Friday September 22, 2017
Latest Updates

ഡബ്ലിനില്‍ എയര്‍ ഇന്ത്യാ ഹബ്ബ് യാഥാര്‍ഥ്യമായേക്കും,അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് സ്‌നേഹസ്പര്‍ശം നല്‍കി മോഡി മടങ്ങി 

ഡബ്ലിനില്‍ എയര്‍ ഇന്ത്യാ ഹബ്ബ് യാഥാര്‍ഥ്യമായേക്കും,അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്ക് സ്‌നേഹസ്പര്‍ശം നല്‍കി മോഡി മടങ്ങി 

ഡബ്ലിന്‍:അഞ്ചു മണിക്കൂര്‍ നീണ്ട അയര്‍ലണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വൈകിട്ട് അഞ്ചു മണിയോടെ പ്രത്യേക എയര്‍ഇന്ത്യാ വിമാനത്തില്‍ അമേരിക്കയിലേയ്ക്ക് യാത്രയായി.

ബുധനാഴ്ച്ച മണിക്കൂറുകള്‍ മാത്രമാണ് മോഡി ഡബ്ലിന്‍ നഗരത്തില്‍ ചിലവഴിച്ചുള്ളൂ എങ്കിലും അദ്ദേഹത്തിന് അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്.നിങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിയാത്തതില്‍ താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് അയര്‍ലണ്ടിലെ യോഗത്തില്‍ അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്.ന്യൂയോര്‍ക്കിലേക്ക് പോകുന്ന ഓരോരുത്തരും അയര്‍ലണ്ടിന് മുകളിലൂടെയാണ് പറക്കുന്നതെന്നും നിങ്ങളുടെ സ്‌നേഹമാണ് ഇവിടെ ഇറങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9 മണി മുതല്‍ ഡബിള്‍ ട്രീ ഹോട്ടലിന് മുമ്പില്‍ സമ്മേളനഹാളിലേയ്ക്കുള്ള ക്യൂ രൂപപ്പെട്ടിരുന്നു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനസഹസ്രങ്ങള്‍ വ്യത്യസ്തമായ വസ്ത്രവിതാനങ്ങളോടെയും ഭാഷാ ശൈലികളോടെയും അണിനിരന്നപ്പോള്‍ ബര്‍ലിംഗ്റ്റണ്‍ റോഡില്‍ ഒരു ‘മിനി ഇന്ത്യ’രൂപപ്പെട്ടു.ഉത്തരേന്ത്യന്‍ ശൈലിയില്‍ താറു പാച്ചിയ വൃദ്ധര്‍ മുതല്‍ മുണ്ടുടുത്ത് വന്ന തമിഴ്‌നാട്ടുകാര്‍ വരെയുണ്ടായിരുന്നു ആ കൂട്ടത്തില്‍.

ഒരു മണിയോടെ ക്യൂ മെയിന്‍ റോഡ് വരെ നീണ്ടു.പാസ് വാങ്ങി കയറ്റി വിടുന്ന പ്രവേശന ഗേറ്റുമുതല്‍ വളണ്ടിയര്‍മാര്‍ നിരന്നു നിന്ന് ക്രമീകരണങ്ങള്‍ നിയന്ത്രിച്ചു.സെക്യൂരിറ്റി ചെക്കിംഗിനു ശേഷം ഹാളിന്റെ ഉള്ളിലേയ്ക്ക്.ഹാളിനുള്ളില്‍ പല സെക്ട്ടറുകള്‍ തിരിച്ച് ആള്‍ക്കാര്‍ക്ക് നില്ക്കാനുള്ള സ്ഥലം ഒരുക്കിയിരുന്നു.പത്രക്കാര്‍ക്കും വിശിഷ്ട്ടാഥികള്‍ക്കുമായി 20 കസേരകള്‍ ക്രമീകരിച്ചതല്ലാതെ ഒരൊറ്റ കസേരപോലും ഹാളില്‍ ഇല്ലായിരുന്നു.മുന്‍ കൂട്ടി പാസ് വാങ്ങി മണിക്കൂറുകള്‍ ക്യൂ നിന്ന് അകത്തു കയറിയപ്പോഴാണ് സംഘാടകരുടെ ക്രൂരത ജനസഹസ്രങ്ങള്‍ക്ക് ബോധ്യപ്പെട്ടത്.

