Tuesday January 24, 2017
Latest Updates

മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്ന ലീംറിക്കില്‍ പ്രത്യേക വസ്ത്രസ്ഥാപനവുമായി ബംഗ്ലാദേശുകാരന്‍

മുസ്ലീം ജനസംഖ്യ കുതിച്ചുയരുന്ന ലീംറിക്കില്‍ പ്രത്യേക വസ്ത്രസ്ഥാപനവുമായി ബംഗ്ലാദേശുകാരന്‍

ലീംറിക്ക്: ഡബ്ലിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള നഗരമായി ലിംറിക്ക് വളരുന്നു.മുസ്ലിം ജനസംഖ്യ ഏറിവരുന്നത് കണക്കിലെടുത്ത് പുതിയ വസ്ത്രസഞ്ചയവുമായി ബംഗ്ലാദേശുകാരന്‍. ലീംറിക്ക് യൂണിവേഴ്‌സിറ്റിയിലെ ഊര്‍ജ്ജതന്ത്രം ഗവേഷകന്‍ കൂടിയായ ഫോയ്‌സല്‍ ഖാനാണ് പുതിയ വസ്ത്രക്കട തുറന്നിരിക്കുന്നത്. ഒതുക്കം, വിനയം എന്നെല്ലാം അര്‍ത്ഥം വരുന്ന അല്‍ ഹയ എന്ന പോരാണ് കടയ്ക്ക് നല്‍കിയിരിക്കുന്നത്.
അയര്‍ലണ്ടിലാകെയുള്ള മുസ്ലിം ജനത ഏതാണ്ട് 49,000 വരും.ലീംറിക്കില്‍ മാത്രം നിലവില്‍ 2000 മുസ്ലിം മതവിശ്വാസികള്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്കായി ലീംറിക്കില്‍ മാത്രം നാല് പള്ളികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡബ്ലിനിലെ ചില കടകളില്‍ മുസ്ലിം വസ്ത്രങ്ങളും ലഭ്യമാവും.എന്നാല്‍ മുസ്ലിം വസ്ത്രങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള കടകളൊന്നും രാജ്യത്തില്ല. മത്സരബുദ്ധിയോടെയല്ല പുതിയ സംരഭത്തിന് തുടക്കം കുറിച്ചത്.ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ന്യായമായ വിലക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യം മാത്രമെ ഇതിനു പിന്നിലുള്ളൂവെന്ന് ഫോയ്‌സല്‍ ഖാന്‍ പറയുന്നു.
പഠനത്തിനായി എട്ട് വര്‍ഷങ്ങള്‍ മുന്‍പാണ് ഖാന്‍ ലീംറിക്കില്‍ എത്തിയത്. ഏറെ സ്‌നേഹം നിറഞ്ഞ പ്രദേശമാണ് ലീംറിക്ക്. എന്നിട്ടും പാരിസിലെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തില്‍ തെരുവുകളില്‍ നിന്ന് ഭീകരന്‍ എന്ന വിളി കേള്‍ക്കേണ്ടി വന്നുവെന്ന് ഖാന്‍ പറയുന്നു. ഇസ്ലാം ജനതയെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഇല്ലാതാക്കാന്‍ മറ്റ് ജനവിഭാഗങ്ങളുമായി കൂടുതല്‍ ഇടപഴകുകയാണ് വേണ്ടതെന്നും ഖാന്‍ അഭിപ്രായപ്പെടുന്നു.
പഠനാവശ്യങ്ങള്‍ക്കായോ പ്രാര്‍ത്ഥനയ്ക്കായോ മറ്റോ പുറത്ത് പോകുന്ന സമയത്ത് ഖാന്‍ന്റെ ഭാര്യയ്ക്കാണ് കടയുടെ ചുമതല. അയര്‍ലണ്ടിലെ ജനങ്ങള്‍ മുസ്ലീം സ്‌റ്റൈല്‍ വസ്ത്രങ്ങള്‍ തേടി കടയിലെത്താറുണ്ടെന്ന് അവര്‍ പറയുന്നു.
രാജ്യത്തു അനധികൃതമായി എത്തുന്ന മുസ്ലീംങ്ങളില്‍ ഏറിയ പങ്കും കേന്ദ്രീകരിക്കുന്നതും ലീംറിക്കിലാണെന്ന് പറയപ്പെടുന്നു. ബ്രിട്ടനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി എത്തുന്ന വിദ്യാര്‍ഥികളാണ് ഇവരില്‍ അധികവും എന്നും പറയപ്പെടുന്നു.

Scroll To Top