Thursday October 18, 2018
Latest Updates

ധ്യാനം കൂടുന്നത് പോലാണോ മുന്തിരിവള്ളികള്‍ കണ്ടാല്‍?ഉള്ളത് പറയുമ്പോള്‍…

ധ്യാനം കൂടുന്നത് പോലാണോ മുന്തിരിവള്ളികള്‍ കണ്ടാല്‍?ഉള്ളത് പറയുമ്പോള്‍…

വെള്ളിമൂങ്ങ എന്ന സര്‍പ്രൈസ് ഹിറ്റിനുശേഷം ജിബു ജേക്കബ് ഒരുക്കുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ഏകദേശം  അതേ കുടുംബക്കാഴ്ചയാണ്. പുലിമുരുകന്റെ വേഷംകെട്ടലൊക്കെ അഴിച്ചുവച്ച് മോഹന്‍ലാല്‍ അച്ഛനായും ഭര്‍ത്താവായും അനായാസമായി വേഷപ്പകര്‍ച്ച നടത്തുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ഒരു ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്നര്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ്. സാധാരണക്കാരന്റെ സാമൂഹിക ആശങ്കകളെപ്പറ്റിയും വിരസമായ ജീവിതത്തെപ്പറ്റിയും ശീലങ്ങളെപ്പറ്റിയും രസകരമായി പറയുന്നു എന്ന നിലയില്‍ ഈ ഫീല്‍ ഗുഡ് പരിവേഷം ഭാഗികമായി ആസ്വാദ്യകരമാണ്. എന്നാല്‍ ആധുനികമനുഷ്യന്റെ ഓട്ടപ്പാച്ചിലുകളെ സാരോപദേശകുടുംബകഥയുടെ ലളിതയുക്തിയില്‍ കൊരുത്തിടാന്‍ ശ്രമിക്കുന്നതുകൊണ്ട് കുറച്ചു പരിഹാസ്യവും.

ധ്യാനം കൂടുന്നതിന് തുല്യമാണെന്നും,കര്‍ദിനാള്‍ തിരുമേനി അരമനയിലേയ്ക്ക് വിളിച്ചു വരുത്തി പടം കണ്ടെന്നുമൊക്കെയഴുതി എഴുതി സാധാരണക്കാരുടെ മനസില്‍ പ്രതീക്ഷയുണര്‍ത്തിയാണ് മുന്തിരി വള്ളിയുടെ വരവ്.

ഉലഹന്നാന്‍ (മോഹന്‍ലാല്‍) എന്ന പഞ്ചായത്ത് സെക്രട്ടറി, പ്ലസ്ടുവിനു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും എട്ടാം ക്ലാസുകാരനായ ആണ്‍കുട്ടിയുടെ പിതാവായ ഉലഹന്നാന് ഓഫീസ്, വൈകിട്ടത്തെ മദ്യപാനസദസ് -ഇതാണ് ജീവിതം. പഴയ പ്രണയനഷ്ടത്തില്‍നിന്ന് തുടങ്ങിയ ജീവിതത്തില്‍ ചിരിക്കാന്‍ പോലും മറന്നവനായി വിരസജീവിതം നയിക്കുന്ന ഉലഹന്നാന്‍ ഭാര്യ ആനിയമ്മ (മീന)യോടുപോലും സംസാരിക്കാറില്ല. ഉലഹന്നാന്റെ ഉള്ളിലെ കാമുകന്‍ ഒരു സവിശേഷസാഹചര്യത്തില്‍ തിരിച്ചുവരികയും അതിന്റെ പ്രശ്നരഹിതമായ, എല്ലാവരും ഹാപ്പി എന്ന പരിണാമഗുപ്തിയുമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പറയാന്‍ ശ്രമിക്കുന്നത്.

ജിബു ജേക്കബിന്റെ രണ്ടാമത്തെ സിനിമയാണ് മുന്തിരിവള്ളികള്‍. എന്നാല്‍ ചിതറിത്തെറിച്ച ഒരു തിരക്കഥയെ കൈയടക്കത്തോടെ ഒതുക്കിപ്പിടിച്ച് ഒരു ഫാമിലിപാക്ക് ആക്കാന്‍ ജിബു ജേക്കബിന്റെ ക്രാഫ്റ്റിനു കഴിയുന്നുണ്ട്. വളരെ ലൂസായ കഥാരീതിയെ ശരാശരിയ്ക്കു മുകളിലുള്ള സിനിമാറ്റിക് അനുഭവമാക്കി ഒരുക്കിയെടുക്കുന്നതും ഈ സ്വഭാവികമായ അവതരണമാണ്.