950 പേര്‍ക്ക് മാത്രം സീറ്റിംഗ് കപ്പാസിറ്റിയുള്ള ഹോള്‍ ബുക്ക് ചെയ്തപ്പോഴേ തുടങ്ങിയിരുന്നു പാകപ്പിഴകള്‍.1400 പേര്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചു.കസേര ഇട്ടില്ലെങ്കില്‍ പോട്ടെ എങ്ങനെ ഇത്രയും പേര്‍ക്ക് ഹാളില്‍ നില്‍ക്കാനാവും എന്ന് പോലും സംഘാടകര്‍ ചിന്തിച്ചില്ല എന്നതാണ് സത്യം. പുലര്‍ച്ചേ തന്നെ സ്ലൈഗോയില്‍ നിന്നും,ബെല്‍ഫാസ്റ്റില്‍ നിന്നുമടക്കം ദൂരെ സ്ഥലങ്ങളില്‍ നിന്നും യാത്ര പുറപ്പെട്ടവര്‍ പോലും ഒന്നര മണി മുതല്‍ നാല് മണി വരെ ഹാളില്‍ ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നു!യൂറോപ്യന്‍ രാജ്യത്തു വന്നതിന് ശേഷം മിക്കവര്‍ക്കും യാതൊരു ആഥിധേയത്വ മര്യാദയും ലഭിക്കാതെ വന്ന ആദ്യ അവസരമായിരിക്കണം ഇതെന്ന് ഉറപ്പായിരുന്നു.
രണ്ടു മണിയോടെ ഹാള്‍ നിറഞ്ഞു.അപ്പോഴും നൂറ്റിയമ്പതോളം പേര്‍ പുറത്തായിരുന്നു.മോഡി ഹാളിന് പുറത്തു വന്ന് ഇവരെയും കാണും എന്ന് സംഘാടകര്‍ ആശ്വസിപ്പിച്ചെങ്കിലും അവസാന നിമിഷം ഇവരെയും അകത്തു കയറ്റാന്‍ തീരുമാനമായി!

മലയാളികളുടെ സാന്നിധ്യം പൊതുവേ കുറവായിരുന്നു.ബി ജെ പിയുടെ പ്രവര്‍ത്തകര്‍ താമര ചിഹ്നവും മോഡിയുടെ ചിത്രവും അച്ചടിച്ച ടീ ഷര്‍ട്ടും ധരിച്ച് സമ്മേളനവേദിയിലും പാര്‍ട്ടിക്കൂര്‍ തെളിയിച്ചു.തിങ്ങി നിറഞ്ഞ ഹാളില്‍ കലാപരിപാടികള്‍ ആരംഭിച്ചതോടെ പലരും ക്ഷീണം മറന്നു.ദേശഭക്തിയുടെ തീവ്രമായ ഐക്യധാര സംഘാടകരുടെ കുറവുകളെ മറക്കാന്‍ ഹാളിലെത്തിയ ജന സഹസ്രങ്ങളെ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും ശരി.സപ്ത രാമന്‍ നമ്പൂതിരിയുടെ ഭരതനാട്യവും,ദിയ ലിങ്ക്വിന്‍സ്റ്റാര്‍ അവതരിപ്പിച്ച കുച്ചിപ്പിടിയും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തി പ്രേക്ഷക ഹൃദയങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു.സംഗീത സാന്ദ്രമായ വേദിയില്‍ ഇടയ്ക്കിടെ ഉയര്‍ന്ന ‘വന്ദേമാതര’വും ബോലോ ഭാരത് മാതായും’ഡബ്ലിന്‍ നഗരത്തെ തന്നെ ഉള്‍പ്പുളകമണിയിച്ചു.

