Sunday August 20, 2017
Latest Updates

‘മൂരിക്കാലം’ (വീഡിയോ)അട്ടപ്പാടിയില്‍ നിന്നൊരു ജീവിത ഗാഥ 

‘മൂരിക്കാലം’ (വീഡിയോ)അട്ടപ്പാടിയില്‍ നിന്നൊരു ജീവിത ഗാഥ 

തിനെട്ട് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ ഗോപാലകൃഷ്ണന്‍ സാറിനെയും വിജയ ലക്ഷ്മി ടീച്ചറെയും തേടി അട്ടപ്പാടിയിലെ സാരംഗിലേയ്ക്ക് പോയത്.പത്രങ്ങളില്‍ വായിച്ചറിഞ്ഞ അത്ഭുത വിവരണങ്ങള്‍ എനിക്ക് ആ യാത്രയില്‍ ആവേശം നല്‍കിയിരുന്നു.ആള്‍വാസ കേന്ദ്രങ്ങളില്‍ നിന്നും കിലോ മീറ്ററുകള്‍ അകലെ ബദല്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഒരു ജീവിത രീതിയുമായി ആധുനിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് പാഠമാകാനുള്ള ഒരു പഠനക്രമം.

അന്ന് ഗൗതം ചെറിയ കുട്ടിയായിരുന്നു,അധ്യാപക ദമ്പതികളുടെ മകന്‍.ഇടുക്കിയിലെ വെള്ളത്തൂവലില്‍ നിന്നും ജോലി ഉപേക്ഷിച്ച് ബദല്‍ ജീവിത ശൈലി തേടി അട്ടപ്പാടിയിലേയ്ക്ക് പോന്നവരാണ് അവര്‍.വൃത്തിയായി സജ്ജീകരിച്ച പാഠശാലയില്‍ അന്ന് പഠിക്കാന്‍ എത്തിയിരുന്നത് സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആദിവാസി കുട്ടികള്‍ മാത്രമായിരുന്നു.

ഇന്നലെ സാരംഗിന്റെ പുതിയ സംരഭമായ ഷോര്‍ട്ട് ഫിലിം ‘മൂരിക്കാലം’കണ്ടു.

സാരംഗിന്റെ ചിന്താഗതികള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന തോന്നലാണ് പെട്ടന്നുണ്ടായത്.തനി ഗ്രാമീണമായ ശൈലിയാണ് സാരംഗിന്റെ എന്നത്തെയും മുഖ മുദ്ര.പുതിയ സംരംഭത്തിലും ആ പച്ചപ്പ് നിറഞ്ഞു കാണാം 

രാവിലെ അഞ്ചുമണിക്ക് സാധകത്തോടെ ദിവസം തുടങ്ങുന്നു. വായ്പാട്ട്, പുല്ലാങ്കുഴല്‍, മൃദംഗം തുടങ്ങി വിവിധ വാദ്യോപകരണങ്ങള്‍. കളരിപ്പയറ്റ് നിര്‍ബന്ധം. നൃത്തവും കഥകളിയുമുണ്ട് പാഠ്യക്രമത്തില്‍. 

നെറിവാണ് ആദ്യം പഠിപ്പിക്കുന്നത്.നെറിവ് ഉറച്ച ശേഷം അറിവ്.അറിവുകളെ കളംതിരിച്ചിട്ടില്ല

ജീവിക്കാനാവശ്യമായതെല്ലാം കുട്ടികള്‍ പഠിക്കുന്നു. നെല്ല് കൊയ്യുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു.ഇപ്പോള്‍ ഇന്റര്‍നെറ്റാണ് പ്രധാന പാഠപുസ്തകം. പണ്ട് അവിടെ എത്തിയപ്പോള്‍ ഒരു ലാന്‍ഡ് ഫോണ്‍ പോലും അവിടെയില്ലായിരുന്നു !ആധുനീക സാങ്കേതിക സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും നാട്ടറിവിന്റെയും നന്മയുടെയും ശീലുകള്‍ അവര്‍ക്ക് പരമ പ്രധാനം.