കൗമാരക്കാരായ പെണ്‍കുട്ടികളുള്ള ശരാശരി മലയാളിരക്ഷിതാക്കളുടെ ആശങ്കകളെ കൂട്ടിക്കെട്ടി ഈ ലക്ഷ്യമില്ലാത്ത പോക്കിനെ ഒടുവില്‍ കെട്ടാന്‍ സിനിമയ്ക്കാകുന്നുണ്ട്. എല്ലാം പറഞ്ഞു കോംപ്ലിമെന്റ്സാക്കുന്നതിനിടയ്ക്കു സംഭവിച്ചേക്കും എന്നും പ്രതീക്ഷിക്കുന്ന, അവസാനം മാത്രം ഉണ്ടായ ട്വിസ്റ്റിനേയും ശുഭപര്യവസായി ആക്കി, പണ്ടത്തെ ഒരു മലയാളസിനിമയുടെ പരസ്യംപോലെ ‘പാഠമാണ്, എല്ലാ മക്കള്‍ക്കും അച്ഛനമ്മമാര്‍ക്കും’ എന്ന ടോണിലാണ് സിനിമ അവസാനിക്കുന്നതും.

മീനയാണ് ഇക്കുറി മോഹന്‍ലാലിന്റെ ജോഡിയായി എത്തിയിരിക്കുന്നത്. ദൃശ്യത്തിനുശേഷം മോഹന്‍ലാലിനൊപ്പം ഏതാണ്ട് അതേപശ്ചാത്തലമുള്ള ഒരു വേഷത്തിലാണ് മീനയെത്തുന്നതും. അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, കുമരകം രഘുനാഥ്, രാഹുല്‍ മാധവ്, ഗണപതി,ഷറഫുദീന്‍ കസബയിലൂടെയെത്തിയ നേഹ സക്സേന, ശ്രിന്‍ഡ ആഷാബ്, ബിന്ദുപണിക്കര്‍, ആശാ ശരത് തുടങ്ങി ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ട്. മോഹന്‍ലാലിന്റെ മക്കളായെത്തുന്ന ഐമ റോസി സെബാസ്റ്റിയന്‍(ജേക്കബിന്റെ സ്വര്‍ഗരാജ്യം) മാസ്റ്റര്‍ സനൂപ് എന്നിവരുടേയും പ്രകടനം ശ്രദ്ധേയം.

ഫോണ്‍ അവിഹിതം ഹോബിയാക്കിയ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന വേണുക്കുട്ടനാണ് സിനിമയുടെ കോമഡി ട്രാക്ക്. പതിവു ഫിലോസഫിക്കല്‍ ജാഡകളൊന്നുമില്ലാത്ത ഒരു കൊച്ചുപഞ്ചാരക്കുട്ടനായി അനൂപ് തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. എം. ജയചന്ദ്രന്റെ സംഗീതവും ബിജിപാലിന്റെ പശ്ചാത്തലസംഗീതവും പ്രമോദ് കെ. പിള്ളയുടെ ഛായാഗ്രഹണവും പരിമിതമായ പശ്ചാത്തലങ്ങള്‍ക്കിടയിലും നിലവാരം പുലര്‍ത്തി.

രാജമ്മ അറ്റ് യാഹൂ എന്ന തട്ടിക്കൂട്ട് സിനിമയ്ക്കുശേഷമുള്ള സിന്ധുരാജിന്റെ സ്‌ക്രിപ്റ്റാണിത്. മുന്‍സിനിമയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭേദപ്പെട്ട രചന എന്നു വിശേഷിപ്പിക്കണം. എന്നിരുന്നാലും വളരെ ലൂസായ രചനാശൈലി മുന്തിരിവള്ളികള്‍ വലിച്ചുനീട്ടിയതുപോലെ തോന്നിക്കുന്നുണ്ട്.

മധ്യവര്‍ഗ/സര്‍ക്കാര്‍ ജീവനക്കാരനായ മലയാളിയെക്കുറിച്ചുള്ള ചില കണ്‍സെപ്റ്റുകള്‍- വിരസന്‍, അലസന്‍, മദ്യപാനി, മുന്‍കോപി എന്നീ ഗുണങ്ങള്‍ സംഗമിച്ച ഉലഹന്നാനെ വളരെ സമര്‍ഥമായി അവതരിപ്പിച്ചിട്ടുണ്ട് (ആദ്യപകുതിയില്‍). ഓഫീസില്‍ ചിരിക്കുകപോലും ചെയ്യാതെ, വീട്ടില്‍ സീരിയല്‍ കഴിയുന്നതുവരെ ഹൗസിങ് കോളനിയിലെ ടെറസില്‍ മദ്യപിച്ചു കഴിഞ്ഞ് കയറിവരുന്ന ഉലഹന്നാനെ പോലൊരു ഉലഹന്നാനെ പരിചയമില്ലാത്ത മലയാളി കാണില്ല. ആ ഉലഹന്നാനെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചതും മോഹന്‍ലാല്‍ ഉലഹന്നാനായി പരകായപ്രവേശം ചെയ്തതുമാണ് സിനിമയുടെ ഹൈലൈറ്റ്.

