Sunday December 04, 2016
Latest Updates

താന്‍ മര്‍ഡൊക്കിന്റെ പകപോക്കലിന്റെ ഇര; കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സഹായിച്ചു. വെളിപ്പെടുത്തലുമായി ലളിത് മോദി

താന്‍ മര്‍ഡൊക്കിന്റെ പകപോക്കലിന്റെ ഇര; കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സഹായിച്ചു. വെളിപ്പെടുത്തലുമായി ലളിത് മോദി

ഐപിഎല്‍ അഴിമതിക്കേസില്‍ പ്രതിയായ ലളിത് മോദിയെ സഹായിച്ചതിന്റെ പേരില്‍ ബിജെപി നേതാക്കളായ സുഷമ സ്വരാജിനും വസുന്ധര രാജയ്ക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ലളിത് മോദി രംഗത്ത്. ഇന്ത്യാ ടുഡെ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മാധ്യമ ഭീമന്‍ മര്‍ഡോക്കാണ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ലളിത് മോദി ആരോപിച്ചു.

തന്റെ ഇമെയിലുകള്‍ ചോര്‍ത്തിയത് മര്‍ഡോക്കാണെന്ന് ലളിത് മോദി പറയുന്നു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സണ്‍ഡേ ടൈംസ് ആണ് ഇമെയിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ സംപ്രേഷണാവകാശം മര്‍ഡോക്കിന്റെ സ്റ്റാര്‍ ഗ്രൂപ്പിനായിരുന്നു. എന്നാല്‍ ഐപിഎല്ലിന്റെ സംപ്രേഷണം നല്‍കിയത് സോണി ചാനലിനാണ്. ഇതിന്റെ പ്രതികാരം തീര്‍ക്കാനായാണ് മര്‍ഡോക്കിന്റെ നടപടിയെന്നും മോദി ആരോപിച്ചു.

കൂടാതെ സുഷമസ്വരാജിന്റെ കുടുംബവുമായി ദീര്‍ഘകാലത്തെ ബന്ധമുള്ളതായും മോദി സ്ഥിതീകരിച്ചു. സുഷമയുമായി 20 വര്‍ഷത്തെ പരിചയമുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ പിന്തുണച്ചു കത്തയച്ചിരുന്നുവെന്നും ലളിത് മോദി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. വസുന്ധര രാജ സിന്ധ്യ തന്റെ ഭാര്യയുടെ ചികിത്സയില്‍ കൂടെ ഉണ്ടായിരുന്നുവെന്നും ലളിത് മോദി വ്യക്തമാക്കി.

ഇവരെ കൂടാതെ എന്‍.സിപി നേതാക്കളായ ശരത് പവാറും പ്രഫുല്‍ പട്ടേലും കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും തന്നെ സഹായിച്ചിട്ടുണ്ടെന്നും ലളിത് മോദി പറഞ്ഞു. തനിക്കെതിരായ ഒരു കുറ്റവും തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മോദി ആരോപിക്കുന്നു.

 

Scroll To Top