Wednesday December 07, 2016
Latest Updates

മോര്‍ട്ട്‌ഗേജില്‍ കിടക്കുന്ന 900 വീടുകള്‍ വിദേശകുത്തകകള്‍ക്ക് വില്‍ക്കാന്‍ അള്‍സ്റ്റര്‍ ബാങ്ക്;കെന്നി സര്‍ക്കാര്‍ നോക്കുകുത്തിയാവരുതെന്ന് ആവശ്യമുയരുന്നു

മോര്‍ട്ട്‌ഗേജില്‍ കിടക്കുന്ന 900 വീടുകള്‍ വിദേശകുത്തകകള്‍ക്ക് വില്‍ക്കാന്‍ അള്‍സ്റ്റര്‍ ബാങ്ക്;കെന്നി സര്‍ക്കാര്‍ നോക്കുകുത്തിയാവരുതെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍: മോര്‍ട്ട്‌ഗേജ് എടുത്തവരുടെ 900 വീടുകള്‍ വിദേശ കുത്തക കമ്പനിക്ക് വില്‍ക്കാനുള്ള അള്‍സ്റ്റര്‍ ബാങ്കിന്റെ നീക്കം വിവാദമാകുന്നു. 2.5 ബില്ല്യണ്‍ യൂറോ മതിപ്പുവിലയുള്ള വീടുകള്‍ കൈമാറാനാണ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് ലോണ്‍ എടുത്തവരുടെ നിയന്ത്രണം, വള്‍ച്ചര്‍ ഫണ്ട്‌സ് എന്നറിയപ്പെടുന്ന വിദേശ കമ്പനിയുടെ കൈകളിലായിരിക്കും. ഈ മോര്‍ട്ട്‌ഗേജുകളില്‍ 95% രണ്ട് വര്‍ഷവും, 88% മൂന്നു വര്‍ഷവും പഴക്കമുള്ളവയാണ്.

അതേസമയം ബാങ്കില്‍ നിന്നും മോര്‍ട്ട്‌ഗേജ് എടുത്തവര്‍ വീടുകള്‍ തിരികെ ലഭിക്കാനായി കോടതിയില്‍ കേസ് നടത്തുകയാണ്. ഇതിനിടെയാണ് വില്‍പ്പന നീക്കം.

അള്‍സ്റ്റര്‍ ബാങ്കിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് പല ഭാഗത്തു നിന്നും ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. മന്ത്രി മൈക്കല്‍ നൂനാനുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഐറിഷ് മോര്‍ട്ട്‌ഗേജ് അസോസിയേഷന്‍ പ്രതിനിധി ഡേവിഡ് ഹാള്‍ വ്യക്തമാക്കി. വിദേശ കമ്പനിക്ക് മോര്‍ട്ട്‌ഗേജ് കൈമാറുന്നതിനു മുമ്പ് ബാങ്ക്, സര്‍ക്കാരുമായും ഹൗസിങ് ഏജന്‍സികളുമായും കൂടിയാലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്ക്, രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സംഭവത്തിനെതിരെ സ്വതന്ത്ര ടിഡി മൈക്കല്‍ ഫിറ്റ്‌സ്മൗറിസും രംഗത്തെത്തി. അള്‍സ്റ്റര്‍ ബാങ്കടക്കമുള്ള രാജ്യത്തെ ബാങ്കുകള്‍ ഭാവിയില്‍ ഇത്തരം നീക്കം നടത്താതിരിക്കാന്‍ അടിയന്തര നിയമ നിര്‍മ്മാണം നടത്തണമെന്നും മൗറിസ് ആവശ്യപ്പെട്ടു. ഷിന്‍ ഫെന്‍ വക്താവ് പിയേഴ്‌സ് ഡോഹര്‍ട്ടി, താന്‍ മന്ത്രി നൂനാന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Scroll To Top