Wednesday December 07, 2016
Latest Updates

വാക്‌പോര് രംഗം വഷളാക്കുന്നു; ലീഗിന്റെ കടുത്ത നിലപാടില്‍ ഇന്ന് അടിയന്തിര യുഡിഎഫ് യോഗം

വാക്‌പോര് രംഗം വഷളാക്കുന്നു; ലീഗിന്റെ കടുത്ത നിലപാടില്‍ ഇന്ന് അടിയന്തിര യുഡിഎഫ് യോഗം

യുഡിഎഫില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ശക്തമായി തുടരുന്നതിനിടെ മുസ്ലിം ലീഗിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് ഇന്ന് യുഡിഎഫ് യോഗം. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്ര ഹ്രസ്വ കാലയളവില്‍ ഒരു യുഡിഎഫ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. വൈകീട്ട് ആറു മണിക്ക് ക്ലിഫ് ഹൌസിലാണ് യോഗം ചേരുക.

നാളെ യുഡിഎഫ് മെഖലാ ജാഥകള്‍ ആരംഭിക്കാനിരിക്കെയാണ് യോഗം എന്നത് പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. സ്വതവേ പ്രതിച്ഛായ മോശമായ സാഹചര്യങ്ങളില്‍ നേതാക്കള്‍ പരസ്പരം ചെളി വാരിയെറിയുകയും ചെയ്യുമ്പോള്‍ ജാഥ നടത്തുന്നതു കൊണ്ടു മാത്രം പ്രാത്യേകിച്ച് ഫലമൊന്നുമില്ലെന്ന നിലപാടിലാണ് ലീഗ്. ലീഗിന്റെ നിലപാടറിയിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് യോഗം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടത്. ജാഥകള്‍ മാറ്റിവക്കണമെന്നതടക്കമുള്ള കടുത്ത ആവശ്യങ്ങള്‍ ലീഗ് യോഗത്തില്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് സമസ്ത് മേഖലകളിലും അഴിമതിയാണെന്ന് എ കെ ആന്റണിയും, സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന് വിഡി സതീശനും ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെസി ജോസഫും, കൊടിക്കുന്നില്‍ സുരേഷും രംഗത്തെത്തി. മുനവച്ചുള്ള ആക്ഷേപങ്ങളും വ്യക്തിപരമായ ആരോപണങ്ങളും രംഗം വഷളാക്കിയതോടെയാണ് അടിയന്തിര യോഗമെന്ന ആവശ്യം ലീഗ് ഉയര്‍ത്തിയത്.

വിദ്യഭ്യാസരംഗത്തടക്കം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന ഘടകകഷികളെ ഒന്നടങ്കം സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് ലീഗ് ലക്ഷ്യമിടുന്നത്. നിലവിലെ സമ്മര്‍ദ്ദത്തില്‍ നിന്നും അല്പമെങ്കിലും രക്ഷനേടാന്‍ ലീഗിന്റെ നീക്കം സഹായിക്കുമെന്ന ആശ്വാസത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

 

Scroll To Top