Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ പ്രസവാവധി ഇരട്ടിയാക്കാന്‍ നിര്‍ദേശം:സ്‌കൂള്‍ സമയം കഴിഞ്ഞ് സ്‌കൂളില്‍ തന്നെ രണ്ട് മണിക്കൂര്‍ ചിലവഴിക്കാനുള്ള പദ്ധതിയും പരിഗണനയില്‍ 

അയര്‍ലണ്ടില്‍ പ്രസവാവധി ഇരട്ടിയാക്കാന്‍ നിര്‍ദേശം:സ്‌കൂള്‍ സമയം കഴിഞ്ഞ് സ്‌കൂളില്‍ തന്നെ രണ്ട് മണിക്കൂര്‍ ചിലവഴിക്കാനുള്ള പദ്ധതിയും പരിഗണനയില്‍ 

ഡബ്ലിന്‍:പ്രസവാവധിയുടെ കാലാവധി ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപപ്പെടുത്തുന്നു.ഇത് സംബന്ധിച്ച ബില്‍ തയാറാക്കുന്നതിനുള്ള കൂടിയാലോചനകള്‍ ആരംഭിച്ചു.നിലവില്‍ 26 ആഴ്ച്ച മാത്രമുള്ള അവധി 52 ആഴ്ച്ചയായി വര്‍ദ്ധിപ്പിക്കാനാണ് ഭരണകക്ഷി പുതിയ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.ഒപ്പം മാതാപിതാക്കള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള വിധത്തില്‍ അവധി ക്രമീകരിക്കാനുള്ള അവസരവും ഒരുക്കുമെന്ന് സര്‍ക്കാര്‍ പക്ഷം വാഗ്ദാനം ചെയ്യുന്നു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലവാരം ഉയര്‍ത്തുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ പരിപാലനത്തിനായുള്ള ക്രഷേകളിലെ തിരക്കും അതിനുള്ള ചിലവും കുറയ്ക്കാനും സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമിടുന്നു.ശിശുപരിപാലനത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്ന ലക്ഷക്കണക്കിന് യൂറോയുടെ അധിക ചിലവ് ഒഴിവാക്കാനാവും ഇത് വഴി സാധിക്കും.
കുട്ടികളുടെ എണ്ണത്തിന് ആവശ്യമായത്ര ഒഴിവുകള്‍ ക്രഷേകളില്‍ ഇല്ലാത്തതും സര്‍ക്കാരിന് നിലവില്‍ തലവേദനയുണ്ടാക്കുന്നുണ്ട്.പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുന്നതോടെ ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ ക്ഷേമം മാതാപിതാക്കളുടെ സംരക്ഷണത്തില്‍ തന്നെ ഉറപ്പുവരുത്താനാവുമെന്നും സര്‍ക്കാര്‍ കരുതുന്നു.

ഒരു വര്‍ഷത്തെ അവധിയാക്കുന്നതോടെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സാധിക്കുമെന്നാണ് ഭരണമുന്നണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ അമ്മയ്ക്ക് നിശ്ചിത കാലാവധിയ്ക്ക് മുമ്പേ പാട്ണറെ/ ഭര്‍ത്താവിനെ ചുമതലയേല്‍പ്പിച്ച് ജോലിയ്ക്ക് മടങ്ങേണ്ടി വന്നാല്‍ അതിന് പരിഹാരമായി പകരം അവധി ക്രമപ്പെടുത്തി നല്‍കണം എന്നും നിര്‍ദേശമുണ്ട്.ഫലത്തില്‍ ഒരു വര്‍ഷത്തില്‍ അധികമായി പ്രസവാവധി നീളുമെന്നാണ് സൂചന.

ഏര്‍ളി ചൈല്‍ഡ് ഹുഡ് അയര്‍ലണ്ട് എന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള നിര്‍ദേശങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി വിപ്ലവകരമായ പല പദ്ധതികളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി ക്ലാസ് സമയത്തിന് ശേഷം കുട്ടികള്‍ക്ക് സ്‌കൂളില്‍ തന്നെ രണ്ടു മണിക്കൂര്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസ് ക്രമീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.സ്‌കൂള്‍ സ്റ്റാഫിന്റെയും,മാനേജ്‌മെന്റിന്റെയും തീരുമാനങ്ങള്‍ കൂടി പരിഗണിച്ചാവും പ്രാദേശിക തലത്തില്‍ ഇത് നടപ്പാക്കുക.

ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ ഈ മാസം അവസാനിക്കും.സമ്മറോടെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.ഭരണകക്ഷി തന്നെ നേതൃത്വമെടുക്കുന്നതിനാല്‍ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കപെടുമെന്നാണ് കരുതപ്പെടുന്നത്.

Scroll To Top