Saturday December 10, 2016
Latest Updates

മദര്‍ ഇനി വിശുദ്ധ

മദര്‍ ഇനി വിശുദ്ധ

ലോകത്തിന്റെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.

ചാരിറ്റി സിസ്റ്റേഴ്‌സിലെ നൂറുകണക്കിന് മിഷനറിമാരും, 1,500ഓളം ഭവനരഹിതരും, സ്‌പെയിനിലെ രാജ്ഞി സോഫിയ  അടക്കം വിവിധ രാജ്യങ്ങളുടെ  അമരക്കാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഇന്ത്യയിൽ നിന്നും വിദേശമന്ത്രി സുഷമാ സ്വരാജ്,അരവിന്ദ് കെജരിവാൾ,മമതാ ബാനർജി,മാത്യു ടി തോമസ് എന്നി നേതാക്കൾ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കാനെത്തി.
രോഗികള്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കും ദയാമയിയായ കാവലാളായിരുന്നു മദര്‍ തെരേസ എന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. ലോകത്ത് ദാരിദ്ര്യത്തിനു കാരണക്കാരായ ലോകനേതാക്കളെ മുഴുവനും മദര്‍ ലജ്ജിപ്പിച്ചു. ഇന്നത്തെ ക്രിസ്ത്യാനികള്‍ മുഴുവനും മദറിനെ മാതൃകയാക്കണമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു. അവശരായവര്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കും താങ്ങായി ജീവിതം ചെലവഴിച്ച മദര്‍, അവരില്‍ ദൈവം നല്‍കിയ മഹത്വത്തെ ദര്‍ശിച്ചുവെന്നും മാര്‍പ്പാപ്പ പറഞ്ഞു. ലോകത്ത് ദാരിദ്ര്യത്തിനു കാരണക്കാരായ ഓരോരുത്തരെയും അദ്ദേഹം മദറിന്റെ പുണ്യ പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു.
1910 ഓഗസ്റ്റ് 26ന് അല്‍ബേനിയന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച മദര്‍ തെരേസ, ലൊറേറ്റോ ഓര്‍ഡറിന്റെ ഭാഗമായി 1929ല്‍ ഇന്ത്യയിലെത്തി. 1946ല്‍ ആത്മാവില്‍ നിന്നുണ്ടായ ദൈവവിളിയെത്തുടര്‍ന്ന് പിന്നീടുള്ള ജീവിതം പാവങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തു. 1950ലാണ് മദറിന്‍രെ നേതൃത്വത്തില്‍ മിഷനറീസ് ചാരിറ്റി എന്ന സംഘടന രൂപംകൊള്ളുന്നത്. 1979ല്‍ മദറിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1997ല്‍ കൊല്‍ക്കത്തയിലായിരുന്നു ആ മഹതിയുടെ അന്ത്യം.
മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന്റെ ഭാഗമായി വത്തിക്കാനില്‍ ഭവനരഹിതരായ 1,500ഓളം പേര്‍ക്ക് ഉച്ചഭക്ഷണമായി മാര്‍പ്പാപ്പ പിസ നല്‍കി.
കെ ആർ സൂരജ്
Scroll To Top