Wednesday February 22, 2017
Latest Updates

നേപ്പാള്‍ ഭൂകമ്പം, 200 മലയാളികള്‍ കുടുങ്ങി കിടക്കുന്നു;കാണാതായ ഒരു മലയാളി ഡോക്ടറെ കണ്ടെത്തി

നേപ്പാള്‍ ഭൂകമ്പം, 200 മലയാളികള്‍ കുടുങ്ങി കിടക്കുന്നു;കാണാതായ ഒരു മലയാളി ഡോക്ടറെ കണ്ടെത്തി

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ 200 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ കാണാതായ രണ്ടു മലയാളി ഡോക്ടര്‍മാരില്‍ ഒരാളെ കണ്ടെത്തിയതായും വിവരമുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നേപ്പാളിലേക്ക് പോയ രണ്ടു മലയാളികള്‍ അടങ്ങുന്ന മൂന്നംഗ ഡോക്ടര്‍ സംഘത്തെയാണ് കാണാതായിരുന്നത്. ഇതില്‍ ഡോ: ദീപകിനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഡോ: ഇര്‍ഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരോടൊപ്പമുണ്ടായിരുന്ന ഡോ: അബിന്‍ സൂരി നേരത്തെ നേപ്പാളിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണെന്ന് വിവരമുണ്ടായിരുന്നു.

നേപ്പാളിലും ഉത്തരേന്ത്യയിലുമുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണ സംഖ്യ 1800 കവിഞ്ഞു. 1000ത്തിലധികം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 5000 ലേക്ക് ഉയര്‍ന്നേക്കാമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇന്നലെ രാവിലെ 11.56ന് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടുനിന്നു. നേപ്പാളില്‍ 80 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. നേപ്പാളിലെ രണ്ടാമത്തെ പ്രധാനനഗരമായ പൊഖ്‌റയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. 6.6 തീവ്രത രേഖപ്പെടുത്തിയ രണ്ടു മിനിറ്റു നീണ്ടുനിന്ന 16 തുടര്‍ചലനങ്ങളും ഉണ്ടായി. ഇന്ത്യയില്‍ 41 പേരും ടിബറ്റില്‍ 12 പേരും ബംഗ്‌ളാദേശില്‍ മൂന്നു പേരും മരിച്ചതായാണു റിപ്പോര്‍ട്ട്.

നേപ്പാളില്‍ നിന്നൊഴിപ്പിച്ച 52 പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘവുമായുള്ള എയര്‍ഫോഴ്‌സ് വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. കൂടുതല്‍ പേരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരികയാണെന്നും അദേഹം അറിയിച്ചു. 250 ഇന്ത്യക്കാരെ ഇന്നുതന്നെ നേപ്പാളില്‍ നിന്നുമൊഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. നേപ്പാളിലുള്ള ഇന്ത്യക്കാരോട് കഠ്മണ്ഡുവില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന എയര്‍ഫോഴ്‌സുമായി ബന്ധപ്പെടാനും സുഷമ ആവശ്യപ്പെട്ടു.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പര്‍ 01123012113, 2301104, 23017905 . നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍: +977സ9851107021, +9779851135141.

 

 

Scroll To Top