Tuesday December 06, 2016
Latest Updates

വിദഗ്ധരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ 19 സഹമന്ത്രിമാര്‍

വിദഗ്ധരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ 19 സഹമന്ത്രിമാര്‍

ന്യൂദല്‍ഹി: വിവിധ മേഖലകളിലെ വിദഗ്ധരെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ 19 സഹമന്ത്രിമാര്‍ ഇടംപിടിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം പുനഃസംഘടനയില്‍ വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെ ക്യാബിനറ്റ് മന്ത്രിയാക്കി ഉയര്‍ത്തി.

ഇന്നലത്തെ വികസനത്തോടെ കേന്ദ്രമന്ത്രി സഭാംഗങ്ങളുടെ എണ്ണം 78 ആയി. ഫഗന്‍ സിങ്ങ് കുലസ്‌തേ, എസ്.എസ്. അലുവാലിയ, രമേശ് ചന്ദപ്പ ജിഗാജിനഗി, വിജയ് ഗോയല്‍, രാംദാസ് അതാവലേ, രാജേന്‍ ഗൊഹൈന്‍, അനില്‍ മാധവ് ധാവേ, പര്‍ശോത്തം രൂപാല, എം.ജെ. അക്ബര്‍, അര്‍ജുന്‍ റാം മേഘ്‌വാള്‍, ജസ്വന്ത് സിങ്ങ് സുമന്‍ഭായ് ഭാഭോര്‍, ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡേ, അജയ് തംത, കൃഷ്ണ രാജ്, മന്‍സുഖ് എല്‍. മാണ്ഡവ്യ, അനുപ്രിയ പേട്ടല്‍, സി.ആര്‍. ചൗധരി, പി.പി. ചൗധരി, സുഭാഷ് രാംറാവു ഭാംറേ എിവരാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാര്‍.

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മറ്റു ദേശീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഭിഭാഷകര്‍, ഡോക്ടര്‍, പിഎച്ച്ഡി ബിരുദധാരി, കാര്‍ഷിക വിദഗ്ധന്‍, നദീസംരക്ഷണ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് മോദിസര്‍ക്കാരിലെ അംഗങ്ങളായി തെരഞ്ഞെടുത്തത്. 2014 മെയില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസങ്ങള്‍ക്ക് ശേഷം നവംബറില്‍ നടന്ന പുനഃസംഘടനയില്‍ മന്ത്രിസഭാംഗങ്ങളുടെ എണ്ണം 64 ആക്കി ഉയര്‍ത്തിയിരുന്നു. അഞ്ചു കേന്ദ്ര സഹമന്ത്രിമാര്‍ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി രാജിവെച്ചു.

കേന്ദ്ര ജലവിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന സഹമന്ത്രി സന്‍വര്‍ ലാല്‍ ജാട്ട്, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി മോഹന്‍ഭായ് കല്യാഭായ് കുന്ദാരിയ, കേന്ദ്ര പഞ്ചായത്തിരാജ് സഹമന്ത്രി നിഹല്‍ ചന്ദ്, കേന്ദ്ര ആദിവാസികാര്യ സഹമന്ത്രി മന്‍സുഖ്ഭായ് ധാഞ്ചിഭായ് വാസവ, കേന്ദ്ര മാനവവിഭവശേഷി വികസന സഹമന്ത്രി പ്രൊഫ. രാം ശങ്കര്‍ കത്താരിയ എന്നിവരാണ് കേന്ദ്രമന്ത്രിസഭയില്‍ നിന്നു രാജിവെച്ചത്. ഇവര്‍ക്ക് പാര്‍ട്ടിയുടെ ഉന്നത ചുമതലകളും സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലകളും ലഭിക്കും.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ പുനസംഘടനയില്‍ എന്‍ഡിഎ സഖ്യകക്ഷികളായ അപ്‌നാദള്‍, ആര്‍പിഐ എന്നിവര്‍ക്കും സ്ഥാനം ലഭിച്ചു.

Scroll To Top