വിവിധ വിഷയങ്ങളിലെ പ്രമുഖര്‍ സാരംഗിലെത്തി അറിവ് പകരുന്നു. അല്ലെങ്കില്‍ കുട്ടികള്‍ വിദഗ്ധരുടെ അടുത്തേക്ക് പോകുന്നു. എഴുത്തും വായനയും കുത്തിയിരുന്ന് പഠിപ്പിക്കാതെയാണ് കുട്ടികള്‍ സ്വായത്തമാക്കുന്നത്.നിരവധി പരീക്ഷണങ്ങളിലൂടെയും പരിഷ്‌കാരങ്ങളിലൂടെയും കടന്നുപോയി ഇന്നും നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് അട്ടപ്പാടിയിലെ സാരംഗ് എന്ന സമാന്തര വിദ്യാലയം. അധ്യാപകരായിരുന്ന ഗോപാലകൃഷ്ണണന്‍ സാറും വിജയലക്ഷ്മി ടീച്ചറും ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലത്തു തന്നെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അര്‍ത്ഥശൂന്യത തിരിച്ചറിഞ്ഞിരുന്നു.

മറ്റേതോ ഭൂഘണ്ഡത്തില്‍ നിന്നും ഇറക്കുമതി ചെയ്ത സാങ്കേതികജ്ഞാനം പാകി മുളപ്പിക്കുവാന്‍ വിദ്യാലയങ്ങള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ക്ക് അപാകാതതോന്നി. സാംസ്‌കാരികമായ പ്രത്യേകതകള്‍, കാലാവസ്ഥ, വിഭവങ്ങള്‍ ഇവയ്ക്കു ചേരും വിധം തദ്ദേശീയമായി വികസിച്ചു വരുന്ന സാങ്കേതിക വിദ്യയാണ് നാടിനു വേണ്ടതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജീവിതോന്മുഖമായ ഒരു പുതിയ കരിക്കുലം വേണമെന്നു തോന്നിയതും അങ്ങിനെയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമൂലമായ ഒരു ഉടച്ചു വാര്‍ക്കല്‍ ആണ് വേണ്ടതെങ്കിലും അത് എങ്ങിനെ വേണം എന്നതിനു ഒരു മാതൃകയോ കൃത്യമായ മാര്‍ഗ്ഗരേഖയോ മുന്‍പില്‍ ഇല്ലായിരുന്നു.

സ്വിസ്സര്‍ലണ്ടുകാരനായിരുന്ന ജീന്‍ പിയാഷേ എന്ന ചിന്തകന്റെ അഭിപ്രായത്തില്‍ അറിവ് മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട രൂപത്തില്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് വരികയല്ല. അത് സൃഷ്ടിക്കുന്നതാണ് . സാരംഗില്‍ ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. കുട്ടികളുള്‍ നൈസര്‍ഗ്ഗീകമായ വാസനകളെ പരിപോഷിപ്പിച്ചും ചുറ്റുപാടുകളില്‍ നിന്നും പഠിച്ചും വളരുകയാണ്.

എന്നും രാത്രി നടക്കുന്ന പൊതുയോഗത്തിലൂടെയാണ് ഓരോ ദിവത്തെയും പ്ലാനിംഗ് ആരംഭിക്കുന്നത്. വിവിധ ജോലികളുടെ മേല്‍നോട്ടത്തിനായി മന്ത്രിമാരെ തിരഞ്ഞെടുത്തിട്ടുണ്ടാവും,ഭക്ഷ്യ മന്ത്രി, സാംസ്‌കാരികമന്ത്രി, മൃഗപരിപാലനമന്ത്രി അവരുടെ സഹായികള്‍ ഇങ്ങനെ എല്ലാവര്‍ക്കും ഉണ്ട് ഉത്തരവാദിത്വങ്ങള്‍!.

