Friday August 18, 2017
Latest Updates

അയര്‍ലണ്ടിലെ ഭവനവില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു,നാമ ആവശ്യക്കാര്‍ക്ക് വീട് പണിത് നല്‍കിയേക്കും 

അയര്‍ലണ്ടിലെ ഭവനവില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു,നാമ ആവശ്യക്കാര്‍ക്ക് വീട് പണിത് നല്‍കിയേക്കും 

ഡബ്ലിന്‍:കുതിച്ചുയരുന്ന ഭവനവിലകള്‍ പിടിച്ചു നിര്‍ത്താനും,ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുമായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കൈവശം വെച്ചിരിക്കുന്ന ഭൂമി, വീടുകള്‍ വെയ്ക്കാനുള്ള ആവശ്യത്തിന് പൊതുജനങ്ങള്‍ക്കായി വിട്ടു നല്‍കാനുള്ള പദ്ധതികള്‍ക്കായുള്ള ചര്‍ച്ചകള്‍ ധനകാര്യമന്ത്രി മൈക്കില്‍ നൂനന്റെ നേതൃത്വത്തില്‍ തുടങ്ങി കഴിഞ്ഞു. ബാങ്ക് തകര്‍ച്ചയുടെ കാലത്താണ് കൂടുതല്‍ വീടുകള്‍ വെയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഭവനനിര്‍മ്മാണത്തിന് അനുമതി ലഭിച്ച ഏക്കര്‍ കണക്കിന് ഭൂമി സര്‍ക്കാര്‍ രൂപീകരിച്ച ഏജന്‍സിയായ നാമയ്ക്ക് കൈമാറുകയും ചെയ്തത്.

ഭവന പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കാനായി ഇത്തരം ഭൂമി ഉപയോഗിക്കണമെന്നാണ് ധനകാര്യമന്ത്രിയുടെ നിര്‍ദേശം.ഇതനുസരിച്ചു മോര്‍ട്ട്‌ഗേജ് മുടക്കിയ വന്‍കിടക്കാര്‍ അടക്കമുള്ള കടക്കാരില്‍ നിന്നും വീടുകള്‍ പിടിച്ചെടുത്തോ വാങ്ങിയോ കടമിടപാടുകള്‍ തീര്‍ക്കുക എന്ന നിലവിലുള്ള കടമയില്‍ നിന്നും ,വീടില്ലാത്തവര്‍ക്ക് വീടുകള്‍ പണിതു കൈമാറാനുള്ള ഒരു സമിതിയാക്കി നാമയെ മാറ്റാനുള്ള പ്രഖ്യാപനം മൈക്കില്‍ നൂനന്‍ അടുത്ത മാസത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍.

ഇപ്പോള്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് മാത്രം സേവനം ലഭ്യമായ നാമയുടെ പ്രവര്‍ത്തനം ആവശ്യക്കാരായ ഏവര്‍ക്കും ന്യായ വിലയ്ക്ക് വീടുകള്‍ നല്‍കുന്നതിനായി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

നിലവില്‍ നാമയുടെ കൈവശമുള്ള പ്രൊപ്പര്‍ട്ടികള്‍ പൊതു മാര്‍ക്കറ്റില്‍ നിന്നും വിലക്കൂടുതല്‍ കാരണം വീടുകള്‍ വാങ്ങാനാവാത്ത കുടുംബങ്ങള്‍ക്ക് വില്‍പ്പന ചെയ്യാന്‍ അനുവദിക്കും എന്ന ധാരണയും സര്‍ക്കാര്‍ തലത്തില്‍ അംഗീകരിപ്പിക്കാന്‍ വേണ്ടി നൂനന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.ഇത് പ്രാബല്യത്തിലായാല്‍ നാമയുടെ കൈവശമുള്ള ആയിരക്കണക്കിന് പ്രൊപ്പര്‍ട്ടികല്‍ പൊതു ജനങ്ങള്‍ക്ക് വാങ്ങാനായി മാര്‍ക്കറ്റില്‍ എത്തും.വില വര്‍ധനവ് പ്രതീക്ഷിച്ചു വില്‍ക്കാതെ കിടക്കുന്ന വീടുകളും വില്‍പ്പന നടത്താന്‍ ഏജന്റുമാരും വീട്ടുടമകളും നിര്‍ബന്ധിതരാവും.

ഇതിനു വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന നയരൂപരേഖ അനുസരിച്ച് രാജ്യത്തെ നഴ്‌സുമാരും,അധ്യാപകരും,ഐ ടി ജീവനക്കാരും അടക്കമുള്ള ജനവിഭാഗത്തിന് വിലക്കൂടുതല്‍ കാരണം ഭവനമാര്‍ക്കറ്റില്‍ ഇടപെടാനാവുന്നില്ലെന്ന് പറയുന്നു.നിലവില്‍ നാമയ്ക്കുള്ള ആസ്തിയും,കൈവശമുള്ള ലാന്‍ഡ് ബാങ്കും,പ്രൊപ്പര്‍റ്റി ഡവലപ്പെഴ്‌സുമായുള്ള ബന്ധവും ഉപയോഗിച്ച് നാമയെ ഒരു ഹൗസിങ്ങ് ഡവലപ്‌മെന്റ് എജന്‍സിയാക്കി മാറ്റണമെന്നാണ് കഴിഞ്ഞ ദിവസം ഭരണകക്ഷിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ മൈക്കിള്‍ നൂനന്‍ പറഞ്ഞത്.

വീടുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമെങ്കില്‍ പുതിയ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായി അവ കണ്ടെത്താന്‍ ധനകാര്യ വകുപ്പ് നാമയോട് ആവശ്യപ്പെട്ടു കഴിഞ്ഞു.ഡബ്ലിന്‍,കോര്‍ക്ക്,ഗാള്‍വേ നഗരങ്ങളില്‍ ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്..

നാമയെ വീടുകള്‍ പണിത് ആവശ്യക്കാര്‍ക്ക് നല്‍കുന്ന ഏജന്‍സിയാക്കി മാറ്റണമെന്ന് മന്ത്രി ലിയോ വരേദ്കറും ഇന്ന് രാവിലെ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.യഥേഷ്ട്ടം മൂലധനമുള്ള നാമയെ ക്രീയാത്മകമാക്കിയാല്‍ ഭവനപ്രതിസന്ധിയ്ക്ക് നൊടിയിട കൊണ്ട് പരിഹാരം കാണവുന്നതേയുള്ളൂ.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷങ്ങളില്‍ ഭവനനിര്‍മ്മാണം നടക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് വഴി തെളിച്ചത്.എത്രയും വേഗം ആവശ്യമായ വീടുകള്‍ പണിയുക എന്നത് മാത്രമാണ് പരിഹാരം’.വരേദ്കര്‍ പറഞ്ഞു.

സര്‍ക്കാര്‍ അടുത്തമാസത്തെ ബജറ്റില്‍ ഇത് സംബന്ധിച്ച കൃത്യമായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഭവനമേഖലയിലെ വിദഗ്ദര്‍ നല്കുന്ന സൂചനകള്‍.


Scroll To Top