Friday August 18, 2017
Latest Updates

നരേന്ദ്ര മോഡിയ്ക്ക് എം എ ബിരുദമുണ്ടോ?വിവാദം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിടിയ്ക്കുന്നു, മോഡി കള്ളം പ്രചരിപ്പിച്ചെന്ന് ആരോപണം 

നരേന്ദ്ര മോഡിയ്ക്ക് എം എ ബിരുദമുണ്ടോ?വിവാദം പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിടിയ്ക്കുന്നു, മോഡി കള്ളം പ്രചരിപ്പിച്ചെന്ന് ആരോപണം 

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചുള്ള വിവാദം പുകയുന്നു.പ്രധാനമന്ത്രിയ്ക്ക് എം എ ബിരുദം ഉണ്ടെന്നു അവകാശപ്പെട്ട് പ്രചരണം നടത്തിയ ശേഷം ഇപ്പോള്‍ ബിരുദം അപ്രത്യക്ഷമായതിനെ ചൊല്ലിയാണ് മാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുന്നത്.

ഡല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ സിങ് തോമര്‍ വ്യാജ ബിരുദക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാടകീയമായ മാറ്റങ്ങള്‍ വന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ വ്യക്തിഗത വിവരങ്ങളില്‍ അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം പൂര്‍ത്തിയാക്കി എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. 2015 മെയില്‍ ഈ വിവരം ഉണ്ടെങ്കില്‍ ജൂണ്‍ മുതല്‍ ഇത് അപ്രത്യക്ഷമായിട്ടുണ്ട് (വെബ്‌സൈറ്റിലെ  ആര്‍ക്കൈവ്‌സില്‍ ഈ വിവരം ലഭ്യമാണ്). 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എം.എ ഡിഗ്രിയുണ്ടെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക വെബ്‌സൈറ്റില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയില്‍ വിദ്യാഭ്യാസത്തെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അതിങ്ങനെയാണ്; 1967ല്‍ വഡനഗറില്‍ നിന്ന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1978ല്‍ ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിലൂടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം സ്വീകരിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷം ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. 2014ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പറയുന്നത് ഇപ്രകാരം തന്നെ. 1967ല്‍ എസ്.എസ്.എസും 1978ല്‍ ബിരുദവും 1983ല്‍ അഹമ്മദാബാദിലെ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ജൂലൈയില്‍ സമര്‍പ്പിച്ച അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. ഗുജറാത്തില്‍ നിന്നുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണ് വിവരങ്ങള്‍ ആരാഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞിട്ടും പി.എം.ഒ മറുപടി തരാത്ത സാഹചര്യത്തില്‍ ആക്ടിവിസ്റ്റ് അപ്പലേറ്റ് അതോറിറ്റിയെ സമീപിച്ചെങ്കിലും അവിടെ നിന്നും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. അതിനു പിന്നാലെ, ഡിഗ്രി ദിഖാഓ പി.എം സാബ് (ബഹുമാനപ്പെട്ട പ്രധാനമന്ത്രീ, ബിരുദം കാണിക്കൂ) എന്ന ഹാഷ്ടാഗ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. അപേക്ഷയ്ക്ക് ആര്‍ക്കെങ്കിലും മറുപടി കിട്ടിയാല്‍ താന്‍ തലമുണ്ഡനം ചെയ്യുമെന്നായിരുന്നു സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റും ശ്രദ്ധേയമായി. യശോധാബെന്നിനെ (മോദിയുടെ ഭാര്യ) കുറിച്ചും വിദേശ യാത്രാ ചെലവിനെ കുറിച്ചും നേരത്തെ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളും തിരസ്‌കരിക്കപ്പെട്ടു എന്നായിരുന്നു സര്‍ദേശായിയുടെ ട്വീറ്റ്.

2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ആദ്യം വിവരാവകാശ അപേക്ഷ സമര്‍പ്പിക്കപ്പെട്ടത്. ഏതു തിയ്യതിയാണ് നരേന്ദ്രമോദി എം.എയ്ക്ക് എന്റോള്‍ ചെയ്തത്?, അദ്ദേഹം അപേക്ഷ സമര്‍പ്പിച്ച കോളജിന്റെ പേരും വിലാസവും നല്‍കുമോ?, ഹാജര്‍ നില എത്ര?, എന്നാണ് എം.എ പഠനം പൂര്‍ത്തിയാക്കിയത്?, സഹപാഠികളുടെ പേരും വിവരവും നല്‍കാമോ? എന്നിവയായിരുന്നു ചോദ്യങ്ങള്‍. 2013 മെയ് 22ന് സമര്‍പ്പിച്ച ആ അപേക്ഷയില്‍ ഉത്തരമുണ്ടായില്ല. സമാന സ്വഭാവമുള്ള അപേക്ഷയാണ് പി.എം.ഒയ്ക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങളാണ് പൊതുവെ വിവരാവകാശ അപേക്ഷകളില്‍ ഉത്തരം കിട്ടാതെ പോകുന്നത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ദേശസുരക്ഷയുടെ ഏതു വിഭാഗത്തിലാണ് ഉള്‍പ്പെടുക എന്ന് അറിയാന്‍ രാജ്യത്തെ പൗരന് അവകാശമുണ്ട് എന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

കേന്ദ്രമന്ത്രിസഭയില്‍ വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്നത്. വിദ്യാഭ്യാസം ഇല്ലാതിരിക്കുന്നത് തീര്‍ച്ചയായും ഒരു തെറ്റല്ല. പക്ഷേ, അതുണ്ട് എന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെയും രാജ്യത്തെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് നൂറാവര്‍ത്തി തെറ്റാണ് എന്ന നിലപാടുമായി പ്രതിപക്ഷ നേതാക്കള്‍ അടക്കം രംഗത്ത് വന്നത് മോഡിയെ ആകുലനാക്കുമെന്നത് തീര്‍ച്ചയാണ്.


Scroll To Top