അടുത്ത ദിവസം എങ്ങിനെ വേണമെന്നു തീരുമാനിക്കുകയും അതു എഴുതി വയ്ക്കുകയും മാത്രമല്ല, തലേ രാത്രിയില്‍ തീരുമാനിച്ചവയുടെ വിലയിരുത്തലും നടക്കുന്നു. ഏതു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റേയും തലപ്പത്തു നടക്കുന്ന ബോര്‍ഡു മീറ്റിംഗിന്റെ മിനിയേച്ചര്‍ ആണ് സാരംഗിന്റെ ചാണകം മെഴുകിയ തറയില്‍ ഓരോ പ്രവര്‍ത്തിദിനത്തിന്റേയും അവസാനം നടത്തപ്പെടുന്ന പൊതുയോഗം. ചെയ്യേണ്ടത് തീരുമാനിച്ചും ചെയ്തത് അയവിറക്കിയും സംതൃപ്തമായ മനസോടെ ഉറങ്ങാന്‍ പോകുന്ന കുട്ടികള്‍!, ജീവിതത്തിന്റെ വലിയ പാഠങ്ങളാണ് പഠിക്കുന്നത്.

‘ജനറല്‍ ബോഡിയുടെ ശക്തിയും വിലയും കുട്ടികള്‍ അറിയണം ഗോപാലകൃഷ്ണന്‍ സാര്‍ പറയുന്നു, ‘കുട്ടികളെ ജനാധിപത്യം പഠിപ്പിക്കുകയും അതിന്റെ വില മനസിലാക്കി കൊടുക്കുകയും ചെയ്യേണ്ടത്, വിദ്യാഭ്യാസത്തിന്റെ ധര്‍മ്മമാണ്’ ക്ലാസ് മുറിയിലെ ജനാധിപത്യം എന്ന ആശയത്തിനു കാതലായ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു അമേരിക്കക്കാരനായ ജോണ്‍ ഡ്യൂയി. സ്ഥിരംനേതാവിന്റെ സ്ഥാനത്ത് മാറി മാറി വരുന്ന പല നേതാക്കളെ പ്രതിഷ്ഠിച്ചുകൊണ്ട് ഗ്രൂപ്പടിസ്ഥാനത്തിലുള്ള പ്രോജക്ടുകള്‍ കുട്ടികളില്‍ ജനാധിപത്യബോധം വികസിപ്പിക്കുന്നതായി ഡ്യൂയി ദര്‍ശിച്ചു.

വിദ്യാര്‍ത്ഥിയുടെ സമീപപരിസരത്തു നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് സാരംഗില്‍ പഠനം ആരംഭിക്കുന്നത് . ഓരോ അംഗങ്ങള്‍ യാത്ര ചെയ്തപ്പോള്‍ കണ്ടുമുട്ടിയ പുതിയ ആളുകളെക്കുറിച്ചും വ്യത്യസ്തയാര്‍ന്ന അനുഭവങ്ങളേപറ്റിയും, പത്രക്കുറിപ്പില്‍ കണ്ട രസകരമായ വിവരങ്ങളേപ്പറ്റിയുമെല്ലാം യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നു. ചെറിയ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നു. ബിരുദാനന്തരബിരുദമെടുത്തവര്‍ പോലും ടോസ്റ്റ് മാസ്റ്റേര്‍സിന്റെ യോഗങ്ങളില്‍ പോയിട്ടാണ് ‘പബ്ലിക് സ്പീക്കിംഗ് സ്‌ക്കില്‍’ വളര്‍ത്തുന്നത്. സാധാരണ സ്‌കൂളുകളില്‍ വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങളാകട്ടെ പലപ്പോഴും അധ്യാപകരുടെ മക്കള്‍ക്കായി നീക്കി വച്ചിരിക്കും. സാരംഗില്‍ എല്ലാ കുട്ടികള്‍ക്കും വളരെ ചെറുപ്പം മുതല്‍ ഇത്തരം പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.

എല്ലാകുട്ടികളും പഠിച്ചിരിക്കണ്ട രണ്ടു പാഠങ്ങള്‍ സാരംഗില്‍ ഉണ്ട് . യോഗയും കളരിയും. ശാരീരികവും മാനസികവും ബൌദ്ധികമായ സമഗ്ര വളര്‍ച്ചയാണ്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ യോഗയും കളരിയും കരിക്കുലത്തില്‍ നിന്നും എങ്ങിനെ മാറ്റി നിര്‍ത്താനാകും എന്നു വിജയലക്ഷ്മി ടീച്ചര്‍ ചോദിക്കുന്നു. 

