Sunday January 21, 2018
Latest Updates

സഹപാഠികള്‍ രണ്ടാം ഭാഗം (മൗന മന്ദഹാസം-ജോണ്‍ വറുഗീസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍)

സഹപാഠികള്‍ രണ്ടാം ഭാഗം (മൗന മന്ദഹാസം-ജോണ്‍ വറുഗീസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍)

ധാരമെഴുത്ത് ആപ്പീസില്‍ വെച്ചാണ് ശൈലജയെ വീണ്ടും കണ്ടത്.ഇരുപതു കൊല്ലങ്ങള്‍ക്ക് ശേഷം.കോളേജ് മാഗസിനിലെ ‘ഷൈമോള്‍’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചതോടെ ഞങ്ങള്‍ പ്രണയബദ്ധരാവുകയായിരുന്നു.ക്യാമ്പസ് രാഷ്ട്രീയം ദിശാബോധം നഷ്ടപ്പെടുന്നതിന്റെ തൊട്ടു തലേന്നോ മറ്റോ ആയിരുന്നു ഞങ്ങള്‍ പഠിച്ചത്.വീട്ടില്‍നിന്നും ഇലപ്പൊതിയില്‍ അവള്‍ കൊണ്ടുവന്നിരുന്ന ഇഡ്ഡലികളാണ് ഒടുവില്‍ പ്രണയത്തിന്റെ ലഡ്ഡു ആയി മാറിയത്.

അന്നൊരിക്കല്‍ സ്ടാന്സ്ലാവ്‌സ്‌കിയും ഗ്രൊട്ടൊവ്‌സ്‌കിയും നാട്ടകം ഗവന്മേന്റ്‌റ് കോളേജില്‍ വന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വെസ്റ്റേണ്‍ തീയേറ്റര്‍ സങ്കേതങ്ങള്‍ പരിചയപ്പെടുത്താന്‍ വന്നതായിരുന്നു അവര്‍.

കോട്ടയത്തെ രാജധാനി ബാറില്‍ നിന്നും ഈരണ്ടു പൂശിയാണ് ഈ തൃശൂ ര്‍ സ്വദേശികള്‍ വിദേശികളായത്.അനന്തരം ഞങ്ങള്‍ മൂവരുംകൂടി ഗ്രീസില്‍പോയി പ്രോമിതിയൂസും ആയി സംസാരിക്കുകയും അദ്ദേഹം സ്വന്തം കഥ നാടകമാക്കാന്‍ അനുവാദം തരികയും ചെയ്തു.പ്രോമിത്തിയൂസ് നാടക മത്സരത്തില്‍ പരാജയപ്പെടുകയാണ് ചെയ്തത്.അതോടെ മലയാള സിനിമക്ക് വലിയ ഒരു തിരക്കഥാക്രിത്തിനെയും സംവിധായകനെയും നടനെയും നഷ്ടമാവുകയും സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് അകപ്പെടുകയും ചെയ്തു.തെരുവ് നാടകങ്ങളില്‍ നായകനായി ഒരേ വേഷം തന്നെ കെട്ടിയാടിയെങ്കിലും ചെണ്ടക്കാരന്‍ തങ്കപ്പന്‍ ക്ഷയം വന്നു മരിച്ചതോടെ അതും നിന്നു.

അപ്പോഴേക്കും ടീയാനമേന്‍ സ്‌കൊയറില്‍ കുട്ടികള്‍ കൊല്ലപ്പെടുകയും ജീ.ശങ്കരപ്പിള്ളസാര്‍ അന്തരിക്കുകയും ചെയ്തു.അതോടെ നാടക രംഗന്തുനിന്നും പൂര്‍ണമായി പിന്മാറിയെങ്കിലും അഭിനയം തുടര്‍ന്നു.

ഇതിനിടയില്‍ ശൈലജയെ മുറചെറുക്കന്‍ പൊന്നപ്പന്‍ താലികെട്ടുകയും അവള്‍ മൂന്ന് പ്രസവിക്കുകയും ചെയ്തു.
അവള്‍ ആരുടെയോ ഭാഗപത്രം ഉച്ചത്തില്‍ നീട്ടിവായിക്കുകയാണ്.വായിച്ചു ബോധ്യപ്പെട്ട ശേഷം ആരൊക്കയോ നിശബ്ദം ഒപ്പുവയ്ക്കുന്നു.

‘ഇതൊന്നു കഴിയട്ടെ’ എന്ന് എനിക്ക് ബോധ്യപ്പെടാന്‍ വേണ്ടിയാണെന്ന് തോന്നുന്നു അവള്‍ ഒരംഗവിക്ഷേപം കാട്ടി.

