Thursday December 08, 2016
Latest Updates

മ്യാന്മാര്‍ പുതിയ നേതൃത്വത്തിലേയ്ക്ക് , അധികാരം ആങ് സാന്‍ സ്യൂചിയ്ക്ക് തൊട്ടരികില്‍ 

മ്യാന്മാര്‍ പുതിയ നേതൃത്വത്തിലേയ്ക്ക് , അധികാരം ആങ് സാന്‍ സ്യൂചിയ്ക്ക് തൊട്ടരികില്‍ 

യാംഗോണ്‍: വര്‍ഷങ്ങള്‍ നീണ്ട പട്ടാള, ഏകാധിപത്യ ഭരണത്തിന് അന്ത്യംകുറിച്ച് മ്യാന്‍മര്‍ പുതിയ ചരിത്രം കുറിക്കുന്നു. 25 വര്‍ഷത്തിനുശേഷം നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.)വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.ഫലം പ്രഖ്യാപിച്ച ഉപരിസഭയിലെ 28 ല്‍ 25 സീറ്റുകളിലും ആങ് സാന്‍ സ്യൂചിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് വിജയിച്ചത്.

അധോസഭയില്‍ 45ല്‍ 44സീറ്റും നേടിക്കഴിഞ്ഞു. 70 ശതമാനം സീറ്റുകളിലും വിജയം നേടാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ഹിന്ദാഡയില്‍നിന്ന് ജനവിധി തേടിയ ഭരണകക്ഷിയുടെ ആക്ടിങ് ചെയര്‍മാന്‍ യു തേ ഒ അടക്കം പരാജയപ്പെട്ടു. യു.എസ്.ഡി.പി.യാണ് മ്യാമറില്‍ 2011 മുതല്‍ ഭരിക്കുന്നത്. സൈനിക പിന്തുണയുള്ള പാര്‍ട്ടിയില്‍ ഭൂരിഭാഗവും റിട്ട. സൈനിക ഉദ്യോഗസ്ഥരാണ്.സൈന്യം തയ്യാറാക്കിയതാണ് ഭരണഘടന.

25 ശതമാനം സീറ്റുകള്‍ സൈന്യത്തിനാണ്. അതുകൊണ്ടുതന്നെ പുതിയ സര്‍ക്കാറില്‍ പ്രധാന സ്ഥാനങ്ങളില്‍ മന്ത്രിമാരായി സൈനികസാന്നിധ്യം ഉണ്ടാവും. ഈ സാഹചര്യത്തില്‍ മത്സരിച്ച മൂന്നില്‍ രണ്ടുഭാഗം സീറ്റുകളിലും ജയിക്കേണ്ടത് എന്‍.എല്‍.ഡി.ക്ക് അനിവാര്യമാണ്.അതേസമയം, എന്‍.എല്‍.ഡി.ക്ക് ഭൂരിപക്ഷം ലഭിച്ചാലും നേതാവായ ആങ് സാന്‍ സ്യൂചിക്ക് പ്രസിഡന്റാകാന്‍ കഴിയില്ല.

സൈന്യം തയാറാക്കിയ ഭരണഘടനപ്രകാരം വിദേശ പൗരത്വമുള്ള മക്കളുള്ളവര്‍ക്ക് പ്രസിഡന്റാവാനാവില്ല. സ്യൂചിയുടെ മരിച്ചുപോയ ഭര്‍ത്താവും രണ്ടു മക്കളും ബ്രിട്ടീഷ് പൗരത്വമാണുള്ളവരാണ്. എന്‍.എല്‍.ഡി. അധികാരത്തിലെത്തിയാലും ഭരണഘടനയിലെ ഈ നിബന്ധന മാറ്റാന്‍ പ്രയാസമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടി മറ്റാരെയെങ്കിലും പ്രസിഡന്റു സ്ഥാനത്തേക്ക് നിര്‍ദേശിക്കാനാണ് സാധ്യത. പ്രസിഡന്റിനേക്കാളും മുകളിലാണ് താനെന്നാണ് സ്യൂചി തന്നെ വിശേഷിപ്പിക്കുന്നതും.

Scroll To Top