ആരോഗ്യമുള്ള മനസ്സും ശരീരവുമാണ് യഥാര്‍ദ്ധ സമ്പത്ത് എന്നു എല്ലാവരും സമ്മതിക്കുമ്പോഴും അവ സ്വന്തമാക്കുവാനും നിലനിര്‍ത്തുവാനും വേണ്ട പരിശീലനം സ്‌കൂളുകള്‍ നല്‍കേണ്ടതല്ലേ? 

അഞ്ചരയ്ക്കു എഴുന്നേറ്റ് സാധകം ചെയ്യുന്നതോടെ സാരംഗില്‍ ഒരു ദിവസം ആരംഭിക്കുന്നു. കുട്ടികള്‍ എല്ലാവരും തന്നെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. തുടര്‍ന്നു ഉപകരണ സംഗീതങ്ങളുടെ പരിശീലനം. മൃദംഗം, ഓടക്കുഴല്‍, വയലിന്‍ മുതലായ ഉപകരണങ്ങള്‍ അവരവരുടെ അഭിരുചിക്ക് അനുസരിച്ചു തിരഞ്ഞെടുക്കാം. ആഴ്ചയില്‍ രണ്ട് ദിവസം കഥകളി പഠനവും സാരംഗിന്റെ സാംസ്‌ക്കാരിക കേന്ദ്രത്തില്‍ നടക്കുന്നു. കളരി ശീലിക്കുന്നതുകൊണ്ട് കഥകളി പരിശീനത്തില്‍ അതി വേഗം മുന്നേറുവാന്‍ സാരംഗിലെ വിദ്യാര്‍ത്ഥികള്‍ക്കു കഴിയുന്നു. പകല്‍ സമയം കൃഷിയിടങ്ങളിലായി ചിലവഴിക്കുന്നു.

ജപ്പാനിലെ സ്‌ക്കൂളുകളില്‍ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ നിര്‍ബന്ധമായും നടന്നു പോകണമത്രേ. മാതാപിതാക്കളോടൊപ്പമല്ല, മറ്റു കുട്ടികളൊടൊപ്പം. മഴയാണെങ്കിലും വെയിലാണെങ്കിലും അവയേറ്റു നടന്നേ പറ്റൂ. അദ്ധ്യാപകന്‍ എന്ന ‘സര്‍വ്വജ്ഞാനി’യില്‍ നിന്നും മാത്രമല്ല, സഹപഠനത്തില്‍ കൂട്ടുകാരനും കൈത്തങ്ങായി വര്‍ത്തിക്കണം എന്ന വിഖ്യാത വിദ്യാഭ്യാസ വിചക്ഷണനായിരുന്ന വീഗോട്‌സ്‌കി യുടെ ബോധനമനഃശാസ്ത്രമാണ് ഇവിടെ പ്രായോഗത്തില്‍ വരുന്നത്. നാലാം ക്ലാസില്‍ എത്തുമ്പോല്‍ കൃഷി ചെയ്തു തുടങ്ങുന്നു. കേരളത്തിലെ കുട്ടികള്‍ എങ്ങിനെ കൃഷി ചെയ്യാതിരിക്കാം എന്നു പഠിക്കുമ്പോള്‍ ലോകത്തിലെ സാങ്കേതിക വിദ്യയുടെ തലസ്ഥാനം എന്നു വിളിക്കാവുന്ന രാജ്യത്ത് കുട്ടികള്‍ സ്വന്തമായി കൃഷിചെയ്തു വിളയിച്ച ധാന്യം പാകം ചെയ്തു കഴിക്കുവാനുള്ള പരിശീലനമാണ് സ്‌ക്കൂളുകളില്‍ കൊടുക്കുന്നത്.

