Friday June 22, 2018
Latest Updates

സ്നോയില്‍ പുതച്ച് അയര്‍ലണ്ട് :ഡബ്ലിനും,കോര്‍ക്കും ഒഴികെയുള്ള നഗരങ്ങളില്‍  ജനജീവിതത്തെ ബാധിച്ചു, മഞ്ഞുവീഴ്ച്ച തുടരുമെന്ന് മെറ്റ് എറാന്‍ 

സ്നോയില്‍ പുതച്ച് അയര്‍ലണ്ട് :ഡബ്ലിനും,കോര്‍ക്കും ഒഴികെയുള്ള നഗരങ്ങളില്‍  ജനജീവിതത്തെ ബാധിച്ചു, മഞ്ഞുവീഴ്ച്ച തുടരുമെന്ന് മെറ്റ് എറാന്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ മിക്ക കൗണ്ടികളിലും കനത്ത മഞ്ഞുവീഴ്ച.ഉള്‍കൗണ്ടികളെല്ലാം മഞ്ഞിന്റെ കുളിരില്‍ തണുത്തുവിറച്ചപ്പോള്‍ പ്രധാനനഗരങ്ങളായ ഡബ്ലിനിലും,കോര്‍ക്കിലും സ്‌നോ പ്രവേശിച്ചതേയില്ല.

അതിശൈത്യത്തെയും,സ്‌നോയെയും തുടര്‍ന്ന് അയര്‍ലണ്ടിലെ പ്രധാന ബസ്, ട്രെയിന്‍ സര്‍വീസുകളില്‍ ചിലത് റദ്ദാക്കി.ഡബ്ലിനില്‍ നിന്നും ഇംഗ്‌ളണ്ടിലേയ്ക്ക് സര്‍വീസ് നടത്തുന്ന നിരവധി വിമാനങ്ങള്‍ റദ്ധാക്കിയിട്ടുണ്ട്.

മഞ്ഞു വീഴ്ച അടുത്ത ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ യെല്ലോ ,ഓറഞ്ച് മുന്നറിയിപ്പുകള്‍ വഴി നല്‍കിയിട്ടുണ്ട്.താപനില മൈനസ് എട്ടിലെത്തിയതിനാല്‍ റോഡുകളും നടപ്പാതകളുമെല്ലാം മഞ്ഞ് മൂടിയ നിലയിലാണ്. രാത്രി എട്ടുമുതല്‍ ഇന്ന് രാവിലെ 10വരെയാണ് രാജ്യവ്യാപകമായി യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വന്‍തോതില്‍ തുടര്‍ച്ചയായി പൊഴിയുന്ന മഞ്ഞുമൂലം രാത്രിയില്‍ താപനില വളരെ കുറഞ്ഞ നിലയിലാകുമെന്ന് മെറ്റ് എറാന്‍ പറയുന്നു.ഏറ്റവും കുറഞ്ഞ താപനില 2 മുതല്‍ 8 ഡിഗ്രി വരെയായിരിക്കും.

വെസ്റ്റ് കണക്റ്റ്, ലിന്‍സ്റ്റര്‍, അള്‍സ്റ്റര്‍ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും തണുപ്പ് അനുഭവപ്പെടുന്നത്.കാര്‍ലോ,കില്‍ക്കെനി,പോര്‍ട്ട് ലീഷ്,വെക്സ്ഫോര്‍ഡ്,വാട്ടര്‍ഫോര്‍ഡ്, വിക്ലോ, ഓഫലി, ക്ലയര്‍, കെറി, ലിമെറിക്ക്, ടിപ്പറി, വാട്ടര്‍ഫോര്‍ഡ് മേഖലകളിലും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യെല്ലോ മുന്നറിയിപ്പില്‍ മെറ്റ് എറാന്‍ പറയുന്നു.

യുകെയിലെ പ്രതികൂല കാലാവസ്ഥ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചതായി റിയാന്‍എയര്‍ അറിയിച്ചു.ഡബ്ലിന്‍-ലണ്ടന്‍ ലൂട്ടണ്‍, ലണ്ടന്‍ സ്റ്റാന്‍സ്റ്റെഡ് എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയാണ് ബാധിച്ചിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും പ്രസ്താവന അറിയിക്കുന്നു.പ്രതികൂല കാലാവസ്ഥ കാരണം വിമാനം റദ്ദാക്കാന്‍ നിര്‍ബന്ധിതരായെന്ന് എയര്‍ ലിംഗസ് പറഞ്ഞു.

മോശം കാലാവസ്ഥ മൂലം ട്രയിനുകള്‍ 25 മിനിറ്റ് വരെ വൈകുമെന്ന് ഐറീഷ് റെയിലും അറിയിച്ചു.കാര്‍ലോ പ്രദേശത്ത് ഡബ്ലിന്‍ ലൈനിലെ മഞ്ഞ് കാരണം വാട്ടര്‍ഫോര്‍ഡ് -ഡബ്ലിന്‍,ഡബ്ലിന്‍-കോണോല്ലി-ബെല്‍ഫാസ്റ്റ്, ഡബ്ലിന്‍- ഗോള്‍വേ ട്രയിനുകളാണ് വൈകുക.പ്രതികൂല കാലാവസ്ഥയാല്‍ബസ് സര്‍വീസുകളില്‍ ചിലത് തടസ്സപ്പെട്ടതായി ബസ് എറാന്‍  അറിയിച്ചു . ഭൂരിഭാഗം റൂട്ടുകളിലും കാലാവസ്ഥ ‘ബാധിച്ചിട്ടില്ലെന്നും അവര്‍ അറിയിച്ചു.

ഫോട്ടോ:സാജു മാടമന വെക്‌സ് ഫോര്‍ഡ് ,ഷാജി പി ജോണ്‍ വാട്ടര്‍ഫോര്‍ഡ്

Scroll To Top