Friday September 22, 2017
Latest Updates

സനാതന ധര്‍മ്മവും അയര്‍ലണ്ടില്‍ മുഴങ്ങി കേട്ട സംസ്‌കൃത ശ്ലോകങ്ങളും

സനാതന ധര്‍മ്മവും അയര്‍ലണ്ടില്‍ മുഴങ്ങി കേട്ട സംസ്‌കൃത ശ്ലോകങ്ങളും

ഡാര്‍വിന്റെ സിദ്ധാന്തം വാനരനില്‍ നിന്ന് നരനിലേക്കുള്ള മാറ്റത്തെക്കുറിച്ചാണ്. മാറ്റം അനുദിനം നമ്മളിലോരോരുത്തരിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഡാര്‍വിന്റെ സിദ്ധാന്തം ആന്തരിക മാറ്റത്തിലുപരി ബാഹികമായ മാറ്റത്തെപറ്റിയാണ് പ്രതിബാധിക്കുന്നത്. പ്രപഞ്ചത്തിലേക്ക് അലിഞ്ഞ് ചേരുന്നതുവരെ ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. അതായത് നിത്യ സത്യത്തിലേക്ക് ലയിക്കുന്നത് വരെ ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനും മാറ്റം എന്ന പ്രക്രിയയില്‍നിന്നും മാറിനില്‍കാനാവില്ല. അങ്ങിനെ വരുമ്പോള്‍ ഡാര്‍വിന്‍ പറഞ്ഞുനിര്‍ത്തിയിടത്തുനിന്ന് ഇനിയും സിദ്ധാന്തങ്ങള്‍ ഉരുത്തിരിയേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ ഡാര്‍വിനും എത്രയോ മുമ്പേ അതിന് ഭഗവത്ഗീത അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. ആ സിദ്ധാന്തമാണ് ഭഗവത്ഗീത നമ്മെ പഠിപ്പിക്കുന്നത്. ഭഗവത് ഗീത നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് നരനില്‍നിന്ന് നാരായണനിലേക്കുള്ള യാത്രയെക്കുറിച്ചാണ്. മനുഷ്യന് നിത്യ സത്യത്തിലേക്കുള്ള, പൂര്‍ണ്ണതയിലേക്കുള്ള മാര്‍ഗ്ഗമാണ് ഗീത നമുക്ക് കാട്ടിതരുന്നത്. 

ഇവിടെ കുരുക്ഷേത്രം എന്നത് പരസ്പരം ആയുധം ഓങ്ങിനില്‍ക്കുന്ന കൗരവരുടേയോ പാണ്ഡവരുടേയോ അല്ല. നമ്മുടെ ഓരോരുത്തരുടേയും മനസ്സാണ്. മഹാഭാരത യുദ്ധത്തേയും ഗീതയേയും ഒക്കെ നാം കാണേണ്ടത് സ്ഥൂലതത്തിലല്ല. സൂഷ്മ തലത്തിലാണ്. നമ്മുടെ ഓരോരുത്തരുടേയും മനസ്സിലുണ്ടാകേണ്ടുന്ന അധര്‍മ്മത്തിനെതിരായ ധര്‍മ്മ യുദ്ധമാണത്. ഈ ചിന്തകള്‍ക്ക് ജാതിയോ മതമോ അതിര്‍ വരമ്പല്ല. സനാതന ധര്‍മ്മത്തില്‍ വിസ്വസിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ്. ഗീതയിലെ കഥാപാത്രങ്ങള്‍ക്ക് മുഹമ്മദെന്നോ തോമസ്സെന്നോ പേര്‍ വരാതിരുന്നത്, ആ കാലഘട്ടത്തില്‍ അവരാരും ഉണ്ടായിരുന്നില്ലെന്നതുകൊണ്ടാണ്. ഗീത ഉദ്ഭവിക്കുന്നത് ഈ കാലഘട്ടത്തിലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ കഥാപാത്രങ്ങളെല്ലാം ഉണ്ടാകുമായിരുന്നു. കാരണം ഗീത മാനവരാശിക്ക് മൊത്തമായി ഉള്ളതാണ്. ഗീത ഹിന്ദുവിന് മാത്രമുള്ളതാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. 

ഗീത ഉപദേശിച്ച് കഴിഞ്ഞ് ശ്രീ കൃഷ്ണന്‍ അര്‍ജ്ജുനനോട് വ്യക്തമായി പറയുന്നുണ്ട്, ‘ ഇതെല്ലാം എന്റെ അഭിപ്രായമാണ്. ഇതെല്ലാം സ്വീകരിക്കാനും തള്ളികളയാനും നിനക്ക് അധികാരമുണ്ട്’ എന്ന്. ഇതാണ് ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാന തത്വം. സ്വയം പാകപ്പെടുന്ന പഴങ്ങള്‍ക്ക് ഗുണം കൂടുതലാണെന്ന് പറയുന്നതുപോലെ. ബാഹ്യ പ്രേരണകളില്ലാതെ ഹിന്ദുവായി ജീവിക്കുന്നവനാണ് യഥാര്‍ത്ഥ ഹിന്ദു. 

