അന്തരം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ , കര്‍ഷക ആത്മഹത്യകള്‍ ഒരു വാര്‍ത്ത പോലും അല്ലാതെ ആകും .എന്നാല്‍ കുത്തക മുതലാളിമാരുടെയും സമ്പന്നരുടെയും ഭാര്യമാരുടെ പ്രസവവും കുഞ്ഞിനു പേരിടലും വലിയ വാര്‍ത്ത പ്രാധാന്യം നേടും .അങ്ങനെ രാജ്യം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരുനാള്‍ മോഡി പ്രഖ്യപിക്കും ..!!

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമാനത്താവളത്തില്‍ സ്ഥിരമായി നിര്‍ത്തിയിരിക്കുകയാണെന്നു തോന്നുന്നു . മോഡി വിദേശ രാജ്യങ്ങള്‍ കാണാന്‍ വിമാനത്തില്‍ കയറുമ്പോള്‍ ‘ടാറ്റാ bye ബൈ’ പറയാനും സന്ദ്ര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ പൂച്ചെണ്ട് നല്‍കി ‘ welcome to india’ എന്ന് പറയാനും കുറച്ചുപേര്‍ വേണമല്ലോ . ‘പ്രധാന മന്ത്രിയുടെ വിദേശയാത്ര മന്ത്രി’ എന്ന ഒരു കാബിനറ്റ് പദവിയും ഉടന്‍ പ്രതീക്ഷിക്കാം . 

കണ്ടു തീര്‍ക്കാന്‍ രാജ്യങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ മോദി ഒരു പക്ഷെ ലോകത്തില്‍ ആദ്യമായി ബഹിരാകാശ യാത്ര നടത്തുന്ന പ്രധാനമന്ത്രിയാകാന്‍ കൊതിച്ചേക്കും !!ഒരു കോളജു കുമാരന്റെ മനസ്സോടെ വിദേശ രാജ്യങ്ങളില്‍ ഉല്ലാസയാത്രകള്‍ നടത്തി ,കുപ്പായങ്ങളില്‍ പേര് തുന്നി ചേര്‍ത്തു, പുതിയ പുതിയ വസ്ത്രങ്ങള്‍ ധരിച്ചു, സെല്‍ഫിയെടുത്തു നടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനം ഉയര്‍ത്തട്ടെ !! നമുക്ക് കയറുകള്‍ തേടി നടക്കാം ….!! മരങ്ങള്‍ തേടി നടക്കാം ,… !!
സെബി സെബാസ്റ്റ്യന്‍, സെല്‍ബ്രിഡ്ജ് 

Scroll To Top