മൂന്നു മണി കഴിഞ്ഞതോടെ മോഡി ഉടന്‍ എത്തും എന്ന അറിയിപ്പ് മുഴങ്ങി.വേദിയുടെ ഇടതു വശത്ത് കൂടി ഉദ്യോഗസ്ഥ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ പ്രധാനമന്ത്രി മെല്ലെ വേദിയില്‍ എത്തി.ആര്‍പ്പു വിളിച്ച ജനാവലിയ്യ്ക്ക് നേരെ കൈവീശിയും കൈ കൂപ്പിയും നരേന്ദ്ര മോഡി പ്രത്യാഭിവാദ്യം ചെയ്തു.പിന്നെ എല്ലാ ദേശവാസികള്‍ക്കും അഭിമാനമായി ‘ജനമനഗണ’ ഹൃദയപൂര്‍വ്വം ആലപിക്കപ്പെട്ടു.ഐറിഷ് ദേശീയ ഗാനത്തിന്റെ ഊഴമായിരുന്നു പിന്നീട്.

വേദിയില്‍ കാത്തിരുന്ന ഐറിഷ് കുട്ടികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സ്വീകരിച്ചത് സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിട്ട് കൊണ്ട്. ഇന്ത്യയിലാണ് ഇതെങ്കില്‍ വിവാദമായേനേ എന്ന് ഇന്ത്യയിലെ തന്റെ സെക്കുലര്‍ എതിരാളികളെ പരോക്ഷമായി വിമര്‍ശിക്കാനും സ്വാഗതഗാനം കഴിഞ്ഞപ്പോള്‍ അദ്ദേഹം മറന്നില്ല. 

‘ അയര്‍ലണ്ടിലെ കുഞ്ഞുങ്ങളെ ഈ സംസകൃത ശ്ലോകങ്ങള്‍ ആരും ഉരുവിട്ടു പഠിപ്പിച്ചതായി എനിക്ക് തോന്നിയില്ല. ഓരോ വാക്കിലെയും അനുഭവം ധ്വനിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അവരുടെ അദ്ധ്യാപകരെ ഞാന്‍ അഭിനന്ദിക്കുന്നു. അയര്‍ലണ്ടില്‍ ഇത് ചെയ്യാന്‍ കഴിയുന്നു എന്നത് വളരെ സന്തോഷകരമാണ്.ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ സെക്കുലറിസം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നേനേ’ അദ്ദേഹം പറഞ്ഞു. ഡബ്ലിനിലെ കമ്മ്യൂണിറ്റി പ്രോഗ്രാം ഹൃദത്തെ ആഴത്തില്‍ സ്പര്‍ശിച്ചെന്നും, മാസ്മരികമായിരുന്നുവെന്നും, അയര്‍ലണ്ടിലെ കുഞ്ഞുങ്ങള്‍ സംസ്‌കൃതം ചൊല്ലുന്നത് മഹത്തരമായ കാഴ്ച ആയിരുന്നെന്നും അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചു. 

 ഇന്ത്യയ്ക്കും അയര്‍ലണ്ടിനുമിടയില്‍ പൊതുവായ ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും രണ്ട് രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡാ കെന്നിയുമായുള്ള ചര്‍ച്ചകളില്‍ ഒരുപാട് വിഷയങ്ങളില്‍ തങ്ങള്‍ യോജിപ്പില്‍ എത്തിയെന്ന് അദ്ദേഹം അറിയിച്ചു. ഐറിഷ് പ്രധാനമന്ത്രിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു കൊണ്ടും 2016 ല്‍ അയര്‍ലണ്ട് സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദി വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയും അതില്‍ പങ്ക് ചേരുമെന്നും അദ്ദേഹം വേദിയിലും ആവര്‍ത്തിച്ചു.

