Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ സെമിനാരിയില്‍ ‘സ്വവര്‍ഗ’ വിവാദം നിലയ്ക്കുന്നില്ല,മെയ്നൂത്ത് സെമിനാരി അടച്ചു പൂട്ടണമെന്ന് പറയാതെ പറഞ്ഞ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ,ഡബ്ലിന്‍ അതിരൂപത സെമിനാരിക്കാരെ റോമിലേക്ക് അയയ്ക്കുന്നു

അയര്‍ലണ്ടിലെ സെമിനാരിയില്‍ ‘സ്വവര്‍ഗ’ വിവാദം നിലയ്ക്കുന്നില്ല,മെയ്നൂത്ത് സെമിനാരി അടച്ചു പൂട്ടണമെന്ന് പറയാതെ പറഞ്ഞ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ,ഡബ്ലിന്‍ അതിരൂപത സെമിനാരിക്കാരെ റോമിലേക്ക് അയയ്ക്കുന്നു

ഡബ്ലിന്‍:മെയ്നൂത്ത് സെമിനാരി കോളജില്‍ വീണ്ടും വിവാദം. കോളജില്‍ സ്വവര്‍ഗ ലൈംഗികാഭിമുഖ്യമുള്ളവരുടെ എണ്ണം കൂടുന്നു എന്ന് വിവാദമുയര്‍ന്നതിനു പിന്നാലെ മൈനൂത്തില്‍ നിന്നും ഡബ്ലിന്‍ അതിരൂപതയ്ക്ക് വേണ്ടി വൈദീക പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്നു സെമിനാരി വിദ്യാര്‍ഥികളെ റോമിലേക്ക് മാറ്റി.

കോളജിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് ഇവിടേയ്ക്ക് വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ അയയ്ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡയര്‍മയ്ഡ് മാര്‍ട്ടിന്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ മറ്റ് ബിഷപ്പുമാര്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്ന രീതിയില്‍ പ്രതികരിക്കുകയായിരുന്നു ചെയ്തത്.

എന്നാല്‍ ഇന്ന് ആര്‍ ടി ഇ യില്‍ ഒരു പ്രോഗ്രാമില്‍ പങ്കെടുത്ത ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് വീണ്ടും മൈനൂത്ത് കോളജിനെതിരെ ആരോപണം ഉന്നയിച്ചു.
കൗണ്ടി കില്‍ഡെയറിലെ മെയ്നൂത്ത് നാഷണല്‍ സെമിനാരിയിലുണ്ടായ വിവാദങ്ങളില്‍ ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡയര്‍മെയ്ഡ് മാര്‍ട്ടിന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല വൈദിക പഠനത്തിന് പറ്റിയ ഇടമാണ് മെയ്നൂത്ത് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ബിഷപ്പ് പറഞ്ഞത്. സെമിനാരിയിലെ പലരും സ്വവര്‍ഗ ലൈംഗികതയില്‍ ഏര്‍പ്പെടുന്നു എന്ന വെളിപ്പെടുത്തല്‍ ഈയിടെയാണ് സഭാ കേന്ദ്രങ്ങളെ ഞെട്ടിച്ച് പുറത്തു വന്നത്.സ്വഭാവദൂഷ്യത്തിന്റെ പേരിലും സെമിനാരിക്ക് പഴി ലഭിച്ചിരുന്നു..

ഗേ ഡേറ്റിങ് ആപ്പ് ആയ ഗ്രിന്‍ഡര്‍ ഉപയോഗിച്ചതിന്റെ പേരില്‍ ഏതാനും വൈദിക വിദ്യാര്‍ത്ഥികളെ ഈയിടെ പുറത്താക്കിയിരുന്നു.

കോളജില്‍ സ്വവര്‍ഗ ലൈംഗികത ഒരു സംസ്‌കാരമായി വളര്‍ന്നിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ത്ഥി പറഞ്ഞതായി ആര്‍ടിഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കോളജിലെ അന്തരീക്ഷം ‘വിഷമയമാണ്’ എന്ന ആരോപണവുമായാണ് വൈദിക വിദ്യാര്‍ത്ഥി രംഗത്തെത്തിയത്. നേരത്തെയുണ്ടായിരുന്ന ആരോപണങ്ങളെയെല്ലാം കോളജ് അധികൃതര്‍ നിഷേധിച്ചിരുന്നു എന്നാല്‍ ബിഷപ്പുമാര്‍ ഇത് കണ്ടില്ലെന്നു നടിക്കുന്നുവെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. ഇത് തന്റെ മാത്രമല്ല, സെമിനാരിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായമാണെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.

‘സെമിനാരി വിദ്യാര്‍ഥികള്‍ ഗേ ഡേറ്റിങ് സൈറ്റുകളില്‍ പോകുന്നുണ്ട്.അവിടെന്തോ കുഴപ്പമുണ്ട്.എന്റെ വ്യക്തിപരമായ അഭിപ്രായം സെമിനാരികളിലെ പഠനത്തിന് പകരം സംവിധാനം വേണമെന്നാണ്.കമ്മ്യൂണിറ്റിയുടെ സഹായത്തോടെ വൈദീക പഠനം നിര്‍വഹിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവണം.മൈനൂത്ത് സെമിനാരി അടച്ചു പൂട്ടണമെന്ന് പറയാതെ പറഞ്ഞാണ് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ആര്‍ ടി ഇ പ്രോഗ്രാമില്‍ പങ്കെടുത്തത്.

അതേസമയം മെയ്നൂത്തിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ബിഷപ്പ് മാര്‍ട്ടിന്‍ മറ്റ് ബിഷപ്പുമാരില്‍ നിന്നും ഒറ്റപ്പെട്ടു. ഇവര്‍ കോളജിനെ പിന്തുണച്ച് രംഗത്തുവന്നു.

ഇന്നത്തെ ആര്‍ ടി ഇ പ്രോഗ്രാമില്‍ ഡബ്ലിന്‍ ആര്‍ച് ബിഷപ് പറഞ്ഞത് മറ്റു ബിഷപ്പ്മാര്‍ തന്നെ എതിര്‍ത്തുവെന്ന വാര്‍ത്ത ശരിയല്ലെന്നും തന്റെ വാദത്തെ അവര്‍ പിന്തുണയ്ക്കുണ്ട് എന്നുമാണ്.

Scroll To Top