ഇതിലേറെ അപകടകമായിട്ടുള്ള മറ്റൊരു മേഖലയാണ് അധ്യാപകരുടെ ചാരപ്രവര്‍ത്തി. ഏതെങ്കിലും ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഒരുമിച്ച് കളിച്ചു ചിരിക്കുന്നതു പോയിട്ടു മിണ്ടുന്നതുപോലും കണ്ടാല്‍ പിന്നെ സ്റ്റാഫ് റൂമില്‍ വിളിച്ച് പീഡിപ്പിക്കുന്ന സാഡിസ്റ്റുകളാണ് മിക്ക അധ്യാപക പോലീസുകാരും. പ്രണയത്തെ വാനോളം പുകഴ്ത്തുന്ന കവിതകള്‍ വായിച്ച് ഒന്നരപ്പുറത്തില്‍ കവിയാതെ ഉപന്യാസമെഴുതാമെങ്കിലും പ്രണയം കാമ്പസുകളില്‍ ഇന്നും നിഷിധം തന്നെ. ലൈംഗികതയും ശരീരശാസ്ത്രവും കൌമാര ആരംഭത്തില്‍ തന്നെ സാരംഗില്‍ വിദ്യാര്‍ദ്ധികള്‍ക്കു മനസിലാക്കികൊടുക്കുന്നു. എതിര്‍ ലിംഗത്തില്‍പട്ടവരെ അടുത്തിടപഴകാന്‍ അവസരമുള്ളതുകൊണ്ട്, ഒരു വിചിത്ര ജീവിയെപ്പോലെ തുറിച്ച് നോക്കുന്ന സാദാമലയാളി സാരംഗില്‍ നിന്നും പുറത്തു വരാന്‍ ഇടയില്ല.

സാരംഗിന്റെ ഇത്തരം ചിന്താധാരയുടെ ബഹീര്‍സ്ഫുരണമാണ് മൂരിക്കാലം.
സാരംഗിന്റെ പാഠ്യ പദ്ധതിയിലെ ഒരു പ്രധാന വിഷയമാണ് സിനിമ. സമൂഹത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ സിനിമയ്ക്ക് വലിയ സ്വാധീനമുണ്ട്. അതുകൊണ്ട് സിനിമയുടെ അകവും പുറവും മനസ്സിലാക്കേണ്ടത് അനിവാര്യവുമാണ്. ഈ സിനിമയുടെ കഥാചര്‍ച്ച മുതല്‍ ആദ്യപ്രദര്‍ശനംവരെയുള്ള സകലപ്രവര്‍ത്തനങ്ങളിലും സാരംഗിലെവിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു. നല്ല സിനിമയേയും ചീത്ത സിനിമയേയും തിരിച്ചറിയാന്‍ അവര്‍ പഠിക്കുന്നത് ഈ വിധത്തിലാണ്.സാരംഗിന്റെ ജീവാത്മാവായ സാരംഗ് ഗോപാല കൃഷ്ണന്‍ പറയുന്നു.

ഗോപാലകൃഷ്ണനും വിജയലക്ഷ്മിയും

ഗോപാലകൃഷ്ണനും വിജയലക്ഷ്മിയുംവിജയലക്ഷ്മിയുടേതാണ് കഥ. ഗൗതമും മാത്യുഅനുവും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ചിത്രത്തിന്റെ ഛായാഗൃഹണവും എഡിറ്റിങ്ങും ഗൗതം തന്നെ. ഇംഗ്ലീഷടക്കം അഞ്ചുഭാഷകളില്‍ നിപുണനാണ് ഗൌതം. ഇളയ മക്കളായ 17 വയസ്സുള്ള കണ്ണകിയും 15 വയസ്സുള്ള ഉണ്ണിയാര്‍ച്ചയുമടക്കം ഒമ്പത് കുട്ടികള്‍ ഇപ്പോള്‍ സാരംഗ് വിദ്യാപീഠത്തില്‍ പഠിക്കുന്നുണ്ട്. ഇവരും നാട്ടുകാരില്‍ ചിലരുമൊക്കെയാണ് ‘മൂരിക്കാല’ത്തിലെ അഭിനേതാക്കള്‍.

ഓര്‍മ്മശക്തിയല്ല കുട്ടികളുടെ വിവിധ നിലയിലുള്ള പ്രതിഭയെയാണ് പരിപോഷിപ്പിക്കുന്നത് എന്നതുതുകൊണ്ട് പരീക്ഷയില്‍ അധിഷ്ഠിതമല്ല സാരംഗിലെ പാഠ്യപദ്ധതി.

