Saturday December 10, 2016
Latest Updates

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു,മറയുന്നത് ചരിത്രം തിരുത്തിയെഴുതിയ കായിക പോരാളി,കണ്ണീരോടെ കായികലോകം

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു,മറയുന്നത് ചരിത്രം തിരുത്തിയെഴുതിയ കായിക പോരാളി,കണ്ണീരോടെ കായികലോകം

ലോസാഞ്ജലസ്:പതിനായിരക്കണക്കിന് ആരാധകരെ കണ്ണിരിലാഴ്ത്തി ലോക ഹെവിവെയ്റ്റ് ചാന്പ്യനും ബോക്‌സിംഗ് ഇതിഹാസവുമായ മുഹമ്മദ് അലി അന്തരിച്ചു. 74 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അരിസോണയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. രണ്ടു വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. 2014ല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നും 2015ല്‍ മൂത്രനാളിയിലുണ്ടായ അണുബാധയെ തുടര്‍ന്നും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്നലെ തന്നെ മുഹമദ് അലിയുടെ നില ഗുരുതരമാണെന്നും അദ്ദേഹം മരണത്തെ നേരിടുകയാണെന്നും ഡോക്റ്റര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.

അമേരിക്കയിലെ കെന്റക്കിയില്‍ 1942 ജനുവരി 17ന് കാഷ്യസ് മാര്‍സലസ് ക്ലേ സീനിയറിന്റേയും ഒഡേസ ഗ്രേഡി ക്ലേയുടേയും മകനായിട്ടാണ് മുഹമ്മദ് അലി എന്നാ കാഷ്യസ് ക്ലേ ജനിച്ചത്. കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍ എന്നാണ് പൂര്‍ണ പേര്. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് 1964ല്‍ മുഹമ്മദ് അലി എന്ന് പേരു മാറ്റി. അമേരിക്കയില്‍ വര്‍ണ വിവേചനം കൊടികുത്തി വാണ കാലത്തായിരുന്നു മുഹമ്മദ് അലിയുടെ ബാല്യം. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം നടമാടിയ സമയം. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്നപോലെ ക്ലേയുടെ മനസിലും വര്‍ണ വിവേചനം മുറിവുണ്ടാക്കി. ഇതില്‍ മനംനൊന്താണ് അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത്.ali1

1954 സുഹൃത്തിനൊപ്പം കൊളംബിയയില്‍ ലുയിസ് വില്ലി ഹോം ഷോ എന്നാ പ്രദര്‍ശനം കാണാന്‍ പുറപ്പെട്ടതാണ് അലിയുടെ ജീവിതത്തില്‍ ബോക്‌സിംഗിലേക്കുള്ള വഴി തുറന്നത്. പ്രദര്‍ശനം കണ്ട ശേഷം പുറത്തെത്തിയപ്പോള്‍ തന്റെ സൈക്കിള്‍ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് പരാതിയുമായി അലി ജോ മാര്‍ട്ടിന്‍ എന്ന പൊലീസുകാരനെ സമീപിച്ചു. ജിംനേഷ്യത്തില്‍ ബോക്‌സിംഗ് പരിശീലിപ്പിക്കുകയായിരുന്നു ജോ. എന്നാല്‍, അലിയുടെ സൈക്കിള്‍ കണ്ടു കിട്ടിയില്ല. പക്ഷേ, ബോക്‌സിംഗ് മുഹമ്മദ് അലിയുടെ ജീവിതത്തിന്റെ ഭാഗമായി. ജിംനേഷ്യത്തില്‍ ചേര്‍ന്ന് ബോക്‌സിംഗ് പരിശീലിക്കാന്‍ ജോ, അലിയെ പ്രേരിപ്പിക്കുകയായിരുന്നു.

പരിശീലനം ആരംഭിച്ചു ആറാഴ്ച പിന്നിട്ടപ്പോള്‍ ക്ലേ ബോക്‌സിംഗ് റിംഗില്‍ ആദ്യ വിജയം നേടി. ഇതോടെ ബോക്‌സിംഗിനായി കൂടുതല്‍ സമയം അദ്ദേഹം ചെലവിട്ടു. 18 വയസുള്ളപ്പോള്‍ അലി 108 അമേച്വര്‍ ബോക്‌സിംഗ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. കെന്റക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ് കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൗര്‍ണമെന്റ് കിരീടം രണ്ടു തവണയും അലി നേടി. 1960ല്‍ ഒളിമ്പിക്‌സില്‍ മത്സരിച്ചു. മൂന്നു തവണ യൂറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കി ആയിരുന്നു ഫൈനലില്‍ എതിരാളി.

1964ല്‍ ഇരുപത്തിരണ്ട് വയസുള്ളപ്പോഴാണ് മുഹമ്മദ് അലി ലോക ഹെവിവെയ്റ്റ് കിരീടം നേടിയത്.തുടര്‍ന്ന് 1974, 1978 എന്നീ വര്‍ഷങ്ങളിലും അലി ജേതാവായി. 1964 ഫെബ്രുവരി 25നും 1964 സെപ്തംബര്‍ 19നും ഇടയില്‍ മുഹമ്മദ് അലിയെ ബോക്‌സിംഗില്‍ വെല്ലാന്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. 1981ല്‍ അലി കായിക രംഗത്ത് നിന്ന് വിരമിച്ചു.ali2

Scroll To Top