Friday December 09, 2016
Latest Updates

ഇന്ത്യാക്കാരടക്കമുള്ള കുടിയേറ്റ തൊഴിലാളികളുടെ വേതനം തൊഴിലുടമകള്‍ മനസാക്ഷിയില്ലാതെ തട്ടിയെടുക്കുന്നുവെന്ന് മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍

ഇന്ത്യാക്കാരടക്കമുള്ള കുടിയേറ്റ തൊഴിലാളികളുടെ വേതനം തൊഴിലുടമകള്‍ മനസാക്ഷിയില്ലാതെ തട്ടിയെടുക്കുന്നുവെന്ന് മൈഗ്രന്റ്‌സ് റൈറ്റ് സെന്റര്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ കുറഞ്ഞ വേതന വ്യവസ്ഥയില്‍ ജോലി നോക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ വന്‍ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ചൂഷണത്തിനു വിധേയമാകുന്നതായി റിപ്പോര്‍ട്ടുകള്‍. റസ്റ്റോറന്റ്, സെക്യൂരിറ്റി, ഹോം കെയര്‍, ഡൊമസ്റ്റിക് വര്‍ക്ക് തുടങ്ങിയ മേഖലകളില്‍ ജോലി നോക്കുന്നവരാണ് കൂടുതലും ചൂഷണത്തിനിരയാകുന്നതെന്ന് അയര്‍ലണ്ട് മൈഗ്രന്റ് റൈറ്റ്‌സ് സെന്റര്‍ (എംആര്‍സിഐ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി സ്ഥലങ്ങളില്‍ യാതൊരു സുരക്ഷയോ, തൊഴിലുറപ്പോ, അടിസ്ഥാന വേതനമോ ലഭിക്കുന്നില്ല. ഭൂരിഭാഗം പേര്‍ക്കും ഏറ്റവും കുറഞ്ഞ പ്രതിദിന വേതനമായ മണിക്കൂറില്‍ 8.65 യൂറോയിലും കുറവാണ് ലഭിക്കുന്നത്. ആഴ്ചയില്‍ ലഭിക്കുന്നത് 300 യൂറോയിലും താഴെയാണ്. മനസാക്ഷിയില്ലാത്ത ചില തൊഴില്‍ദാതാക്കള്‍ പാവപ്പെട്ട തൊഴിലാളികളുടെ വേതനം തട്ടിയെടുക്കുകയാണെന്ന് വര്‍ക്ക് പ്ലേസ് റൈറ്റ്‌സ് കോഓര്‍ഡിനേറ്ററായ ഗ്രെയിന്‍ ഒ ടൂള്‍ ചൂണ്ടിക്കാട്ടി. 

ആരും തന്നെ തങ്ങളുടെ തൊഴിലവകാശങ്ങളെ കുറിച്ചോ തൊഴിലുടമകളുടെ കരാര്‍ ലംഘനത്തെ കുറിച്ചോ ബോധവാന്‍മാരല്ലെന്നാണ് കുടിയേറ്റത്തില്‍ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയ മറ്റൊരു ശ്രദ്ധേയമായ കാര്യം. കൂടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ രംഗത്ത് നീതി ഉറപ്പാക്കണമെന്നും ശിക്ഷാഭീതിയില്ലാതെ ഇവരെ തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ടൂള്‍ വ്യക്തമാക്കി. 

2014 നവംബര്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എംആര്‍സിഐ 104 തൊഴിലാളികള്‍ക്കിടയില്‍ മൂന്നു ഗ്രൂപ്പുകളെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. 10 വര്‍ഷക്കാലയളവിലെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി. അയര്‍ലണ്ടിലെ മൊത്തം ജനസംഖ്യയില്‍ 12.7 ശതമാനം കുടിയേറ്റക്കാരാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതായത് 5,78,000 പേര്‍. 2001 മുതല്‍ ഇതുവരെ 90,000 പേര്‍ ഐറിഷ് പൗരത്വം സ്വന്തമാക്കി. പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ചൈന, ഇന്ത്യ തുടങ്ങിയ അഞ്ചു രാജ്യങ്ങളിലെ 2544 വയസുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ വേതനമില്ലാതെ കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണെന്നും പകുതിയോളം പേര്‍ക്ക് കരാറില്ലെന്നും പേ സ്ലിപ് പോലുമില്ലാത്തവരുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി 82 ശതമാനം പേര്‍ക്കും വേതന വര്‍ധനയോ ഞായറാഴ്ചകളില്‍ ജോലി ചെയ്താല്‍ അധിക കൂലിയോ ലഭിക്കുന്നില്ല. കുടിയേറ്റതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്ന് സെന്റര്‍ അധികൃതര്‍ ആവശ്യപ്പെട്ടു 

Scroll To Top