Thursday August 24, 2017
Latest Updates

പൊന്നുമോന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാര്‍ട്ടിന്റെയും ആന്‍സിയുടെയും ആഗ്രഹവും വിഫലമായി…മിലന്‍ ഇനി സ്വര്‍ഗ്ഗമാലാഖമാര്‍ക്കൊപ്പം 

പൊന്നുമോന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള മാര്‍ട്ടിന്റെയും ആന്‍സിയുടെയും ആഗ്രഹവും വിഫലമായി…മിലന്‍ ഇനി സ്വര്‍ഗ്ഗമാലാഖമാര്‍ക്കൊപ്പം 

ഡബ്ലിന്‍:പൊന്നുമോനെ വിധി തട്ടിയെടുത്തെങ്കിലും അവന്റെ എല്ലാ അവയവങ്ങളും മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാനുള്ള
വിക്ലോയിലെ ചങ്ങനാശ്ശേരി സ്വദേശി മാര്‍ട്ടിന്‍ വര്‍ഗീസിന്റെയും  ആന്‍സിയുടെയും ആശയും നടന്നില്ല.ബൂമോണ്ട് ആശുപത്രിയില്‍  ഇന്ന് പുലര്‍ച്ചയോടെ മിലന് മസ്തിഷ്‌കമരണം സംഭവിച്ച ഉടന്‍ തന്നെ ധീരമായ ആ തീരുമാനം അവര്‍ എടുത്തിരുന്നു.


മിലന്‍ ഇനി തിരിച്ചു വരില്ലെങ്കിലും അവന്റെ സാധ്യമായ എല്ലാ അവയവങ്ങളും ആവശ്യക്കാര്‍ക്ക് വേണ്ടി എടുക്കാനുള്ള തീരുമാനം ആശുപത്രിയില്‍ അവരോടൊപ്പം ഉണ്ടായിരുന്നവരെ ആ അപ്പനും അമ്മയും അറിയിച്ചു.”ഒരു നിമിഷം അത്ഭുതപ്പെട്ടു പോയ നിമിഷങ്ങളായിരുന്നു അത്’.മാര്‍ട്ടിന്റെ സുഹൃത്തുക്കളായ വിക്ലോയില്‍ നിന്നുള്ള ജസ്റ്റീനും,സെന്റ് ജെയിംസസിലെ  മാരാമണ്‍ സ്വദേശി അനിലും പറഞ്ഞു.’ധീരമായിരുന്നു അവരുടെ തീരുമാനം.തകര്‍ന്നു പോകേണ്ട ആ നിമിഷങ്ങളിലും തളരാതെ മകന്റെ ശരീരം അജ്ഞാതരായ മറ്റാര്‍ക്കോ വേണ്ടി നീക്കിവെയ്ക്കാന്‍ അവര്‍ തയാറായി. പൊട്ടികരയുന്ന മനസോടെ അവര്‍ കാത്തിരുന്നതും പക്ഷെ നടന്നില്ല.

പത്തുമണിയോടെ ഡോണര്‍മാരെ തേടി മെസേജുകള്‍ പോയെങ്കിലും രണ്ടു മണിയോടെയുള്ള അന്തിമ പരിശോധന കഴിഞ്ഞ് ഡോക്റ്റര്‍മാര്‍ അറിയിച്ചത് അവയവദാനത്തിനു സാധ്യമാവില്ലെന്ന നിലപാടായിരുന്നു.

മിലന്റെ മരണ കാരണം ഇതേ വരെ ഡോക്റ്റര്‍മാര്‍ക്ക് അറിയാന്‍ കഴിയാത്തതായിരുന്നു ഒരു കാരണം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്നതിനാല്‍ അത് വരെ കാത്തിരിക്കാനുള്ള അവസ്ഥയിലായിരുന്നില്ല ആ കുരുന്നു ശരീരം.

ഡോക്റ്റര്‍മാര്‍ ദീര്‍ഘമായ് ചര്‍ച്ചകള്‍ നടത്തി … തങ്ങളുടെ പൊന്നുകുഞ്ഞ് ചിറകു വിടര്‍ത്തി സ്വര്‍ഗത്തിലേയ്ക്ക് പറന്നു പോകട്ടെയെന്ന് ഹൃദയം  തകര്‍ന്ന ആ  നിമിഷത്തില്‍ അവരും ആഗ്രഹിച്ചു.വിധിയെ നിയന്ത്രിക്കുന്ന സര്‍വ്വശക്തനായ ദൈവ സന്നിധിയിലേയ്ക്ക് ആ കൗമാരക്കാരന്റെ ആത്മാവ് തിരികെ പോയി.ഇനി ശാന്തമായി ഉറക്കം.

രാവിലെ സീറോ മലബാര്‍ സഭയുടെ ചാപ്ല്യന്‍ ഫാ.ആന്റണി ചീരാംവേലിയും ബൂമോണ്ട് ആശുപത്രിയിലെ വൈദീകരും ചേര്‍ന്ന് മിലന് അന്ത്യകൂദാശകള്‍ നല്‍കിയിരുന്നു.ബ്രെയിലെയും വിക്ലോയിലെയും മാത്രമല്ല ഡബ്ലിനില്‍ എമ്പാടു നിന്നും മാര്‍ട്ടിന്‍ കുടുംബത്തിന്റെ നിരവധി സുഹൃത്തുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബൂമോണ്ട് ആശുപത്രിയില്‍ എത്തിയിരുന്നു.

മൃതദേഹം ഇന്ന് വൈകിട്ട് തന്നെ ഫ്യൂണറല്‍ ഹോമിലേയ്ക്ക് മാറ്റും.സംസ്‌കാരത്തിന്റെ സമയം പിന്നീട് അറിയിക്കുന്നതാണ്. 

RELATED NEWS

അയര്‍ലണ്ടിലെ വിക്ലോയില്‍ മലയാളിയായ സ്‌കൂള്‍ വിദ്യാര്‍ഥി നിര്യാതനായി

 http://irishmalayali.com/millans-death-announcement/

Scroll To Top