ഒരു കാര്യം തീര്‍ച്ച,അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല.മുഷിഞ്ഞ തോള്‍ സഞ്ചിയും തൂക്കി കവിത പാടി നടന്ന ഊശാന്‍ താടിക്കരാന്‍ അല്ലല്ലോ ഞാനിപ്പോള്‍.

എന്റെ ഫ്രെഞ്ചു താടിയും സില്‍ക്ക് ഷര്‍ട്ടും എം.സി.ആര്‍.മുണ്ടും കണ്ടാല്‍ ആര്‍ക്കും എന്നേപിടികിട്ടില്ല.ചിലപ്പോള്‍ എനിക്കുതന്നെ എന്നേ പിടികിട്ടാതെ വരാറുണ്ട്.അങ്ങിനെ വരുമ്പോള്‍ ‘പുട്ടേ’ എന്ന് വിളിച്ച് ആരെങ്കിലും പിടി കൊണ്ടുതരും.അപ്പന് പണ്ട് കുറ്റിപ്പുട്ടിന്റെ കച്ചവടം ഉണ്ടായിരുന്നേ.അപ്പനതിന്റെ ഗതികേടൊന്നും ഉണ്ടായിരുന്നില്ല.പിന്നെ പുള്ളാര് പഷ്ണി കിടക്കേണ്ടല്ലോ എന്ന് കരുതി മൂപ്പര് അപ്പണി ചെയ്തു എന്നേയുള്ളു.ഇത്തവണ നാട്ടില്‍ വന്ന് ‘പ്രാഞ്ചിയേട്ടന്‍&ദി സെയിന്റു’ കണ്ടതിനു ശേഷമാണ് സല്‍പ്പേരു മാറ്റാന്‍ സൂത്രപ്പണികള്‍ ഉണ്ടെന്നു മനസ്സിലായത്.(ഈ രഞ്ജിത്തിന്റെ ഒരു കാര്യം!)

പലപ്പോഴും പലതും മനസ്സിലാക്കി വരുമ്പോഴേക്കും കാലം കടന്നു പോയിരിക്കും.കോളേജില്‍ പഠിക്കുമ്പോഴും അത് തന്നെ സംഭവിച്ചു.ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആലോചിച്ചത് ഇപ്പോള്‍ പ്രീഡിഗ്രിക്കായിരുന്നെങ്കില്‍ കലക്കാമെന്നയിരുന്നു.എപ്പോഴും ഒരു മൂന്നാലഞ്ച് കൊല്ലം പിന്നോട്ട് സഞ്ചരിക്കുക.ചുരുക്കത്തില്‍ അതാതു കാലത്തില്‍ ജീവിക്കാന്‍ കഴിയാതെ വരിക.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സോപ്പുപെട്ടിക്കുള്ളില്‍ ട്രാന്‌സിസ്ടര്‍ റേഡിയോ കണ്ടുപിടിച്ചിരുന്നു.പിന്നീടാണ് അറിയുന്നത് മാര്‍ക്കോണി അത് പണ്ടേ കണ്ടുപിടിച്ചിരുന്നെന്നു.’പ്രാഞ്ചിയേട്ടന്‍’ ഒരു നാലഞ്ചു കൊല്ലം മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍ അപ്പന്‍ ജീവിച്ചിരിക്കുമ്പോള്‍ പേര് മാറാന്‍ എന്തെങ്കിലും ചെയ്യാമായിരുന്നു.ഇന്നിപ്പോള്‍ അപ്പനില്ല എങ്കിലും ‘പുട്ടുകുട്ടപ്പായീന്നുള്ള’ പേരുണ്ട്.

ഇപ്പോള്‍ ആധാരമെഴുത്ത് ആപ്പീസില്‍ തിരക്ക് കുറഞ്ഞു.ശൈലജ എന്റെ അടുത്തേക്ക് വന്നു.

‘ഇരുന്നു മുഷിഞ്ഞോ ?ന്താ വേണ്ടത്?

അവള്‍ അടുത്ത ഇടപാടുകാരനോട് ഇടപഴകും പോലെ.

‘ഒരു ഒഴിവുകുറി’ വേണം’ 

”തരാമല്ലോ,ഡോക്കുമെന്റ്‌സ് കൊണ്ടുവന്നിട്ടുണ്ടോ?’

