Tuesday September 19, 2017
Latest Updates

ഇന്ത്യയെ പരിചയപ്പെടുത്തി മോഡി,ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാനുറച്ചൊരു ഡബ്ലിന്‍ വരവ് !

ഇന്ത്യയെ പരിചയപ്പെടുത്തി മോഡി,ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാനുറച്ചൊരു ഡബ്ലിന്‍ വരവ് !

ഡബ്ലിന്‍:നീളന്‍ കയ്യുള്ള കറുത്ത കുര്‍ത്ത അണിഞ്ഞു പതിവ് ചടുലതയോടെ എയര്‍ ഇന്ത്യാ വിമാനത്തിന്റെ പടികള്‍ ഇറങ്ങി വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വരിയായി കാത്തു നില്‍ക്കുന്ന ഇന്ത്യയുടെയും അയര്‍ലണ്ടിന്റെയും പ്രതിനിധികള്‍.മന്ത്രി വരേദ്കര്‍,അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ്,ഇന്ത്യയിലെ ഐറിഷ് അമ്പാസിഡര്‍ മാക്‌ലിംഗ്ലിന്‍,അദ്ദേഹത്തിന്റെ ഭാര്യ… അടുത്തേക്ക് നടന്നെത്തുന്ന പ്രധാനമന്ത്രിയെകണ്ട് അയര്‍ലണ്ട് സംഘത്തിലെ മറ്റൊരു പുരുഷ പ്രതിനിധി യൂറോപ്യന്മാര്‍ക്ക് പതിവില്ലാത്ത വിധം, കൈകൂപ്പിയപ്പോള്‍ മോഡിയ്ക്കും ഒരു നിമിഷത്തെ കൗതുകം. 

ഡബ്ലിന്‍ സിറ്റി സെന്ററിലെ ഗവണ്‍മെന്റ് ബില്‍ഡിംഗില്‍ മുന്നില്‍ എത്തുമ്പോള്‍, തന്റെ അതിഥിയെ സ്വീകരിക്കാന്‍ എന്‍ഡാ കെന്നി വാതിലില്‍ കാത്തു നില്‍ക്കുന്നു. ഓഫിസിന്റെ രണ്ട് പടവുകള്‍ താഴേക്കിറങ്ങി അതിഥിയുടെ കരം കവര്‍ന്ന് വരാന്തയിലേക്ക്.

പിന്നെ മിഴിതുറന്നടച്ചു കൊണ്ടിരിക്കുന്ന ക്യാമറകള്‍ക്കായി നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഹസ്തദാനം. ഇതിനിടിയില്‍ കുശലപ്രശ്‌നത്തിനൊടുവില്‍ , ഒടുവില്‍ രണ്ടു പേരും ചേര്‍ന്ന് എല്ലാവരോട്മായി കൈവീശി അകത്തു കയറുമ്പോള്‍, വസതിയക്കുള്ളില്‍ നിന്ന് പുറത്തേക്കു വരുന്ന പ്രമുഖരെ മോഡിക്ക് പരിചയപ്പെടുത്തി പ്രധാനമന്ത്രിമാരും മറ്റുള്ളവരും അകത്തേക്ക്. സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പ് വെച്ച്, നിര്‍ത്താതെ മിന്നുന്ന ഫ്‌ലാഷുകള്‍ക്ക് നടുവില്‍ വീണ്ടും ഹസ്തദാനം.

