Friday December 09, 2016
Latest Updates

നരേന്ദ്ര മോഡി യൂറോപ്പിനെ കീഴടക്കാന്‍ വരുന്നു,ബ്രസല്‍സ് ഉച്ചകോടി ഇന്ത്യയ്ക്ക് നേട്ടമാകും

നരേന്ദ്ര മോഡി യൂറോപ്പിനെ കീഴടക്കാന്‍ വരുന്നു,ബ്രസല്‍സ് ഉച്ചകോടി ഇന്ത്യയ്ക്ക് നേട്ടമാകും

ഡബ്ലിന്‍ :ഇത്തവണ യൂറോപ്പിലേയ്ക്കുള്ള നരേന്ദ്രമോഡിയുടെ യാത്ര അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വിലയുയര്‍ത്തുന്ന സംഭവം ആകുമെന്ന് യൂറോപ്യന്‍ മാധ്യമങ്ങള്‍. ഇന്ത്യയുമായി മെച്ചപ്പെട്ട വ്യാപാരബന്ധം ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇ യൂ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മതിച്ചത് എന്നത് തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന മേധാവിത്വ സ്വഭാവത്തെ സൂചിപ്പിക്കുന്നുണ്ട്.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഊഷ്മളമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.ഈ മാസം 30ന് ബ്രസ്സല്‍സിലാണ് ഉച്ചകോടി. നാലു വര്‍ഷത്തോളമായി നിര്‍ജ്ജീവമായിക്കിടക്കുന്ന ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള വാണിജ്യനയതന്ത്ര ബന്ധങ്ങള്‍ക്ക് സന്ദര്‍ശനം കരുത്തു പകരുമെന്നാണ് കരുതപ്പെടുന്നത്.

നയതന്ത്ര കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് 2004ലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തിന് ഇന്ത്യ തുടക്കം കുറിച്ചത്. വാര്‍ഷിക സമ്മേളനം നടത്താമെന്ന ധാരണയില്‍ 2007ല്‍ ഉഭയകക്ഷി വാണിജ്യ നിക്ഷേപ കരാറും (ബി.ടി.ഐ.എ) നിലവില്‍ വന്നു. എന്നാല്‍ യൂറോപ്പിലാകെ പടര്‍ന്നു പിടിച്ച സാമ്പത്തിക പ്രതിസന്ധി, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ എന്നിവയും ഇന്ത്യയിലെ ടു ജി, സി.ഡബ്ലു.ജി അഴിമതിയുമെല്ലാം കരാറിനെ പ്രതിസന്ധിയിലാക്കുകയും ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്തു.യൂറോപ്പുമായി കൃത്യമായ നയങ്ങള്‍ രൂപീകരിക്കാന്‍ ഇന്ത്യയ്ക്കും സമയം വേണ്ടി വന്നു.

ശേഷം 2014ല്‍ ബ്രിസിബേനിലും 2015ല്‍ അന്റാലിയയിലുമായി ജി 20 ഉച്ചകോടികളില്‍ മോദി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ കണ്ടിരുന്നു. ഇതാണ് പുതിയ നീക്കങ്ങള്‍ക്ക് വഴി തുറന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ കക്ഷിയായിരുന്ന യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിലൂടെ സാമ്പത്തികരംഗത്ത് വന്‍ വളര്‍ച്ചയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

നേരിട്ടുള്ള വിദേശനിക്ഷേപം 49% ആയി വര്‍ദ്ധിപ്പിച്ചതും ടെലികോം മേഖലയില്‍ 100% വിദേശനിക്ഷേപമാകാം എന്നുള്ള പുതിയ തീരുമാനങ്ങളും ബന്ധത്തെ സഹായിക്കുമെന്നാണ് മോദി പ്രതീക്ഷിക്കുന്നത്. 7.6% വളര്‍ച്ചയോടെ ഇന്ത്യയാണ് നടപ്പു വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തികശക്തി എന്നതും ചര്‍ച്ചകള്‍ക്ക് ആത്മവിശ്വാസം പകരും.

Scroll To Top