‘ചാതുര്‍വ്വര്‍ണ്ണ്യം മയാ സൃഷ്ടം’ എന്ന് ഭഗവാന്‍ ഗീതയില്‍ പറയുന്നുണ്ട്. ഇതിന്നര്‍ഥം വര്‍ണ്ണത്തിനനുസരിച്ച് മനുഷ്യനെ തരം തിരിച്ചു എന്നല്ല. മനുഷ്യന്റെ പ്രവര്‍ത്തനമണ്ഡലങ്ങളെ അടിസ്ഥാനപ്പെടുത്തി അവന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വചിച്ചു എന്നതാണ്. മനുഷ്യന്‍ വളര്‍ന്നു എന്ന് അഹംങ്കരിക്കുന്ന ഈ കാലഘട്ടത്തില്‍പോലും അവന്റെ ചിന്ത ജാതിയുടെ അതിര്‍ വരമ്പുകള്‍ ഭേദിക്കാന്‍ പ്രാപ്തമാകുന്നില്ല. ഇത്തരമാളുകള്‍ക്ക് ജാതിയെന്ന ഇരുട്ടറയുടെ പുറത്ത് കടക്കാനേ കഴിയുന്നില്ല. പുറത്ത് കത്തിനില്‍ക്കുന്ന സൂര്യനെ അവര്‍ അറിയുന്നില്ല. 

ഇക്കഴിഞ്ഞ 23ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അയര്‍ലാന്റ് സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ വേദിയില്‍ ഐറിഷ് കുട്ടികള്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലി. അതിനുശേഷം സംസാരിച്ച മോദി പറഞ്ഞു, ‘ ഇത് ഇന്ത്യയിലാണെങ്കില്‍ മതേതരത്വം നശിച്ചെന്ന് വലിയ പ്രശ്‌നമായേനെ ‘ എന്ന്. അതൊരു സത്യമാണ്. ഭാരതീയരായ നമുക്കൊക്കെ അറിയാം നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും മഹിമ. പക്ഷേ അത് നിത്യജീവിതത്തില്‍ പകര്‍ത്താനുള്ള ദൃഡ്ഡനിശ്ചയം ഇല്ലെന്ന് മാത്രം. ഐറിഷ് കുട്ടികള്‍ സ്വസ്തിമന്ത്രം ചൊല്ലിയപ്പോള്‍ അഭിമാനപുളകിതരായവര്‍ എന്തേ സ്വന്തം കുട്ടികളെ കൊണ്ട് അത് ചെയ്യിക്കാന്‍ ശ്രമിച്ചില്ല ? അതിന് ശ്രമിച്ചവരെ ജാതിയുടെ യും സവര്‍ണ്ണതയുടെയും പേരുപറഞ്ഞ് അകറ്റിനിര്‍ത്താനല്ലെ ശ്രമിക്കുന്നത്?പിന്നെ നമ്മുടെ സംസ്‌കാരം മറ്റുള്ളവര്‍ ആചരിക്കുമ്പോഴല്ല അഭിമാനം കൊള്ളേണ്ടത്.സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണ്. 

ലോകത്താകമാനമുള്ള സര്‍വ്വകലാശാലകള്‍ സംസ്‌കൃതഭാഷയെക്കുറിച്ചും സംസ്‌കൃതഭാഷയിലുള്ള അമൂല്യഗ്രന്ഥങ്ങളെക്കുറിച്ചും രാപ്പകല്‍ അന്വേഷണം നടത്തുമ്പോള്‍ സംസ്‌കൃത ഭാഷയുടെ ഈറ്റില്ലമായ ഭാരതത്തില്‍ ജനിച്ച നാം ഇരുട്ടില്‍ തപ്പുകയാണ്.സംസ്‌കൃതം സവര്‍ണ്ണ ഭാഷയാണെന്ന് പറഞ്ഞ് സൗകര്യപൂര്‍വ്വം ഒതുക്കിയിരിക്കുകയാണ് നാം. അതുകൊണ്ടാണ് സംസ്‌കൃതത്തെക്കുറിച്ചും അമൂല്ല്യങ്ങളായ സംസ്‌കൃത ഗ്രന്ഥങ്ങളെക്കുറിച്ചും വിദേശികള്‍ പറഞ്ഞ് നാം അറിയേണ്ട സഹചര്യം ഉണ്ടായതും. നമ്മുടേതെന്ന് അഭിമാനിക്കുന്ന പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും അതുപോലെ വരും തലമുറക്ക് കൈമാറുകയും ചെയ്തില്ലെങ്കില്‍ അതെല്ലാം നമുക്ക് അന്യമാകും. 
ആനന്ദ്

Scroll To Top