Thursday May 24, 2018
Latest Updates

എന്റെ ആദ്യത്തെ പ്രണയാഭ്യര്‍ഥന… അവസാനത്തെയും!!

എന്റെ ആദ്യത്തെ പ്രണയാഭ്യര്‍ഥന… അവസാനത്തെയും!!

നങ്കുലപോലെ ഇടതൂര്‍ന്ന് ചുരുണ്ട് താഴോട്ടു കിടക്കുന്ന കാര്‍കൂന്തലില്‍ തുളസികതിര്‍ ചൂടിയുള്ള അവളുടെ വരവുകണാന്‍ എന്നും രാവിലെ ക്ലാസ് മുറിയുടെ പ്രവേശന കവാടത്തില്‍ ഞാന്‍ കാത്തു നില്‍ക്കുമായിരുന്നു.തുമ്പപ്പൂ പോലും തോല്‍ക്കുന്ന പല്ലുകള്‍ കാട്ടിയുള്ള ആരെയും മയക്കുന്ന അവളുടെ ചിരി എന്നും എന്റെ ബലഹീനത ആയിരുന്നു.അവളുടെ വിടര്‍ന്ന കണ്ണുകളും, വലിയ കണ്ണടയും അവളെ കൂടുതല്‍ സുന്ദരിയാക്കി. എന്നും കുളിച്ച് കുറിതൊട്ട് വരുന്ന അവളുടെ പ്രസന്നമായ മുഖം എന്നെ അവളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു.

കൂട്ടുകാരികളുമൊത്ത് അവള്‍ ഒഴിവുസമയം ചിലവഴിക്കുമ്പോള്‍ അവളറിയാതെ അവളിലെ സൌന്ദര്യം ഞാന്‍ ആസ്വദിച്ചിരുന്നു.ചുരുക്കത്തില്‍ പറഞ്ഞാല്‍ ക്ലാസിലായാലും പുറത്തായാലും എന്റെ കണ്ണുകള്‍ എപ്പോഴും അവളിലായിരുന്നു…ഞാന്‍ അവളോട് സംസാരിക്കാനും കൂടുതല്‍ അടുത്ത് ഇടപഴകാനും ശ്രമിച്ചുകൊണ്ടേയിരുന്നു. പതുക്കെ പതുക്കെ അത് ഫലം കണ്ടുതുടങ്ങി, അവളും എന്നോട് സംസാരിച്ച് തുടങ്ങി എന്നത് എന്നില്‍ കൂടുതല്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. അവളെ കുറിച്ചുള്ള സ്വപ്നങ്ങളുമായി ദിവസങ്ങള്‍ തള്ളിനീക്കി….

അവസാനം ഞാന്‍ എന്റെ ഇഷ്ട്ടം അവളോട് പറയാന്‍ തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട ഗൃഹപാടത്തിനും ഒരുക്കങ്ങള്‍ക്കും ശേഷം ഒരു ദിവസം ധൈര്യം സംഭരിച്ച് അവളോട് പറയാന്‍ ഉറച്ച് അന്ന് ഞാന്‍ ക്ലാസില്‍ പതിവിലും നേരത്തേ ചെന്നു. വളരെ യാദൃശ്ചികമെന്നോണം അവളും അന്ന് നേരത്തേ വന്നു. അത് എനിക്കൊരു നിമിത്തമായ് തോന്നി. ക്ലാസില്‍ കുട്ടികള്‍ എത്തി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ഉള്‍പെടെ ആറോ,ഏഴോ പേരേ ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ.

പതിവുപോലെ ഞാന്‍ അവളുടെ അടുത്ത് ചെന്ന് കുശലാന്ന്വേഷണങ്ങള്‍ നടത്തി…അനുകൂല സാഹചര്യം വന്നപ്പോള്‍ ഞാന്‍ അവളോട് മറ്റാരും കേള്‍ക്കാതെ താഴ്ന്ന ശബ്ദത്തില്‍ എന്റെ ഇഷ്ട്ടം ഇപ്രകാരം പറഞ്ഞു.

‘എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ്, ഐ ലവ് യു’, ‘ നിനക്ക് എന്നെ ഇഷ്ട്ടമാണോ’??