ടീ……എസ്.പീ.ശൈലജെ ഞാനാരാണെന്ന് നിനക്ക് പിടികിട്ടിയില്ലാ?……സൂക്ഷിച്ചു നോക്ക്യേ’
അവളെന്നെ സാകൂതം ആ വാക്കുവേണ്ട …….അവളെന്നെ സൂക്ഷിച്ചു നോക്കി.

‘ഫഗവാനേ ……ഇതമ്മടെ പുട്ട് വര്‍ഗീസല്ലേ…എക്കണോമിക്‌സിലെ …..ആള്‍അങ്ങോടു വല്ലാണ്ടെ മാറീട്ടോ….നെന്നെ കണ്ടിട്ട് എനിക്ക് മനസ്സിലയില്ലെടാ പുട്ടേ ….

കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിന്റെ വലതുഭാഗത്തുണ്ടായിരുന്ന ആധാരമെഴുത്ത് ആപ്പീസ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്തേക്ക് മാറ്റിയപോലെ ……ശൈലജ നല്ല അസലു തൃശ്ശൂര്‍ ഭാഷയില്‍ സംസാരിക്കുന്നു.
(രണ്ജിത്തെ പ്രാഞ്ചിയേട്ടന്‍ കലക്കീട്ടോ)

അവളെന്റെ അടുത്ത കസ്സേരയില്‍ വന്നിരുന്നു.നാട്ടകം കോളേജ് ക്യാമ്പസിലെ വാകമരങ്ങളെ ഓര്‍ത്തെടുക്കാന്‍ അവള്‍ സാവകാശം തന്നില്ല.

സായിപ്പിന്റെ നാട്ടിലെ നടക്കാത്ത കാര്യങ്ങള്‍ തണ്ടൂരി മസാല ചേര്‍ത്ത് ഞാന്‍ വിളമ്പിക്കൊടുത്തു.

‘നമ്മുടെ പഴയ ചങ്ങാതിമാരെ നീ കാണാറുണ്ടോ?’

അവള്‍ കൈ മലര്‍ത്തി വെളുക്കെ ചിരിച്ചു.കഷ്ട്ടം.കൂടെ പഠിച്ചവരാരും അവളെക്കൊണ്ട് ഒരു ആധാരം ഇതുവരെ എഴുതിച്ചിട്ടില്ല.

‘പക്ഷെ പൊന്നപ്പന്‍ ചേട്ടനെ കാണാന്‍ എല്ലാവരും വരും.’അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.

‘അപ്പോള്‍ പൊന്നപ്പന്‍സാറിനു നിന്നെപ്പോലെ ആധാരമെഴുത്ത് ആണോ?നമ്മുടെ പോലീസുകാരന്‍ റോയ് പറഞ്ഞത് അങ്ങിനെ അല്ലല്ലോ?ഇനി നിങ്ങള്‍ തമ്മില്‍ വല്ല സ്വരച്ചേര്‍ചഇല്ലായ്മ ……

‘എന്റെ പൊന്നു പുട്ടേ ……നീ വിഡ്ഢിത്തരം പറയാതെ ….യൂറോപ്പില്‍ പോയിട്ടും നിന്റെ മണ്ടത്തരത്തിന് ഒരു മാറ്റവും ഇല്ല.ടാ..പൊന്നപ്പന്‍ചേട്ടന്‍ ജില്ലാ ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡുമെമ്പര്‍ ആണ്.ആധാരം പണയം വെക്കണമെങ്കില്‍ ബോര്‍ഡുമെമ്പറുടെ ശുപാര്‍ശ വേണം. നമ്മുടെ കൂടെ പഠിച്ചവരെല്ലാം അധോഗതിയില്‍ ആണെടാ പുട്ടേ ….നീ പിന്നെ യൂറോപ്പില്‍ ചെന്നുപെട്ടത് കൊണ്ട് നിന്നെക്കൊണ്ടെങ്കിലും ഒരുപകാരം ഉണ്ടായല്ലോ.’

‘അല്ല ഷൈമോളെ ഞാന്‍ വന്നത് ‘……

‘നീ ഒന്നും പറയേണ്ട …..ഡോക്കുമെന്റ്‌സ് തന്നോ ….പിന്നെ ……നീ യൂറോപ്പിലെ 
സിറ്റിസണ്‍ അല്ലല്ലോ …….ആണേല്‍ കൃഷിഭൂമി വാങ്ങാന്‍ പറ്റത്തില്ല ……ഒരു പുതിയ നിയമം വരാന്‍ പോകുന്നുണ്ട് …പതിന്നാലു ശതമാനം നികുതി …..നടപ്പിലായിട്ടില്ല …അതിനുമുന്‌പേ എഴുതിക്കോ. പിന്നെ ..നീ ഒരു ഐ.സി.ഐ.സി പോളിസി എടുക്കണം. ഞാന്‍ അതിന്റെ അഡ്വൈസര്‍ ആണ്’
അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിരത്തി.

