Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ക്രഡിറ്റ് യൂണിയനുകള്‍ വഴി ഭവന വായ്പ ലഭ്യമാക്കാന്‍ നടപടി:വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

അയര്‍ലണ്ടിലെ ക്രഡിറ്റ് യൂണിയനുകള്‍ വഴി ഭവന വായ്പ ലഭ്യമാക്കാന്‍ നടപടി:വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത

ഡബ്ലിന്‍:ഭവനവായ്പ തേടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത !കര്‍ശന നിലപാടുകള്‍ പുലര്‍ത്തുന്ന ബാങ്കുകള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ക്രഡിറ്റ് യൂണിയനുകള്‍ വഴി വായ്പ ലഭ്യമാക്കാന്‍ സംവിധാനം ഒരുങ്ങുന്നു.മോര്‍ട്ട്‌ഗേജ് ലെന്‍ഡിംഗിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി ക്രെഡിറ്റ് യൂണിയനുകള്‍ ഉടന്‍ സമര്‍പ്പിക്കും. ആകെ ആസ്തിയില്‍നിന്നൊരു ഭാഗമായ 4 ബില്യണ്‍ യൂറോ വായ്പകള്‍ നല്‍കാന്‍ മാത്രമായി മാറ്റി വെച്ചു കൊണ്ടാണ് ക്രെഡിറ്റ് യൂണിയനുകള്‍ പുതിയ വഴികള്‍ തേടുന്നത്. അയര്‍ലണ്ടിലെ ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ക്രെഡിറ്റ് യൂണിയനുകള്‍ നടത്താന്‍ തയാറെടുക്കുന്ന ഈ വിപുലീകരണം.

അതേസമയം ക്രെഡിറ്റ് യൂണിയനുകള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ്
കരുതപ്പെടുന്നത്. ക്രെഡിറ്റ് യൂണിയനുകളെയും മറ്റും നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ ബാങ്കാണ്. എന്നാല്‍ ക്രെഡിറ്റ് യൂണിയനുകള്‍ ഇതുവരെ ഇവിടെ സമര്‍പ്പിക്കേണ്ടതായ പദ്ധതി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടില്ല. ക്രെഡിറ്റ് യൂണിയനുകള്‍ വായ്പ് നല്‍കുന്ന രീതിയിലോ, മാനദണ്ഡങ്ങളിലോ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ അറിവോടെ മാത്രമെ സാധിക്കുകയുള്ളു.

ഈ മാസം അവസാനത്തോടെയാണ് ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍സിന്റെ വാര്‍ഷിക യോഗം. ഈ യോഗത്തില്‍ വായ്പാ രീതികളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകും. രണ്ടിന നിര്‍ദ്ദേശങ്ങളായിരിക്കും യോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുക എന്നറിയുന്നു.ഇതിനു ശേഷം മാത്രമേ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുകയുള്ളൂ.പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ക്രഡിറ്റ് യൂണിയന്‍ നിലപാടിന് സെന്‍ട്രല്‍ ബാങ്കും സര്‍ക്കാരും പിന്തുണ നല്കുമെന്നാണ് അറിയുന്നത്. 

ക്രെഡിറ്റ് യൂണിയനുകളുടെ എല്ലാം പിന്തുണയോടെ ഒരു കേന്ദ്രീകൃത സംവിധാനമുണ്ടാക്കുക. വായ്പകള്‍ വേണ്ടവര്‍ പ്രാദേശിക ക്രെഡിറ്റ് യൂണിയനുകളെ സമീപിക്കുകയും കാര്യകാരണങ്ങള്‍ പരിശോധിച്ച് പ്രാദേശിക ക്രെഡിറ്റ് യൂണിയനുകള്‍ അത് കേന്ദ്രസംവിധാനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്യും. ഈ ബോഡിയായിരിക്കും വായ്പ സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ക്യാനഡയിലുള്ള ക്രെഡിറ്റ് യൂണിയനുകള്‍ വിജയകരമായി പരീക്ഷിച്ചിട്ടുള്ള ഒരു മാതൃകയാണിത്. ഇതില്‍നിന്നുണ്ടാകുന്ന ലാഭം അതാത് ക്രെഡിറ്റ് യൂണിയനുകള്‍ക്ക് തന്നെയാകും ലഭിക്കുക.

രണ്ടാമത്തെ നിര്‍ദ്ദേശം ലോക്കല്‍ ക്രെഡിറ്റ് യൂണിയനില്‍ തന്നെ അപേക്ഷ പരിഗണിക്കുകയും അനുമതി നല്‍കുകയും വായ്പ നല്‍കുകയും ചെയ്യുന്ന രീതിയാണ്. എന്നാല്‍ ലോക്കല്‍ ക്രെഡിറ്റ് യൂണിയനുകളുടെ യോഗ്യതകളെ എപ്പോഴും സംശയത്തോടെ മാത്രം നോക്കി കാണുന്ന സെന്‍ട്രല്‍ ബാങ്ക് ഇതിന് അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നും കേന്ദ്രീകൃത സംവിധാനത്തിലൂടെ തന്നെ വായ്പകള്‍ ലഭ്യമാക്കുമെന്നാണ് ഇപ്പോള്‍ തന്നെ ഉയര്‍ന്നുകേള്‍ക്കുന്ന അഭിപ്രായം.

ക്രെഡിറ്റ് യൂണിയനുകള്‍ക്കാകെ 13 ബില്യണ്‍ യൂറോയുടെ ആസ്തിയുണ്ടെന്ന് ലീഗിന്റെ ആക്ടിംഗ് ഹെഡ് എഡ് ഫാരല്‍ പറഞ്ഞു. ഇതില്‍നിന്ന് മൂന്നു മുതല്‍ നാല് ബില്യണ്‍ യൂറോ വരെ വായ്പ നല്‍കാനാണ് ക്രെഡിറ്റ് യൂണിയനുകള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top