Friday December 09, 2016
Latest Updates

ഭവന വായ്പ നേടാന്‍ ആവശ്യക്കാര്‍ നെട്ടോട്ടമോടുന്നതായി റിപ്പോര്‍ട്ട്,മലയാളികള്‍ ഭവനമോഹം തല്‍ക്കാലം മാറ്റിവെയ്ക്കുന്നു 

ഭവന വായ്പ നേടാന്‍ ആവശ്യക്കാര്‍ നെട്ടോട്ടമോടുന്നതായി റിപ്പോര്‍ട്ട്,മലയാളികള്‍ ഭവനമോഹം തല്‍ക്കാലം മാറ്റിവെയ്ക്കുന്നു 

ഡബ്ലിന്‍: ഭവന വായ്പ നേടാന്‍ ആവശ്യക്കാര്‍ നെട്ടോട്ടമോടുന്നതായി റിപ്പോര്‍ട്ട്.മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതില്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധി ഡിസംബര്‍വരെയെങ്കിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായി വീട് വാങ്ങാന്‍ ശ്രമിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെയാകും ഈ പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുക. മോര്‍ട്ട്‌ഗേജുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സെന്‍ട്രല്‍ ബാങ്ക് തീരുമാനത്തിന് ശേഷമാണ് ഏറ്റവും പുതിയ പ്രതിസന്ധി തുടങ്ങിയത്. മോര്‍ട്ട്‌ഗേജിന് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംശയം നൂറുകണക്കിന് പേരാണ് മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാരെ സംശയം ചോദിക്കാന്‍ വിളിക്കുന്നത്.

പ്രതിസന്ധിക്ക് തുല്യമായ സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് മോര്‍ട്ടേജ് അഡ്‌വൈസേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് പോള്‍ ഷോര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ ബാങ്ക് മോര്‍ട്ട്‌ഗേജുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് നിയമഭേദഗതി കൊണ്ടുവന്നത്. ഡെപ്പോസിറ്റ് തുക വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയത്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഡിസംബര്‍ മുതല്‍ ഭൂരിപക്ഷം ഇടപാടുകാര്‍ക്കും തങ്ങളുടെ ശമ്പളത്തിന്റെ മൂന്നോ മൂന്നരയോ ഇരട്ടി തുക മാത്രമേ ലോണ്‍ ലഭിക്കൂ.

ഡെപ്പോസിറ്റ് തുക 20 ശതമാനം വരെ വര്‍ധിപ്പിക്കുകയും ചെയ്തു. അതായത് 300,000 യൂറോയുടെ വീടിനു ഇനി 60,000 യൂറോ ഡെപ്പോസിറ്റ് നല്‍കണം. പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പായി ലോണ്‍ തരപ്പെടുത്തിഎടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അപേക്ഷകരുടെ എണ്ണത്തില്‍ കുത്തനെവര്‍ധനവുണ്ടായത്. മോര്‍ട്ട്‌ഗേജിനായി ഇത്രയും അപേക്ഷകര്‍ ഒരുമിച്ച് വരുന്നത് ഇത് ആദ്യമായാണെന്ന് മോര്‍ട്ട്‌ഗേജ് അഡ്‌വൈസര്‍മാര്‍ പറയുന്നു.

കുറഞ്ഞ തോതില്‍ ഡിപ്പോസിറ്റ് തുക അടച്ച് ഹൌസിംഗ് ലോണ്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ചെറിയ നിക്ഷേപങ്ങളുമായി കാത്തിരുന്ന ഒട്ടേറെ മലയാളികളും ഇപ്പോള്‍ കൂടുതല്‍ തുക കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.അതേസമയം അടുത്ത വര്‍ഷം പകുതിയ്ക്ക് മുന്‍പെങ്കിലും വീട് വാങ്ങാന്‍ കാത്തിരുന്ന നിരവധി മലയാളികള്‍ ഇപ്പോഴത്തെ പ്രതിസന്ധി അയയുന്ന സമയം വരെ കാത്തിരിക്കുവാന്‍ തീരുമാനിച്ചതായി ‘ഐറിഷ് മലയാളിയോട്’ വെളിപ്പെടുത്തി.ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന വില അടുത്ത വര്‍ഷത്തോടെ കുറഞ്ഞേക്കുമെന്ന വിപണിയിലെ വിദഗ്ദരുടെ വിലയിരുത്തലുകളാണ് ‘ഭവന മോഹങ്ങള്‍’ഒരു വര്‍ഷത്തെയ്‌ക്കെങ്കിലും നീട്ടി വെയ്ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. 

പുതിയ അപേക്ഷകര്‍ ബാങ്കുമായി ബന്ധപ്പെടുന്നതിന് പുറമേ ഇതിനകം ലോണ്‍ ഉറപ്പാക്കിയവര്‍ അത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലും ബാങ്കുകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Scroll To Top