ഒരു അനുകൂല മറുപടി പ്രതീക്ഷിച്ചു നിന്ന എന്നെ അന്ധാളിപ്പിച്ചുകൊണ്ട്, ഏതാണ്ട് ചാണകത്തില്‍ ചവിട്ടിയ മുഖഭാവത്തോടെ ചാടി എണീറ്റ അവള്‍ എന്നോട് അലറി…’ അയ്യേ എനിക്കെങ്ങും ഇഷ്ട്ടല്ല…. നിന്റെ രൂപം എന്തൂട്ടാ..?? കല്ലനൊ അതോ മല്ലനോ ??. നിന്നെ എനിക്ക് ഇഷ്ട്ടമേ അല്ല…. ഒന്ന് പോയേ… അല്ലെങ്കില്‍ ഞാന്‍ എന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും !!!’.
അപ്രതീക്ഷിതമായ അവളുടെ അലര്‍ച്ചയും മുഖഭാവവും കുറച്ചു നേരത്തേക്കെങ്കിലും എന്റെ കണ്ണുകളില്‍ ഇരുട്ട് നിറച്ചു. ചുറ്റും ഉള്ളത് ഒന്നും എനിക്ക് കാണാന്‍ സാധിച്ചില്ല…ചുറ്റും ഇരുട്ട്…കൂറ്റാ കൂരിരുട്ട്..നിമിഷ നേരം കൊണ്ട് ഒരു ശാലീന സുന്ദരിക്ക് രാക്ഷസീരൂപം പ്രാപിക്കാന്‍ സാധിക്കും എന്ന് എനിക്ക് അന്ന് മനസിലായീ. അല്ലെങ്കിലും പ്രേമം സിനിമയിലെ ‘മരഭൂതത്തിന്റെ’ മോന്തയുള്ള എനിക്ക് അങ്ങനെ തന്നെ വേണമായിരുന്നു…അവളെ കുറിച്ച് ഞാന്‍ മനസ്സില്‍ കെട്ടിപൊക്കിയ സ്വപ്നക്കൂടാരങ്ങള്‍ എല്ലാം നിമിഷനേരം കൊണ്ട് ധിം !!! എല്ലാം തകര്‍ന്നു തരിപ്പണം ആയീ….. എന്റെ കണ്ണില്‍ ഉരുണ്ടു കൂടിയ ഇരുട്ട് മാറിയപ്പോഴേക്കും ക്ലാസിലെ കുട്ടികളെല്ലാം എനിക്ക് ചുറ്റും ഉണ്ടായിരുന്നു.
നാണക്കേട് മറയ്ക്കാനായി ധൈര്യസമേതം ഞാന്‍ വീണ്ടും അവളോട് ചോദിച്ചു, ‘ എനിക്ക് എന്താണ് ഒരു കുറവ് ‘??. ചീറ്റപുലിയുടെ ശൌര്യത്തോടെ അവള്‍ എന്റെ നേര്‍ക്ക് തിരിഞ്ഞ്, ശവത്തില്‍ കുത്തുന്നതുപോലെ പറഞ്ഞു…. ‘നിനക്ക് ഒരേ ഒരു കുറവേ ഉള്ളൂ….. ഒരു വാലിന്റെ ‘!!!. അത് കേട്ട് ക്ലാസിലുള്ള കുട്ടികളെല്ലാം ആര്‍ത്താര്‍ത്തു ചിരിച്ചു…..

അതെനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിന്ന നില്പില്‍ പാതാളത്തിലേക്ക് താഴ്ന്നു പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുവേള ആശിച്ചു പോയീ. കൂട്ടുകാരുടെ പരിഹാസത്തിനിടയിലൂടെ കുനിഞ്ഞ ശിരസ്സും,വിളറിയ മോന്തയുമായി ഞാന്‍ വീട്ടില്‍ പോയീ. അന്ന് അവളുടെ ആ മറുപടിക്ക് മുന്‍പില്‍ പകച്ച് പോയ എന്റെ കൌമാരം, പിന്നീട് ഒരു പെണ്‍കുട്ടിയോടും പ്രണയാഭ്യര്‍ഥന നടത്താന്‍ ധൈര്യപെട്ടിട്ടില്ല !!!. ആ ഒറ്റ പ്രണയാഭ്യര്‍ഥനയോടുകൂടി ഞാന്‍ തൃപ്തനായീ.!!. ആ സംഭവത്തിന് സാക്ഷികളായിരുന്ന കൂട്ടുകാര്‍ ഇപ്പോഴും എന്നെ കാണുമ്പോള്‍ ചോദിക്കും….

seby-p‘സെബീ… എന്തായീ ?? ആ വാലിന്റെ കാര്യത്തിന് വല്ല തീരുമാനവും ആയോ ??.. അതുകേട്ടു ഞാന്‍ ഒന്ന് ഊറിചിരിക്കും….. ഇപ്പോള്‍ അതെല്ലാം സുഖമുള്ള ഓര്‍മകളാണ്..

സെബി പാലാട്ടി.

Scroll To Top