 ക്യാമറകളെ സാക്ഷിയാക്കി ഉപഹാരങ്ങള്‍ കൈമാറാന്‍ തുടങ്ങുന്നു. വസ്ത്രപ്രിയനായ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് കരുതി വെച്ച പച്ചയും നീലയും നിറമുള്ള ക്രിക്കറ്റ് അയര്‍ലണ്ടിന്റെ , അയര്‍ലണ്ട് എന്ന് എഴുതിയ ജഴ്‌സി കൈമാറി, രണ്ടു പേരും ചേര്‍ന്ന് ജെഴ്‌സിയ്ക്ക് പിന്നില്‍ മോഡി എന്ന് എഴുതിയിരിക്കുന്നത് തിരിച്ചു കാട്ടുന്നു. പിന്നെയും ഒരുപിടി ഉപഹാരങ്ങള്‍. ഓരോന്നിനെയും കുറിച്ചും ചോദിച്ചും പറഞ്ഞും നീളുന്ന കുശല പ്രശ്‌നം. പിന്നെ ആറു പതിറ്റാണ്ടിന് ശേഷം അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ത്ഥം ഐറിഷ് പ്രധാനമന്ത്രിയുടെ ചെറിയ ഒരു സല്ക്കാരം.ഇത് വെറും വര്‍ക്കിംഗ് ലഞ്ച്.പരമ്പരാഗത ഐറിഷ് സദ്യക്ക് ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും വേണമെന്ന് അറിഞ്ഞതിനാല്‍ മോഡി പറഞ്ഞ് സമയം കുറപ്പിച്ചതാണ്‍ഇരുപതു മിനിട്ട് പോലും എടുത്തില്ല വര്‍ക്കിംഗ് ലഞ്ചിന്…

പിന്നീട് നടന്ന സംയുക്ത പ്രസ്താവനയില്‍ അയര്‍ലണ്ടിലെ പ്രധാനമന്ത്രിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചാണ് മോഡി മടങ്ങിയത്. മൊത്തം ഒന്നര മണിക്കൂര്‍ സമയം മാത്രമാണ് മോഡി ഐറിഷ് പ്രധാനമന്ത്രിയ്‌ക്കൊപ്പം ചിലവഴിച്ചത്.
സംയുക്ത പത്രസമ്മേളനം
യു എസിലേക്കുള്ള യാത്രാമദ്ധ്യേയുള്ള ഹൃസ്വസന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച രാവിലെയാണ് ഡബ്ലിനില്‍ എത്തിയത്. ‘ദൃഢതയേറുന്ന ബന്ധങ്ങളും ആഴമുള്ള സഹകരണവുമായി ഇന്ത്യയില്‍ നിന്ന് അയര്‍ലണ്ടിലേക്ക്’ ഡബ്ലില്‍ വിമാനമിറങ്ങിയതിന് തൊട്ടു പിന്നാലെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു. ഡബ്ലിന്‍ സിറ്റി സെന്ററിലെ ഗവണ്‍മെന്റ് ബില്‍ഡിംഗില്‍ ഐറിഷ് പ്രധാനമന്ത്രിയുമായി സ്വകാര്യ സംഭാഷണം, മോഡിയുടെ ബഹുമാനാര്‍ത്ഥം കെന്നി ഒരുക്കുന്ന വിരുന്ന് എന്നിവയായിരുന്നു ഡബ്ലിനില്‍ പ്രധാനമന്ത്രിയുടെ പരിപാടികള്‍. ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. 

ഏതാണ്ട് അഞ്ചു മണിക്കൂറാണ് അദ്ദേഹം ഡബ്ലിനില്‍ ചിലവിട്ടത്. ഐറിഷ് പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിന് ശേഷം ഇരുവരും നടത്തിയ സംയുക്ത പത്ര സമ്മേളനത്തില്‍ അയര്‍ലണ്ടുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തിന്റെ ആഴവും, ഇന്ത്യ അയര്‍ലണ്ടില്‍ നിന്ന് ആഗ്രഹിക്കുന്നതെന്താണെന്നും മോഡി വ്യക്തമാക്കി.ഇന്ത്യന്‍ സമൂഹത്തോട് യൂറോപ്പ് ഇപ്പോഴും പുലര്‍ത്തുന്ന ഒരു തരം അവഗണന മാറ്റാന്‍ സമയമായി എന്ന് ഐറിഷ് നേതാക്കളോട് പറയാന്‍ മോഡി സമയം കണ്ടെത്തി.മാധ്യമങ്ങള്‍ പോലും മോഡി വരുന്ന വിവരം അറിഞ്ഞത് ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു എന്നത് ഇതിനു മറുപുറമാണ്.പക്ഷെ കുറഞ്ഞ സമയം കൊണ്ട് ഐറിഷ് മാധ്യമങ്ങളുടെ സുഹൃത്താവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഇന്ത്യയെ യൂറോപ്പിന് പരിചയപ്പെടുത്താന്‍ നിയുക്തരായവര്‍ അതില്‍ വീഴ്ച്ച വരുത്തിയപ്പോള്‍ കിട്ടിയ സമയം കൊണ്ട് മോഡിയ്ക്ക് ആവശ്യങ്ങള്‍ എണ്ണി പറയേണ്ടി വന്നു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല.