‘പോളിസി ഒന്നോ രണ്ടോ എടുക്കാം…..പക്ഷെ നീ എന്നേ ഒന്ന് സഹായിക്കണം. ഈ വിവരം നമ്മുടെ സഹപാഠികള്‍ ആരും അറിയുകയും ചെയ്യരുത്.എനിക്ക് 

പൊന്നപ്പന്‍സാറിന്റെ ഒരു ശുപാര്‍ശ വേണം. ജില്ലാ ബാങ്കില്‍നിന്നും ഒരു ലോണ്‍ എടുക്കാനാ ……

അവള്‍ ബാഗില്‍നിന്നും ഐ.സി.ഐ.സി യുടെ രണ്ടു പോളിസി ഫോമുകള്‍ പുറത്തെടുത്തു നീട്ടി.ഞാനതു വാങ്ങി അവള്‍ പറഞ്ഞിടത്ത് ഒപ്പിട്ടു കൊടുത്തു.

അവള്‍ ഞാന്‍ കൊടുത്ത ആധാരം മറിച്ചു നോക്കി.കറുത്ത കണ്ണടക്കു മുകളിലൂടെ എന്നേ’ സാകൂതം ‘നോക്കി.എന്നിട്ട് ചോദിച്ചു’വര്‍ഗീസെ ഈ എട്ടു സെന്റും കൂരയും വെച്ചിട്ട് നിനക്ക് എത്ര രൂപാ വേണ്ടിയിട്ടാ….എന്താ ഇത്ര അത്യാവശ്യം’

‘ഒരു മൂന്നു ലക്ഷം മതിയാവും.അതേയ് പണ്ട് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു ചങ്ങാതിയെ ഇന്നലെ കണ്ടു.കൂടെ പഠിച്ചവര്‍ സിനിമയിലും സീരിയലിലും നല്ല നിലയില്‍ എത്തിയെങ്കിലും നാടകം കൊണ്ടുനടന്നു ചങ്ങാതി 
ഇപ്പോഴും വാടക വീട്ടിലാ …ഒരു ഗതിയുമില്ല….മോള് പ്ലസ് ടു പാസ്സായി. ബാംഗ്ലൂരില്‍ നഴ്‌സിംഗ് അഡ്മിഷന്‍ കിട്ടിയത്രേ.അവരെ ഒന്ന് സഹായിക്കാനാ ‘

അവള്‍ ആധാരം തിരിച്ചു തന്നു പറഞ്ഞു ‘അത്രയേ ഉള്ളോ ……അതിനു നിന്റെ ആധാരം ഒന്നും വേണ്ട …..ഞാന്‍ പൊന്നപ്പന്‍ചേട്ടന്റെ കൈയില്‍ നിന്നും വാങ്ങി തരാം ……നീ രാവിലെ വീട്ടിലോട്ടു വരണം. പൊന്നപ്പന്‍ ചേട്ടനും എന്റെ മക്കളും നിന്നെ കാണാന്‍ കാത്തിരിക്കുകയാണ്.എന്തിനാണെന്നോ?

ഞാന്‍ അമ്പരന്നു പോയി.വാകമാരചോട്ടിലിരുന്നതും ഇഡ്ഡലി തന്നതും ഇവള് വീട്ടില്‍ വിളമ്പിയോ?

hhi‘ടാ പുട്ടുവര്‍ഗീസെ,നീ നാടകം കളിച്ച കാശുകൊണ്ട് എന്നേ എം ഏ.മലയാളം പഠിപ്പിച്ച കാര്യമൊക്കെ വീട്ടുകാര്‍ക്ക് അറിയാം.നീ വിചാരിച്ചപോലെ ഞാന്‍ മലയാളം പ്രോഫെസര്‍ ഒന്നും ആയില്ലെങ്കിലും ഒരു മലയാളം ‘എഴുത്തുകാരി’ ആയില്ലേ’?
ഞങ്ങള്‍ ബസ്റ്റൊപ്പിലെയ്ക്കു നടന്നു.വാക മരങ്ങള്‍ വഴിയരികില്‍ പൂത്തു നിന്നിരുന്നു.

ജോണ്‍ വര്‍ഗീസ് 

Scroll To Top