Saturday December 03, 2016
Latest Updates

ഭവനരഹിതര്‍ക്കായി താത്കാലികമായി ഒരു ലക്ഷം യൂറോയുടെ മോഡ്യൂലാര്‍ വീടുകള്‍,ഡബ്ലിനിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം

ഭവനരഹിതര്‍ക്കായി താത്കാലികമായി ഒരു ലക്ഷം യൂറോയുടെ മോഡ്യൂലാര്‍ വീടുകള്‍,ഡബ്ലിനിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട ശ്രമം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഭവനരഹിതര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര പദ്ധതി തയാറാക്കി.തലസ്ഥാന നഗരിയില്‍ ഇരുനൂറ്റമ്പതോളം മോഡ്യൂലാര്‍ വീടുകള്‍ നിര്‍മ്മിച്ച് ഭവന രഹിതരെ പുനരധിവസിപ്പിക്കാനാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ തീരുമാനം.തലസ്ഥാനത്തെ 20 വ്യത്യസ്ത മേഖലകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലാണ് മോഡ്യൂലാര്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്.

ഡബ്ലിന്‍ സിറ്റിയില്‍ മാത്രം വാടക വീടുകള്‍ ലഭിക്കാതെ സിറ്റി കൌണ്‍സിലിന്റെ എമര്‍ജന്‍സി താമസസൗകര്യം പ്രയോജനപ്പെടുത്തുന്ന 550 കുടുംബങ്ങളാണ് ഉള്ളത്.ഇതില്‍ 360 കുടുംബങ്ങള്‍ക്കും കൊമേഴ്‌സ്യല്‍ ഹോട്ടലുകളിലാണ് കൌണ്‍സില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയ്ക്ക് വേണ്ടിയുള്ള മാതൃക വീടുകള്‍ നോര്‍ത്ത് സ്റ്റ്രാന്‍ഡിലെ ഈസ്റ്റ് വാള്‍ റോഡില്‍ പണി ആരംഭിച്ചു കഴിഞ്ഞു.ഇവ തൃപ്തികരമെന്ന് കണ്ടാല്‍ മറ്റു സ്ഥലങ്ങളിലേയ്ക്കും താത്കാലിക വീടുകളുടെ പണി ആരംഭിക്കും.

ആറ് വ്യത്യസ്തമായ രീതിയിലാണ് വീടുകള്‍ നിര്‍മ്മിക്കുക.ടൂ ബെഡ് റൂം വീടുകളാണ് കൂടുതലും നിര്‍മ്മിക്കുക.ബംഗ്ലാവ് സ്‌റ്റൈലില്‍ ഉള്ള വീടുകളും ഇവയില്‍ ഉണ്ട്.ഒരു ലക്ഷം യൂറോ മുതല്‍ ഒന്നര ലക്ഷം യൂറോ വരെ ചിലവ് വരുന്ന വീടുകളുടെ പാര്‍ട്ടുകള്‍ ഫാക്റ്ററി നിര്‍മ്മിതമാണ്.സൈറ്റില്‍ കൊണ്ട് വന്നു ഫിറ്റു ചെയ്താല്‍ മാത്രം മതി.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സൌകര്യങ്ങള്‍ ഉള്‍പ്പെടയുള്ള എല്ലാ സജ്ജീകരണങ്ങളും ഉള്ള സ്ഥലങ്ങളിലാവും വീടുകള്‍ നിര്‍മ്മിക്കുകയെന്ന് സീന്‍ ഫിന്‍ കൌണ്‍സിലര്‍മാര്‍ അറിയിച്ചു.വാടകവീടുകള്‍ ലഭിക്കാതെയും,താമസ സൌകര്യങ്ങള്‍ ഇല്ലാതെയും ഒരാളും ഹോട്ടലുകളില്‍ താമസിക്കേണ്ട അവസ്ഥ ഉണ്ടാവില്ലെന്നും നഗരത്തിലെ ഭവന പ്രതിസന്ധിയ്ക്ക് ഇത്തരം സംവിധാനങ്ങള്‍ വഴി അടിയന്തരമായും പരിഹാരം കാണുമെന്നും അവര്‍ പറഞ്ഞു,

Scroll To Top