വരവുചിലവു കണക്കുകള്‍ എഴുതിയും ബഡ്ജറ്റ് തയ്യാറാക്കിയും കണക്കിന്റെ ബാലപാഠം പഠിക്കുമ്പോള്‍ വരുമാനത്തിനനുസരിച്ച ഒരു ജീവിതം വിഭാവനം ചെയ്യുന്നത് എങ്ങിനെയാണെന്നു വിദ്യാര്‍ഥികള്‍ പഠിക്കുന്നു. നിത്യജീവിതത്തില്‍ പലരും പരാജയപ്പെടുന്നത്, പൈതാഗോറസ് തിയറി അറിയാത്തതുകൊണ്ടല്ല, മറിച്ചു വരുമാനത്തിനുള്ളില്‍ ഒതുങ്ങുന്ന ജീവിതം രൂപപ്പെടുത്താനറിയാത്തതുകൊണ്ടാണെന്നു ഗോപാലകൃഷ്ണന്‍ സാര്‍ പറഞ്ഞുതരേണ്ടതില്ല. പ്രിന്റ് ചെയ്ത ഒരു പുസ്തകം പോലും സാരംഗില്‍ ഇല്ലെങ്കിലും അഞ്ചും ആറും ഭാഷകള്‍ കൈകാര്യം ചെയ്യുന്ന കുട്ടികള്‍ ആരേയും അല്‍ഭുതപ്പെടുത്താതിരിക്കില്ല. സാരംഗിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുവാന്‍ വരുന്ന വിദേശികളില്‍ നിന്നും അന്യ സംസ്ഥാനക്കാരില്‍ നിന്നും അവരുടെ ഭാഷ കുട്ടികള്‍ അതിവേഗം പഠിച്ചെടുക്കുന്നു

തൊട്ടതിനു പിടിച്ചതിനും ആശുപത്രിയിലേയ്ക്ക് ഓടുന്ന രീതിയും സാരംഗില്‍ ഇല്ല. രോഗാണുവിനെതിരെയുള്ള ശരീരത്തിന്റെ സ്വാഭീക പ്രതിരോധശക്തിയെ വളര്‍ത്തി നല്ല ആരോഗ്യവും നിലര്‍ത്തുകയും, അതോടൊപ്പം അല്പസ്വല്‍പ്പം സഹനവും കുട്ടികള്‍ ശീലിക്കുന്നു. 

ഗോപാലകൃഷ്ണന്‍ സാറിന്റെ മകന്‍ ഗൌതം തന്നെയാണ് ഭാര്യയുടെ പ്രസവം വീട്ടില്‍ എടുത്തത് എന്നു പറയുമ്പോല്‍ ആധുനികസമൂഹത്തിനു അല്‍ഭുതം തോന്നാം. ‘ഇത്തരം ചെറിയ ചെറിയ സംഭവങ്ങളിലാണ് ജീവിതത്തിന്റെ സന്തോഷവും നിര്‍വൃതിയും’കുഞ്ഞിനെ സ്വന്തംകൈകൊണ്ടു നെയ്ത തുണിയില്‍ സ്വീകരിച്ചതിനേപറ്റി ഗൌതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഗൗതം മക്കളോടൊപ്പം

ഗൗതം മക്കളോടൊപ്പംകുട്ടികള്‍ക്ക് ക്രിയാത്മകമായ മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കാനാണ് സാരംഗിലെ ഓരോ പരീക്ഷണങ്ങളും.ഉദാഹരണമായി ഈയിടെ അവര്‍ ഒരു വീട് നിര്‍മ്മിച്ചു.പഴയ ഓടും കാട്ടില്‍ നിന്നും ശേഖരിച്ച കഴകളും കൊണ്ട് മനോഹരമായ കൊച്ചു വീട്. രൂപരേഖ തയ്യാറാക്കിയതുമുതല്‍ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ്ണമായും കുട്ടികള്‍ തന്നെ ചെയ്തവയായിരുന്നു.’ഈ വീടിന് എന്ത് അറ്റകുറ്റ പണി വേണ്ടിവന്നാലും ഉടമസ്ഥനു തനിയെ ചെയ്യാനാവും എന്നതാണ് പ്രധാന പ്രത്യേകത’ ചീഫ് എഞ്ചിനീയറും മേസ്തിരിയും ആയ ഗൌതമിന്റെ വാക്കുകള്‍!.

