Saturday December 03, 2016
Latest Updates

തോമസ് ഐസക്കും,മാത്യു ടി തോമസും വത്തിക്കാനിലേയ്ക്ക്

തോമസ് ഐസക്കും,മാത്യു ടി തോമസും വത്തിക്കാനിലേയ്ക്ക്

കൊച്ചി: മദര്‍ തെരേസയെ വിശുദ്ധയാക്കുന്ന വത്തിക്കാന്‍ ചടങ്ങിന് കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായി.
ധനമന്ത്രി ടി.എം. തോമസ് ഐസക്, ജലവിഭവ മന്ത്രി മാത്യു. ടി. തോമസ് എന്നിവരായിരിക്കും സംഘത്തിലെ മന്ത്രിമാര്‍.സീറോ മലങ്കര ചര്‍ച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് അഭ്യര്‍ത്ഥിച്ചതനുസരിച്ച്, മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് ഇവരെ വത്തിക്കാനിലേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗസ്റ്റ് 10-ന് പ്രഖ്യാപിച്ചത്.ക്രിസ്തുമത വിശ്വാസികള്‍ ഏറെയുള്ള ബംഗാള്‍, ദല്‍ഹി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പങ്കെടുക്കുന്നത്.

മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങില്‍ പക്ഷെ വനിതാ മന്ത്രിയും ക്രിസ്ത്യാനിയുമായ ജെ. മേഴ്സിക്കുട്ടിയമ്മയെയും പ്രവാസി വകുപ്പു മന്ത്രി കെ. ടി. ജലീലിനെയും അയക്കാഞ്ഞത് എന്തുകൊണ്ട് എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. മേഴ്സിക്കുട്ടിയമ്മയുടേത് മിശ്ര വിവാഹമായതിനാലാണ് ഇതെന്നും ചിലര്‍ ആരോപിക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ വലിയ സംഘത്തെയാണ് അയയ്ക്കുന്നത്. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പുമന്ത്രിയും വനിതയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, പാര്‍ലമെന്റിന്റെ പിഎസി അദ്ധ്യക്ഷന്‍ കെ.വി. തോമസ്, കോണ്‍റാഡ് സാങ്മ, ആന്റോ ആന്റണി, ജോസ് കെ. മാണി എന്നീ എംപിമാര്‍, സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്, നിയമജ്ഞന്‍ ഹരീഷ് സാല്‍വെ, സിബിസിഐ സെക്രട്ടറി ജനറല്‍ തിയഡോര്‍ മസ്‌ക്രീനാസ്, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് സംഘത്തില്‍.
പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ദല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനും കേന്ദ്രം അനുമതി നല്‍കി.

മദറിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ (2010), കേന്ദ്ര സര്‍ക്കാര്‍ അഞ്ചുരൂപ നാണയം ഇറക്കി ആദരവറിയിച്ചിരുന്നു.വിശുദ്ധയാക്കല്‍ സ്മരണയ്ക്ക് തപാല്‍ വകുപ്പ് പ്രത്യേക ‘ന്യുമിസ്മാറ്റിക്’ തപാല്‍ കവര്‍ ഇറക്കും.പട്ടുകൊണ്ടുണ്ടാക്കിയ കവറിനുമേല്‍ മുദ്രയും ഉള്ളില്‍ നാണയവും ചേര്‍ന്നതാണ് ന്യുമിസ്മാറ്റിക് കവര്‍. ഭാരത തപാല്‍ വകുപ്പ് ആദ്യമാണിതു ചെയ്യുന്നത്.

മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങില്‍ ഭാരതം ഔദ്യോഗികമായിപങ്കെടുക്കുന്നതിനോട് ചില സംഘടനകള്‍ വിയോജിപ്പുയര്‍ത്തിയിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ശക്തമാക്കുമെന്നായിരുന്നു വാദം. എന്നാല്‍, സുഷമ സ്വരാജ് പങ്കെടുക്കുമെന്നും മദര്‍ പാവങ്ങളെ സേവിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത് പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.

Scroll To Top