Thursday July 27, 2017
Latest Updates

അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ യൂ എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരുപതോളം മലയാളികളുമെന്ന് സൂചനകള്‍

അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ യൂ എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരുപതോളം മലയാളികളുമെന്ന് സൂചനകള്‍

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഐഎസ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ജിബിയു 43 ബോംബ് ആക്രമണത്തില്‍ ഇരുപതോളം മലയാളി ഭീകരര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആകെ 36 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇവരില്‍ പകുതിയോളവും മലയാളികളാണ് എന്നാണ് പ്രാഥമിക സൂചനകള്‍.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയും,പ്രൈം പോസ്റ്റ് ഇന്ത്യയുമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. കേരളത്തില്‍ നിന്ന് അഫ്ഗാനിലേക്കു കടന്ന ഭീകരര്‍ ഇവിടെയാണ് ഉള്ളതെന്ന് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

‘ബോംബുകളുടെ മാതാവ്’ എന്നു വിശേഷിപ്പിക്കുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു 43 അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തില്‍ പ്രയോഗിച്ചുകൊണ്ട് താന്‍ യുദ്ധവഴിയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയലേശമില്ലാതെ വ്യക്തമാക്കുകയായിരുന്നു.

വ്യാഴാഴ്ച അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തില്‍ ഭീമന്‍ ബോംബ് വര്‍ഷിച്ച അമേരിക്കന്‍ സൈന്യത്തെ ട്രംപ് അഭിനന്ദിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി പതിവുപോലെ തങ്ങളുടെ ജോലി വിജയകരമായി ചെയ്തെന്ന് ട്രംപ് വൈറ്റ്ഹൗസില്‍ പറഞ്ഞു.

കിഴക്കന്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭ്യമല്ല. ആദ്യമായാണ് ഇത്തരത്തിലുള്ള ബോംബ് അമേരിക്ക ഉപയോഗിക്കുന്നത്. ഇതിന്റെ നാശത്തിന്റെ തോത് അറിയാന്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സജീവമായി രംഗത്തുണ്ട്.

നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ഭീകരര്‍ ഒരുക്കിയിരുന്ന ഭൂഗര്‍ഭ സംവിധാനത്തെ ഉന്നമിട്ടാണ് ബോംബ് പ്രയോഗിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഭീകരര്‍ക്ക് സ്വതന്ത്രസഞ്ചാരത്തിന് ഉന്നമിട്ട് തയ്യാറാക്കിയതായിരുന്നു ഈ ടണലുകളുടെ ശൃംഖല.

9,797 കിലോ ഗ്രാം വരുന്ന ബോംബ് ആദ്യമായാണ് യുദ്ധമുഖത്തു പരീക്ഷിക്കുന്നത്. 20 നീളമുള്ള ബോംബിന് ഭൂമിക്കടിയിലേക്ക് 200 അടിവരെ തുളച്ചു നാശം വിതയ്ക്കാന്‍ ശേഷിയുണ്ട്. 60 അടിവരെ കനം വരുന്ന കോണ്‍ക്രീറ്റ് നിര്‍മിതി തകര്‍ക്കാനും ഇതിനാവും.

ഇതേസമയം, ഈ ബോംബ് പരീക്ഷിക്കാനും അതിന്റെ ആഘാതം വിലയിരുത്താനുമാണ് സേനയ്ക്ക് ട്രംപ് അവസരം നല്കിയതെന്നാണ് പിന്നണിയില്‍ നിന്നു വരുന്ന വിവരം. 2003ലാണ് ഈ ബോംബ് ആദ്യമായി പരീക്ഷിക്കുന്നത്. ഈ ബോംബ് ആദ്യം പരീക്ഷിച്ചപ്പോള്‍ ഇതിന്റെ പുകപടലം (മഷ്റൂം കല്‍ഡ്) 32 കിലോ മീറ്റര്‍ അകലെ വരെ ദൃശ്യമായിരുന്നു.

രാവിലെ 7:32 നാണ് ബോംബ് വര്‍ഷിച്ചത്. ലോക്ഹീഡ് എംസി 130 ട്രാന്‍സ്പോര്‍ട്ട് വിമാനത്തില്‍ കൊണ്ടുവന്നാണ് ബോംബ് വര്‍ഷിച്ചത്.

Scroll To Top