ആഗോള ഭീഷണികളായ ഭീകരവാദവും, തീവ്രവാദവും തടയുന്നതിനും യു എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനും അയര്‍ലണ്ടിന്റെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എന്‍ എസ് ജി ഉള്‍പ്പടെയുള്ള ഇന്റര്‍ നാഷണല്‍ എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റെഷീമുകളിലെ അംഗത്തിനും ഇന്ത്യന്‍ പ്രധാനമന്ത്രി അയര്‍ലണ്ടിന്റെ സഹായം തേടി. അയര്‍ലണ്ടിന്റെ വിസാ നിയമങ്ങളില്‍ ഇന്ത്യന്‍ ഐ ടി സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

യൂറോപ്പിലെയും ഏഷ്യയിലേയും സ്ഥിതിഗതികളും, ലോകം നേരിടുന്ന ഭീകര തീവ്രവാദ ഭീഷണികളും സംബന്ധിച്ച് വിപുലമായ കാഴ്ചപ്പാടുകള്‍ പങ്ക് വെക്കാന്‍ കഴിയുന്നതിലുള്ള സന്തോഷം അറിയിച്ചു കൊണ്ടാണ് അദ്ദേഹം പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക് കടന്നത്. ഒരേ ജനാധിപത്യ മൂല്യങ്ങള്‍ പങ്ക് വെക്കുന്നതിനാലും അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയക്കും വേണ്ടി നിലകൊള്ളുന്നതിനാലും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതല്‍ അടുത്ത ബന്ധത്തിന്റെ പ്രാധാന്യവും തങ്ങളുടെ ചര്‍ച്ച അടിവരയിട്ടു എന്ന് അദ്ദേഹം പറഞ്ഞു. 2008 ല്‍ എന്‍ എസ് ജിയില്‍ നിന്ന് ഇന്ത്യയുടെ പ്രത്യേകമായ ഒഴിവാക്കലില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിന് അദ്ദേഹം അയര്‍ലണ്ടിനോട് നന്ദി അറിയിച്ചു. ആണവായുധ വ്യാപനം തടയുന്നതിലും അയര്‍ണ്ടിന്റെ സഹരണത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. യു എന്‍ സുരക്ഷാ കൗണ്‍സിലിന്‍െ സമയബന്ധിതമായ പരിഷ്‌ക്കരണത്തിനും അയര്‍ലണ്ട് മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 

ആഗോള പ്രാദേശിക തലങ്ങളിലുള്ള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് , ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും നിക്ഷേപങ്ങളും വളരുന്നുവെന്നും ഇത് പ്രത്യേക പരിഗണനയോടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോ ടെക്‌നോളജി, ഔഷധ നിര്‍മ്മാണ മേഖല, കൃഷി, ക്ലീന്‍ എനര്‍ജി എന്നിവയുടെ വളര്‍ച്ചയ്ക്ക സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഡിജിറ്റല്‍ യുഗത്തിന്റെ പ്രയോജനങ്ങള്‍ കരസ്ഥമാക്കുന്നതിന് ഇന്ത്യയും അയര്‍ലണ്ടും ഒരു ക്രിയാത്മകമായ പങ്കാളിത്തത്തിന് രൂപം നല്‍കണമെന്നും, ഐ ടി മേഖലയിലെ ഒരു സംയുക്ത പ്രവര്‍ത്തന സംഘം സഹകരണത്തിന്റെ പാതകളെ ഉടന്‍ വരച്ചിടുമെന്നുമാണ് അദ്ദഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അധികം വൈകാതെ ഇന്ത്യക്കും അയര്‍ലണ്ടിനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുമെന്നും അത് ബിസിനസ്സ് ബന്ധങ്ങള്‍ മാത്രമല്ല, പ്രതിവര്‍ഷം 14 ശതമാനം വളര്‍ന്നു കൊണ്ടിരിക്കുന്ന വിനോദ സഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. 

