Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ഇനി വീട് വാങ്ങാന്‍ കഴിയുക പണക്കാര്‍ക്കു മാത്രമോ ?എസ്റ്റേറ്റ് മാഫിയ പിടി മുറുക്കുന്നു

അയര്‍ലണ്ടില്‍ ഇനി വീട് വാങ്ങാന്‍ കഴിയുക പണക്കാര്‍ക്കു മാത്രമോ ?എസ്റ്റേറ്റ് മാഫിയ പിടി മുറുക്കുന്നു

ഡബ്ലിന്‍: രാജ്യത്ത് ഇനി വീടു വാങ്ങാന്‍ കഴിയുക പണക്കാര്‍ക്കു മാത്രം എന്ന സ്ഥിതിയിലേയ്ക്ക് എത്തുകയാണോ?വീട് വാങ്ങാനായി ഡിപ്പോസിറ്റ് തുകയും കരുതി കാത്തിരിക്കുന്ന മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേരെ ആകുലരാക്കുന്ന ചോദ്യങ്ങളില്‍ ഒന്നാണ് ഇത്.വീടുകള്‍ക്കും മറ്റ് ബില്‍ഡിങ്ങുകള്‍ക്കുമുള്ള വില ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നതാണ് ഇതിനു കാരണം.വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെങ്കിലും വന്‍ തുക മുടക്കി അവ വാങ്ങാന്‍ കഴിയുന്നത് പണക്കാര്‍ക്ക് മാത്രമാണ് എന്നതാണ് സത്യം.പ്രത്യേകിച്ചും ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളില്‍.
പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്ററിന്റെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം 15,283 പ്രോപ്പര്‍ട്ടികളാണ് ഡബ്ലിനില്‍ വിറ്റു പോയിട്ടുള്ളത്.ഇവയില്‍ 2,158 എണ്ണം പുതുതായി നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.എന്നാല്‍ വന്‍ തുക മുടക്കി പുതിയവയില്‍ നൂറുകണക്കിന് വീടുകള്‍ വാങ്ങിയത് നിക്ഷേപകരാണ്. സാധാരണക്കാര്‍ക്കായി വില്‍പ്പനയ്ക്ക് ലഭിച്ചത് 1,500 എണ്ണം മാത്രം. തീര്‍ന്നില്ല കണക്കുകള്‍. 300,000 യൂറോയാണ് ഡബ്ലിനില്‍ സാധാരണക്കാര്‍ക്ക് ഒരു വീടിന് നല്‍കാന്‍ കഴിയുന്ന പരമാവധി വില. എന്നാല്‍ ഈ 1,500 വീടുകളില്‍ 800 എണ്ണത്തിനും വില വന്നത് 300,000 യൂറോയ്ക്ക് മുകളില്‍. അതായത് പുതിയ വീടു വാങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നേരിടേണ്ടി വന്നു എന്നര്‍ത്ഥം. നല്ല ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ പുതിയ വീടുകള്‍ വാങ്ങാന്‍ താല്‍പര്യം കാണക്കാത്തതും ഈ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നതിന്റെ ഭാഗമായി വിറ്റു പോകും എന്ന് ഉറപ്പുള്ള വീടുകള്‍ക്ക് അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് ലോണ്‍ നല്‍കാന്‍ നാഷണല്‍ അസറ്റ് മാനേജ്‌മെന്റ് ഏജന്‍സി (നാമ) തയ്യാറെടുക്കുന്നുണ്ട്. ഗൃഹനിര്‍മ്മാണ നികുതിയില്‍ ഇളവ് വരുത്തിയും മറ്റും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരും ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ ബാങ്കുകളില്‍ നിന്ന് പണക്കാര്‍ക്ക് മാത്രമാണ് വീട് നിര്‍മ്മാണത്തിന് ലോണ്‍ ലഭിക്കുന്നത്. സ്ഥലത്തിന് പുറമെ ഒരു ത്രീ ബെഡ്‌റൂം വീട് നിര്‍മ്മാണത്തിന് മാത്രമായി 130,000 യൂറോയാണ് ചെലവഴിക്കേണ്ടി വരുന്നത് എന്നാണ് സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വ്വെയേഴ്‌സ് പറയുന്നത്. ഇതില്‍ 18,000 യൂറോ വാറ്റ് (VAT)മാത്രമാണ് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിപണിയില്‍ നിലവിലുള്ള വീടുകളും എസ്റ്റേറ്റ് മാഫിയ പിടിച്ചടക്കും എന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.മോര്‍ട്ട്‌ഗേജ് തിരിച്ചടവ് മുടങ്ങിയ നൂറുകണക്കിന് പേരുടെ കൈവശത്തില്‍ നിന്നും ബാങ്കുകള്‍ പിടിച്ചെടുത്ത വീടുകളും സര്‍ക്കാര്‍ ഏജന്‍സി വഴി വിറ്റത് വിദേശകമ്പനികള്‍ അടക്കമുള്ള വന്‍കിടക്കാര്‍ക്കാണ്.മുതല്‍ മുടക്കി കൊള്ളലാഭം കൊയ്യാനുള്ള പുറപ്പാടില്‍ എസ്റ്റേറ്റ് മാഫിയ നീങ്ങുമ്പോള്‍ കൂടുതല്‍ പേര്‍ അയര്‍ലണ്ടിലെ തെരുവുകളിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

Scroll To Top