പിന്നീടായിരുന്നു ഫോട്ടോ സെഷന്‍.കലാപരിപാടികള്‍ അവതരിപ്പിച്ച ദിയയോടും സപ്തയോടും അടക്കമുള്ളവരോട് കുശലം ചോദിച്ച പ്രധാനമന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.ആവശ്യപ്പെട്ട സംഘങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മോഡി പിന്നാലെ ഓരോ സെക്ഷനുകളിലും ഉള്ള സ്വന്തം നാട്ടുകാരുടെ അടുത്തേയ്ക്ക് ഇറങ്ങി ചെന്നു.ഹസ്ത ദാനം നടത്തിയും,കുശലം പറഞ്ഞും 30 മിനുറ്റ് സമയത്തോളം മോഡി ഹാളില്‍ ചുറ്റി സഞ്ചരിച്ചശേഷമാണ് ഹാള്‍ വിട്ടു പോയത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ചുള്ള സംഘടനകളും,സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ അടക്കമുള്ള വിവിധ സാമുദായിക സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഇന്ത്യയിലേയ്ക്കും ഇന്ത്യയില്‍ നിന്നുംഅയര്‍ലണ്ടിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മീഡിയാ സ്റ്റേററ്‌മെന്റില്‍ വെളിപ്പെടുത്തിയ മോഡി പക്ഷെ അത്തരം പ്രഖ്യാപനങ്ങളൊന്നും ഭാരതീയരുടെ സദസില്‍ പ്രഖ്യാപിച്ചു കൈയ്യടി വാങ്ങാന്‍ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമായി.അതെ സമയം ഡബ്ലിനില്‍ എയര്‍ ഇന്ത്യ ഹബ്ബ് ആരംഭിക്കാനുള്ള ഇന്ത്യയുടെ താത്പര്യത്തിന് എന്ടാ കെന്നി അനുകൂല മറുപടി നല്‍കിയാതായി സൂചനയുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്ത്യയും അയര്‍ലണ്ടും പരസ്പരം വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായതും.ഇന്ത്യയില്‍ എത്തുന്ന ഐറിഷ് വിമാനങ്ങള്‍ക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കുന്നതിനൊപ്പം ഡബ്ലിനില്‍ കൂടി കടന്നു പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് അയര്‍ലണ്ടും സൌകര്യമൊരുക്കും എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചിരിക്കുന്നത് എന്നാണ് ലഭ്യമായ വിവരം.ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക ധാരണകള്‍ താമസിയാതെ രൂപപ്പെട്ടേക്കും.

വിദേശത്തായിരിക്കുമ്പോഴും ജന്മനാടിന്റെ പ്രധാനമന്ത്രി തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന ശക്തമായ ഫീലിംഗ് ജനഹൃദയങ്ങളില്‍ ജനിപ്പിക്കാന്‍ നരേന്ദ്ര മോഡിയ്ക്കായത് ഇത്തരത്തിലുള്ള ഇടപെടലുകളില്‍ കൂടിയാണ്.ആരെന്ത് എതിരു പറഞ്ഞാലും,എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാലും , നരേന്ദ്ര മോഡിയുടെ അത്തരം സ്‌നേഹസ്പര്‍ശങ്ങള്‍ ആര്‍ക്കും മറക്കാനാവില്ലെന്ന് ഉറപ്പാണ്.60 വര്‍ഷങ്ങള്‍ക്ക് ശേഷം അയര്‍ലണ്ടിലെ ഇന്ത്യാക്കാര്‍ക്കായി വന്ന ഇന്ത്യന്‍ പ്രധാനമന്ത്രി വെറും അഞ്ചു മണിക്കൂറുകളെ അയര്‍ലണ്ടില്‍ ചിലവഴിച്ചുള്ളൂ എങ്കിലും വെറും കൈയ്യോടെയല്ല മടങ്ങിപ്പോയത് എന്ന് കരുതുന്നതില്‍ ഒരു സംശയവും വേണ്ട.

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ Scroll To Top