Tuesday February 21, 2017
Latest Updates

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിലെ പിഴവുകള്‍; വിദ്യാഭ്യാസ മന്ത്രിയെ താക്കീത് ചെയ്തതായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിലെ പിഴവുകള്‍; വിദ്യാഭ്യാസ മന്ത്രിയെ താക്കീത് ചെയ്തതായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഫലത്തില്‍ പിഴവുകള്‍ വന്നു കൂടിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന് മുസ്ലീംലീഗിന്റെ താക്കീത്. തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് മന്ത്രിയെ താക്കീത് ചെയ്തിട്ടുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മജീദിന്റെ പ്രസ്താവന.

പരീക്ഷാ ഫലത്തിലെ അപാകതകള്‍ പരിശോധിച്ച് നടപടി എടുക്കാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മജീദ് പറഞ്ഞു. അതേസമയം ഫലപ്രഖ്യാപനത്തില്‍ വന്ന പിഴവുകള്‍ക്ക് മന്ത്രിയെ നേരിട്ട് കുറ്റപ്പെടുത്താന്‍ മജീദ് തയാറായുമില്ല. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് മജീദ് സ്വീകരിച്ചത്. അപാകതകള്‍ പരിഹരിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെടുമ്പോഴും അപാകതയ്ക്ക് കാരണക്കാരന്‍ ആരാണെന്ന കാര്യത്തില്‍ മജീദ് എങ്ങും തൊടാത്ത അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയത്.

അതേസമയം ലീഗ് തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പിനെ പരസ്യമായി വമിര്‍ശിച്ച ലീഗ് എംഎല്‍എ കെഎന്‍എ ഖാദറിനെ തള്ളാന്‍ മജീദ് വിസമ്മതിച്ചു. ഇന്നലെ മലയാള മനോരമ, കേരള കൗമദി തുടങ്ങിയ പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് കെഎന്‍എ ഖാദര്‍ വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും വിമര്‍ശിച്ചത്.

സദുദ്ദേശ്യത്തോടെയാണ് ഖാദറിന്റെ അഭിപ്രായ പ്രകടനമെന്ന് മജീദ് പറഞ്ഞു. എസ്എസ്എല്‍സിയില്‍ ഗുണത്തേക്കാളേറെ എണ്ണങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നും മന്ത്രി ഫലം പ്രഖ്യാപിക്കേണ്ട ആവശ്യമെന്താണെന്നും ഖാദര്‍ ചോദ്യം ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പരിഷ്‌കരണം ആവശ്യമാണെന്നും ഖാദര്‍ അഭിപ്രായപ്പെട്ടു.

 

Scroll To Top