Sunday December 04, 2016
Latest Updates

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകള്‍ ആവശ്യമില്ലെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്‍

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകള്‍ ആവശ്യമില്ലെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകള്‍ നിര്‍ത്തലാക്കണമെന്ന് ശമ്പളപരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശ. ശമ്പളപരിഷ്‌കരണം സംബന്ധിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശയുള്ളത്. റിപ്പോര്‍ട്ട് ജൂണ്‍ 30നു സര്‍ക്കാറിന് സമര്‍പ്പിച്ചേക്കും.

അടിസ്ഥാനശമ്പളത്തില്‍ 1500 മുതല്‍ 5,000 വരെ രൂപയുടെ വര്‍ധനവിന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കുറഞ്ഞഅടിസ്ഥാന ശമ്പളം പതിനായിരവും കൂടിയത് 65,000 രൂപയുമാകും. സെക്രട്ടേറിയറ്റ് ഇതര സര്‍വീസുകള്‍ക്കു കഴിഞ്ഞ കമ്മിഷന്‍ വര്‍ധിപ്പിച്ച മൂന്നു സ്‌കെയിലുകള്‍ ഈ റിപ്പോര്‍ട്ടില്‍ നിര്‍ത്തലാക്കിയതായാണു സൂചന. സര്‍വീസ് ബെനഫിറ്റ്, ഫിറ്റ്‌മെന്റ് ബെനഫിറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു പരിഷ്‌കരണം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സംസ്ഥാനസര്‍ക്കാര്‍ സര്‍വീസ് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ചില ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സര്‍ക്കാര്‍ സേവനം പൂര്‍ണമായും ഓണ്‍ലൈനായ സാഹചര്യത്തില്‍ പ്യൂണ്‍, അറ്റന്‍ഡര്‍ തസ്തികകള്‍ ആവശ്യമില്ലെന്നതാണ് ഇതില്‍ പ്രധാനം. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശമനുസരിച്ച് ബാങ്കുകള്‍ ഈ തസ്തികകള്‍ നിര്‍ത്തലാക്കിക്കഴിഞ്ഞു. സര്‍ക്കാര്‍ സര്‍വീസിലും ഈ മാതൃക പിന്‍തുടരാവുന്നതാണ്. ടൈപ്പിസ്റ്റ്/ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് അടിസ്ഥാനയോഗ്യത പ്ലസ്ടുവും കമ്പ്യൂട്ടര്‍ പരിജ്ഞ്ഞ്ഞാനവുമാക്കണമെന്നു മുന്‍ കമ്മിഷനും നിര്‍ദേശിച്ചിരുന്നു. പെന്‍ഷനില്‍ 12% വര്‍ധനതന്നെ നിലനിര്‍ത്തുമെന്നാണ് സൂചന.

2013 നവംബര്‍ 30നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായി 10ആം ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയമിച്ചത്. കെ.വി. തോമസ് സെക്രട്ടറിയും അഡ്വ ടി.വി. ജോര്‍ജ് അംഗവുമാണ്. കമ്മീഷന്റെ ആറുമാസ കാലാവധി രണ്ടുതവണയായി നീട്ടിനല്‍കിയിരുന്നു.

 

Scroll To Top