Wednesday December 07, 2016
Latest Updates

അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിനും ജയസൂര്യക്കും ഇന്ദ്രജിത്തിനുമൊപ്പം നമിതാ പ്രമോദ്

അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിനും ജയസൂര്യക്കും ഇന്ദ്രജിത്തിനുമൊപ്പം നമിതാ പ്രമോദ്

അമര്‍ അക്ബര്‍ ആന്റണി എന്ന പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ നായികയെ തീരുമാനിച്ചു. വിക്രമാദിത്യന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. നേരത്തെ വേദിക ചിത്രത്തിലെ നായികയായേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും അവസാന നിമിഷം നമിതയെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. റോളിന് പറ്റിയ താരം വേദികയേക്കാള്‍ നമിതയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നമിതയെ നായികയാക്കിയതെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു.

ചിത്രത്തില്‍ ഒരു നര്‍ത്തകിയുടെ റോളിലാണ് നമിത അഭിനയിക്കുന്നത്. നാളുകള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ കേട്ടതാണെന്നും, കേട്ടപ്പോള്‍ തന്നെ കഥ ഇഷ്ടപ്പെട്ടിരുന്നുവെന്നും നമിതാ പ്രമോദ് പറഞ്ഞു. നേരത്തെ ലാല്‍ ജോസ് സംവിധാനം ചെയ്ത പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ നമിത ഒരു നര്‍ത്തകിയുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാണ് നമിതയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. സിനിമയുടെ ട്രെയിലറിലെ സൂചന പ്രകാരം നമിത ഈ ചിത്രത്തിലും ഒരു നര്‍ത്തകയുടെ റോളിലാണ് അഭിനയിക്കുന്നത്.

മെയ് നാലിന് കൊച്ചിയില്‍ അമര്‍ അക്ബര്‍ ആന്റണിയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ശ്രിന്ധ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ ലീഡ് വേഷത്തില്‍ അഭിനയിക്കുന്ന പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ഇതിന് മുന്‍പും ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കലാല രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞെത്തിയ ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സ്. ആ ചിത്രത്തില്‍ നായിക കാവ്യാ മാധവനായിരുന്നു. മികച്ച കഥ, ജനപ്രീയ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരവും ക്ലാസ്‌മേറ്റ്‌സിന് ലഭിച്ചിരുന്നു. ക്ലാസ്‌മേറ്റ്‌സിലെ മൂന്ന് നായകന്മാരും വീണ്ടും ഒന്നിക്കുമ്പോള്‍ മലയാളികള്‍ക്ക് പ്രതിക്ഷ അധികമാണ്.

അമര്‍ അക്ബര്‍ ആന്റണി അമിതാഭ് ബച്ചന്‍, വിനോദ് ഖന്ന, റിഷി കപൂര്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ബോളിവുഡ് ചിത്രമാണ്. എന്നാല്‍ പേരില്‍ അല്ലാതെ സിനിമയുടെ പ്രമേയവുമായി യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലുള്ള ചിത്രമാണ് താന്‍ ഒരുക്കുന്നതെന്നും നാദിര്‍ഷ പറഞ്ഞു.

നവാഗതരായ ബിപിന്‍, വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപദ് ദേവാണ് സംഗീതം.

Scroll To Top