പണിക്കൂലി ഒഴിവാക്കിയാല്‍ പതിനയ്യായിരം രൂപാകൊണ്ട് പണി മുഴുവനും തീര്‍ത്തു എന്നു കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു.കാലാവധികഴിഞ്ഞാല്‍ പൂര്‍ണ്ണമായും മണ്ണില്‍ അലിഞ്ഞു ചേരുന്ന വസ്തുക്കള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. പ്രകൃതിക്ക് കേടുവരുത്തുന്ന ഒന്നും ഈ ഭവന നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും അവര്‍ അവകാശപ്പെടുന്നു. അഞ്ചു സെന്റ് പുരയിടത്തില്‍ കോണ്‍ക്രീറ്റ് കെട്ടിടം പണിത് കൊടുക്കുന്ന പല സര്‍ക്കാര്‍ പദ്ധതികളും വന്‍ പരാജയമാകുന്നത് പല വിധത്തിലാണെന്നാണ് അവരുടെ വാദം. താല്‍ക്കാലികമായ അഴിമതിയേക്കാള്‍ ഉപരി ദൂരവ്യാപകമായ പല ദൂഷ്യങ്ങളും ഉണ്ടത്രേ. അത്തരമൊരുവീടിനു എന്തെങ്കിലും അറ്റകുറ്റ പണി ചെയ്യേണ്ടിവന്നാല്‍ നിര്‍ദ്ധനനായ വീട്ടുടമസ്ഥനു ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല കാലാവധികഴിയുമ്പോള്‍ വീടും മാത്രമല്ല അഞ്ചു സെന്റു സ്ഥലവും ഉപയോഗശൂന്യമായിപ്പോകുന്നു. പൂര്‍ണ്ണമായും പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുവാന്‍ ഇനി നമുക്ക് ആകില്ല. എങ്കിലും പ്രകൃതിയെ കഴിയുന്നിടത്തോളം പരിക്ക്ഏല്‍പ്പിക്കാത്ത ഒരു ജീവിത ക്രമം കുട്ടികളെ പഠിപ്പുന്നതില്‍ സാരംഗ് ശ്രദ്ധിക്കുന്നു. (സാരംഗിലെ കുട്ടികളുടെ കവിതാലാപനം വീഡിയോ കാണാം)

കനത്ത ഫീസും നല്‍കി പുസ്തക ഭാണ്ഡവും പുറത്തുകയറ്റി കുട്ടികളെ സ്‌കൂളുകളിലേയ്ക്കു വിടുന്ന മാതാ പിതാക്കളോട് സാരംഗിനു പറയുവാനുള്ളത് ഇത്ര മാത്രമാണ്. ദാഹം മാറ്റുവാന്‍ ഒരു പുഴയിലെ മുഴുവന്‍ ജലവും ആവശ്യമില്ല. ഒരു ഗ്ലാസ് മതിയാകും. ജീവിക്കുവാന്‍ ലോകത്തിന്‍ലെ മുഴുവന്‍ അറിവും ആര്‍ജ്ജിക്കേണ്ടതില്ല. കഴിവിനും അഭിരുചിക്കും ചേര്‍ന്ന തൊഴില്‍ തിരഞ്ഞെടുക്കാന്‍ കുട്ടികളെ സഹായിക്കുന്ന പ്രക്രിയയാകട്ടെ വിദ്യാഭ്യാസം. ആരോടും വെല്ലുവിളിക്കാതെ ആര്‍ക്കെതിരെയും കലാപക്കൊടി ഉയര്‍ത്താതെ സാരംഗ് മുന്നേറുന്നു, അട്ടപാടിയിലെ ഗൂളിക്കടവിനടുത്ത മലമുകളിലും, ഇപ്പോള്‍ പത്തിരിപ്പാലയിലെ നാഗരിപ്പുറത്തും സാരംഗിന് കേന്ദ്രമുണ്ട്. ജീവിതത്തേയും പ്രകൃതിയേയും സ്‌നേഹിക്കുന്ന ഒരു പറ്റം കുട്ടികളുമായി അവര്‍ പുതു ജീവിത ശൈലികള്‍ തേടുകയാണ്.

റെജി സി ജേക്കബ് (പി എം ഷെഹിനോട് കടപ്പാടുകളോടെ)

Scroll To Top