Wednesday December 07, 2016
Latest Updates

രണ്ടു തവണയെങ്കിലും അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തിയ മലയാളികളുടെ ബന്ധുക്കള്‍ക്ക് മള്‍ട്ടി എന്‍ട്രി വിസ ഒരു വര്‍ഷക്കാലാവധിയാക്കി 

രണ്ടു തവണയെങ്കിലും അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തിയ മലയാളികളുടെ ബന്ധുക്കള്‍ക്ക് മള്‍ട്ടി എന്‍ട്രി വിസ ഒരു വര്‍ഷക്കാലാവധിയാക്കി 

ഡബ്ലിന്‍:ചുരുങ്ങിയത് രണ്ടു തവണയെങ്കിലും അയര്‍ലണ്ടില്‍ മുമ്പ് വന്നിട്ടുള്ള മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെ ബന്ധുക്കള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക്  സന്ദര്‍ശനത്തിനുള്ള മള്‍ട്ടി എന്ട്രി വിസ നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി തുടങ്ങിയതായി ഐറിഷ് നാച്ചറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാണ്.പക്ഷെ ഇതിനായി മുമ്പ് അയര്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു എന്ന് തെളിയിക്കുന്ന യാത്രാരേഖകള്‍ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം.അയര്‍ലണ്ടില്‍ ഷോര്‍ട്ട് സ്റ്റേ സി വിസയില്‍ രണ്ടു തവണയെങ്കിലും വന്ന് നിശ്ചിത സമയപ്രകാരം തിരിച്ചു പോയിട്ടുള്ളവര്‍ക്ക് പിന്നീട് വരുമ്പോള്‍ മള്‍ട്ടി എന്ട്രി വിസ അനുവദിക്കാന്‍ പുതിയ സംവിധാനം അനുമതി നല്‍കുന്നുണ്ടെന്ന് ഡല്‍ഹി ചാണക്യപുരിയിലെ ഐറിഷ് എംബസി വൃത്തങ്ങള്‍ ‘ഐറിഷ് മലയാളി’യെ അറിയിച്ചു.ആദ്യമായി അയര്‍ലണ്ടില്‍ എത്തുന്ന ബന്ധുക്കള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.

ഈ സൗകര്യം ഉപയോഗിച്ച് ഇന്ന് മുതല്‍ അയര്‍ലണ്ടിലെ മലയാളികളുടെ കേരളത്തില്‍ നിന്നുള്ള ബന്ധുക്കള്‍ എത്തി തുടങ്ങിയിട്ടുണ്ട്.സാധാരണ ഗതിയിലുള്ള അപേക്ഷയാണ് സമര്‍പ്പിച്ചത് എന്നും ഒരു വര്‍ഷത്തേയ്ക്കുള്ള വിസ ആവശ്യപ്പെട്ടപ്പോള്‍ ഇന്‍ഷുറന്‍സ് കൂടി വി എഫ് എസ് കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നും പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ യാത്രക്കാരന്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ഒരു വര്‍ഷത്തേയ്ക്കുള്ള ഇന്‍ഷുറന്‍സാണ് ആവശ്യപ്പെട്ടതെങ്കിലും ഇദ്ദേഹം ആറു മാസത്തെ ഇന്‍ഷുറന്‍സേ എടുത്തുള്ളൂ.ആവശ്യമെങ്കില്‍ ആറു മാസം എക്‌സ്ടന്റ് ചെയ്തു തരാമെന്നു ഇന്‍ഷുറന്‍സ് കമ്പനിയുടെ കത്തും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചു.ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ അടിച്ചു നല്കിയത്.ഇത് നാലാം തവണയാണ് ഇദ്ദേഹം മക്കളെ സന്ദര്‍ശിക്കാന്‍ അയര്‍ലണ്ടില്‍ എത്തുന്നത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എത്ര കാലം അയര്‍ലണ്ടില്‍ ഉണ്ടാവും എന്ന ചോദ്യത്തിന് ‘മൂന്ന് മാസം ‘എന്ന് മറുപടി നല്കിയതോടെ തൃപ്തിയായ ഇമിഗ്രേഷന്‍ ഓഫിസര്‍ മൂന്ന് മാസം കഴിഞ്ഞു രാജ്യത്തിന് വെളിയില്‍ പോയി തിരികെ വരാന്‍ ആവും എന്ന് ഇദ്ദേഹത്തെ അറിയിച്ചു.

ഒരു വര്‍ഷത്തേയ്ക്കുള്ള തുടര്‍ച്ചയായ താമസ സൗകര്യം ഇല്ലെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്.ബന്ധുക്കളുടെ വിസ കാലാവധി ആറു മാസമായി വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപെട്ട സ്ഥാനത്ത് അതിന്റെ ഇരട്ടി മധുരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

Scroll To Top