വെള്ളിമൂങ്ങയിലെന്നപോലെ ഒരു പഞ്ചായത്ത് ഓഫീസും അതുമായി ബന്ധപ്പെട്ടുവരുന്നവരുമാണ് സിനിമയുടെ പകുതി പശ്ചാത്തലം. മറുപാതി ഒരു ഹൗസിങ് കോളനിയും ഹൗസിങ് കോളനിയിലെ ടെറസിലിരുന്നു മദ്യപിക്കുന്ന ഭര്‍ത്താക്കന്മാരും ബാല്‍ക്കണിയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന സ്ത്രീകളും. ഇതൊക്കെയാണ് സിനിമയുടെ ഹാസ്യവഴികളും. മദ്യപാനവും, അവിഹിത ഫോണ്‍വിളികളും പഞ്ചായത്ത് സെക്രട്ടറിയോട് അനുരാഗ വിവശയായ വനിതാ€ര്‍ക്കും എല്ലം ഈ തമാശറൂട്ടില്‍ വരും. ദ്വയാര്‍ഥവും അല്ലാതെയുമുള്ള തമാശകളും പൊട്ടനായ പഞ്ചായത്ത് പ്രസിഡന്റും എല്ലാം കൂടി ചിരിക്കുള്ള പലമറ്റുവഴികളും തേടി ഇഴഞ്ഞുപോകുന്ന കഥാസന്ദര്‍ഭങ്ങളെ സജീവമാക്കി നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ മധ്യവസയ്കരായ അച്ഛനും അമ്മയും കിടപ്പറയിലേക്കു പോകുമ്പോള്‍ അര്‍ഥം വച്ച് ചിരിക്കുകയും, ദ്വയാര്‍ഥം പറയുകയും ചെയ്യുന്ന മകളെ ചിത്രീകരിച്ചിരിക്കുന്ന രീതി തികഞ്ഞ അശ്ളീലമാണ്. അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹപ്രകടനങ്ങള്‍ കണ്ട് മക്കള്‍ വഴിതെറ്റിപ്പോകുമോ എന്നും ഭയക്കുന്ന മാതാപിതാക്കള്‍ ഒരു മുട്ടന്‍ കോമഡിയും. അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ വളരെ സരസമധുരമായി കൈകാര്യം ചെയ്ത രംഗത്തിന്റെ അറുവഷളന്‍ കോമഡി സിക്റ്റ് ആവര്‍ത്തനമാണ് പ്രണയം തിരിച്ചുപിടിക്കാനുള്ള ഈ പരീക്ഷണം.

എങ്കിലും ആസ്വദിച്ച് കണ്ടിരിക്കാന്‍ ഉത്തമമെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് മുന്തിരി വള്ളിയെയും നടാം.ഒരു സിനിമയില്‍ നിന്നും അതില്‍ കൂടുതലെന്താണ് നാം പ്രതീക്ഷിക്കേണ്ടത്?

ഇതുവരെ മലയാളം സിനിമയെത്താത്ത കെറിയിലെ ട്രേലിയില്‍ പോലും മുന്തിരിവള്ളിയെ ജനം ക്ഷണിച്ചു വരുത്തിയതും ഇതേ പ്രതീക്ഷയിലാവണം.അയര്‍ലണ്ടില്‍ ഇന്ന്(വെള്ളി)മുതല്‍ അടുത്ത വ്യഴാഴ്ച  വരെ മുന്തിരിവള്ളി വിവിധ കേന്ദ്രങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അയര്‍ലണ്ടിലെ സമയക്രമം അറിയാനും,ബുക്കിംഗിനും http://pjentertainments.com/movie/munthiri-vallikal-thallirkumbol/

ജിഐസി സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഗോള്‍വേയിലും ഫെബ്രുവരി 25 ന് ശനിയാഴ്ച, മുന്തിരിവള്ളികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.ഒറന്‍മോറിലെ ഐഎംസി തിയേറ്ററിലാണ് ഗോള്‍വേയിലെ ഷോ.ഇതിനായി ഓണ്‍ ലൈന്‍ ബുക്കിംഗ് ഇല്ല.എന്നാല്‍ നേരിട്ടുള്ള ബുക്കിംഗിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്

ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ നാളെ(ശനി)രാവിലെ 11.30നും,തിങ്കളാഴ്ച വൈകിട്ട് 7 മണിക്കും സ്ലൈഗോ ഓമ്നി പ്ലെക്‌സിലും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Scroll To Top