വിദ്യാഭ്യാസവും സാങ്കേതിക വിദ്യയുമാണ് ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ നല്ല ഒരു ബന്ധത്തിന്റെ ചരിത്രം പങ്ക് വെക്കുന്ന മേഖലകള്‍ എന്നും ഇവയില്‍ ഇനിയും വളരെ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അയര്‍ലണ്ടിന്റേതായി വന്ന കര്‍ണാടകത്തിലെ സയന്‍സ് സെന്റര്‍ അദ്ദേഹം ഇതിനു തെളിവായി പരാമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയിലെ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് ഐറിഷ് ഭരണഘടനയിില്‍ നി്ന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉണ്ടായതാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ആദ്യ ലിംഗ്വിസ്റ്റിക് സര്‍വ്വേ ഓഫ് ഇന്ത്യയും ഐറിഷ് വിദഗ്ദ്ധരുടെ സംഭാവനയാണ് എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

രബിന്ദ്രനാഥ ടാഗോറും ഡബ്ല്യൂ ബി യീറ്റ്‌സും തമ്മിലുള്ള ബന്ധം മുതല്‍ സിസറ്റര്‍ നിവേദിത ഇന്ത്യയ്ക്ക് തന്ന ആത്മീയമായ സംഭാനകള്‍ വരെയുള്ള കാര്യങ്ങള്‍ അയര്‍ലണ്ടിലേയും ഇന്ത്യയിലേയും ജനങ്ങള്‍ തമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ബന്ധത്തിന്റെ ഉദാഹണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 26000 ഇന്ത്യക്കാര്‍ ഐറിഷ് ജനതയുടെ അവിഭാജ്യ ഘടകമാണെന്ന് ഓര്‍മ്മിപ്പിച്ച 1985 ല്‍ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യയുടെ കനിഷക്ക വിമാനത്തിലെ യാത്രക്കാര്‍ക്ക് അന്ത്യനിദ്രകൊള്ളാൻ  ഇടം നല്‍കിയതിന് അയര്‍ലണ്ടിനോട് നന്ദി അറിയിച്ചു. അയര്‍ലണ്ടും ഇന്ത്യയും യൂറോപ്പിലെയും ഏഷ്യയിലേയും അതിദ്രുതം വളരുന്ന രണ്ട് സാമ്പത്തിക ശക്തികളാണെന്നും, ഇത് ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ ബ്രോഡ് ബേസ്ഡ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റമെന്റ് എഗ്രിമെന്റ് ചര്‍ച്ചകള്‍ തുടരുന്നതിന് സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. അയര്‍ലണ്ടിന് ഇന്ത്യയെ പ്രയോജനപ്പെടുത്തുന്നതിന് സമാനമായി, ഇന്ത്യയെ സംബന്ധിച്ചിടത്തോളം യൂറോപ്പിലേക്കുള്ള വലിയ ഒരു വാതിലാണ് അയര്‍ലണ്ട് എന്നും തുറന്നു പറഞ്ഞാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രസംഗം അവസാനിപ്പിച്ചത്.

തുടര്‍ന്നായിരുന്നു ഡബ്ലിന്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ ഇന്ത്യക്കാരുമായുള്ള കൂടി കാഴ്ച്ചയ്ക്ക് പ്രധാനമന്ത്രി എത്തിയത്
ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ

RELATED LINK ..നരേന്ദ്ര മോഡിയുടെ ഡബ്ലിന്‍ സന്ദര്‍ശനം: ഫോട്ടോ ഗാലറി 1

http://irishmalayali.com/modi-photo-galary1/

Scroll To Top