Saturday December 03, 2016
Latest Updates

മോര്‍ട്ട്‌ഗേജ് ജപ്തി നടപടികള്‍ ബാങ്കുകള്‍ ഊര്‍ജിതമാക്കി,ജപ്തിയല്ല പരിഹാരമെന്ന് മന്ത്രി മൈക്കിള്‍ നൂനന്‍ 

മോര്‍ട്ട്‌ഗേജ് ജപ്തി നടപടികള്‍ ബാങ്കുകള്‍ ഊര്‍ജിതമാക്കി,ജപ്തിയല്ല പരിഹാരമെന്ന് മന്ത്രി മൈക്കിള്‍ നൂനന്‍ 

ഡബ്ലിന്‍ :കഴിഞ്ഞ വര്‍ഷം രാജ്യത്തെ എല്ലാ ബാങ്കുകളില്‍ നിന്നും കോടതിയിലെത്തിയ ജപ്തി കേസുകളില്‍ പത്തിരട്ടിയുടെ വര്‍ധന. ഇതില്‍ കൂടുതലും വീടുകള്‍ ജപ്തി ചെയ്യുന്നതിന് കോടതിയുടെ അനുമതി തേടിയുള്ള അപേക്ഷകളാണ്. ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 11,500 അപേക്ഷകളാണ് ജപ്തി നടപടികള്‍ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. 

കഴിഞ്ഞ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ ജപ്തി നടപടികളാവശ്യപ്പെട്ട് 2500 അപേക്ഷകളാണ് കോടതിയിലെത്തിയത്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ പത്തിരട്ടി കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ പ്രകാരം 38,000 ഭവന വായ്പകളും രണ്ട് വര്‍ഷത്തോളം തിരിച്ചടവ് മുടങ്ങിക്കിടക്കുന്നവയാണ്. ഇതുകൊണ്ടുതന്നെ വീടുകളാണ് ജപ്തി ഭീഷണി നേരിടുന്നവയിലേറെയും. 

ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് ഇന്‍സോള്‍വന്‍സി സര്‍വീസ്, വായ്പ വാടകയാക്കി മാറ്റുന്ന പദ്ധതി തുടങ്ങി സ്വന്ത്രമായ സാമ്പത്തികനിയമ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ആവശ്യകതയിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് നിലവിലെ വിപണി മൂല്യത്തിനനുസരിച്ച് വാടകയ്ക്ക് നല്‍കുന്ന സംവിധാനമാണിത്. 

അതേസമയം വായ്പ തിരിച്ചടക്കാത്തതിന് ജപ്തിയല്ല പരിഹാരമെന്ന് ധനമന്ത്രി മൈക്കില്‍ നൂനന്‍ പറഞ്ഞു. ഓരോ മാസവും ബാങ്കുകള്‍ വായ്പ വ്യവസ്ഥകള്‍ പുനസംഘടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബാങ്കുകള്‍ നിയമ നടപടികള്‍ ശക്തമാക്കിയിരിക്കെ അത് തടയാനാവാതെ സര്‍ക്കാര്‍ മരവിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.

Scroll To Top