Saturday August 19, 2017
Latest Updates

മിലന്‍ മാര്‍ട്ടിന് അയര്‍ലണ്ടിലെ മലയാളികള്‍ ഇന്ന് യാത്രാമൊഴി ചൊല്ലും,സ്‌നേഹ ശ്വാസം സ്വര്‍ഗത്തിലേയ്ക്കയച്ച് ഐറിഷ് സമൂഹം 

മിലന്‍ മാര്‍ട്ടിന് അയര്‍ലണ്ടിലെ മലയാളികള്‍ ഇന്ന് യാത്രാമൊഴി ചൊല്ലും,സ്‌നേഹ ശ്വാസം സ്വര്‍ഗത്തിലേയ്ക്കയച്ച് ഐറിഷ് സമൂഹം 

വിക്ലോ : അയര്‍ലണ്ടിലെ വിക്ലോ നഗരം ഇന്ന് തങ്ങളുടെ പ്രീയപ്പെട്ട മിലന് കണ്ണീരോടെ യാത്രാമൊഴി നേരും.

വ്യാഴാഴ്ച്ച നിര്യാതനായ ചങ്ങനാശ്ശേരി ചന്തയിലെ കുടപ്പന പോളയ്ക്കല്‍ കുടുംബാംഗം  മിലന്‍ ചാക്കോ വര്‍ഗീസിന് വേണ്ടിയുള്ള ഫ്യൂണറല്‍ മാസ്. ഇന്ന് രാവിലെ 11 മണിയ്ക്ക് വിക്ലോ ടൌണിലെ സെന്റ് പാട്രിക്‌സ് പള്ളി സിമിത്തേരിയിലാണ് നടത്തപെടുക.തുടര്‍ന്ന് റാത്ത്‌ന്യൂ സിമിത്തേരിയില്‍ അന്ത്യ നിദ്ര.

ഇന്നലെയും മിലന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയവര്‍ നിരവധിയാണ്.ബ്രേയിലെ ഹോളി റിഡീമര്‍ ദേവാലയത്തില്‍ ഇന്നലെ  മിലന്റെ  ആത്മശാന്തിയ്ക്കായി പ്രത്യേക അനുസമരണബലി നടത്തപെട്ടു.ഫാ.ജോസ് ഭരണികുളങ്ങരയുടെ കാര്‍മ്മികത്വത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നൂറ്റമ്പതോളം പേരടങ്ങുന്ന സംഘം വിക്ലോയിലെ ഫ്യൂണറല്‍ ഹോമിലെത്തി മിലന് അന്തിമോപചാരം അര്‍പ്പിച്ചു. മിലന്റെ ഒപ്പം വേദപാഠം പഠിച്ചിരുന്ന സഹപാഠികളും ആ സംഘത്തില്‍ ഉണ്ടായിരുന്നു.hj

ഇന്നലെ വൈകിട്ട് 5 മുതല്‍ 7 വരെയുള്ള പൊതുദര്‍ശന സമയത്തും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ മിലന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി വികാരി ഫാ.ജോബിമോന്‍ സ്‌കറിയായുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സഭയുടെ അനുശോചനം അറിയിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ അര്‍പ്പിച്ചു.

മൂന്നു മണിയോടെ ആഷ്‌ഫോര്‍ഡില്‍ വ്യത്യസ്തമായ മറ്റൊരു അനുസ്മരണ ചടങ്ങ് നടന്നു.മിലന്റെ ഭവനം സ്ഥിതിചെയ്യുന്ന ബെല്‍എയര്‍ ഹൗസിംഗ് എസ്റ്റേറ്റിലെ 28 വീടുകളില്‍ നിന്നുമുള്ളവര്‍ പുരാതനമായ ബെല്‍എയര്‍ ഹോട്ടലില്‍ മിലനെ അനുസ്മരിക്കാന്‍ ഒത്തു ചേര്‍ന്നു.പിതാവ് മാര്‍ട്ടിന്‍ വര്‍ഗീസ്സിനും,ആന്‍സിയ്ക്കും പാട്രിക്കിനും വേണ്ടി സമാശ്വാസമൊരുക്കാന്‍ ആ അയല്‍ക്കാര്‍ ഒന്നാകെ എത്തിയിരുന്നു.

മിലനെ എല്ലാ ദിവസവും കണ്ടുമുട്ടിയിരുന്ന അയല്‍ക്കാരുടെ സങ്കടംപെരുമഴയായാണ് അവിടെ പെയ്തിറങ്ങിയത് .അവരുടെ കുടുംബത്തിലെ ഒരംഗമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്.ഏക്കറുകളോളം പരന്നു കിടക്കുന്ന പുല്‍മൈതാനമുള്ള ഹോഴ്‌സ് റൈഡിംഗ് പഠനകേന്ദ്രം കൂടിയായ ബെല്‍എയറിലെ ഓരോ പുല്‍ക്കൊടിയ്ക്കും പരിചയക്കാരനായ കുരുന്നിനെ ഈ മലനിരകള്‍ എങ്ങനെ മറക്കും?തന്റെ സൈക്കിളില്‍ തനിഗ്രാമീണ ശൈലിയുള്ള ഈ ഹൗസിംഗ് എസ്റ്റേറ്റ് ചുറ്റിയടിക്കുന്ന അവരുടെ പ്രിയപ്പെട്ട കൊച്ചു സുഹൃത്തിനെ അവരെങ്ങനെ മറക്കാന്‍?

അവരുടെ അനുദിന ജീവിതത്തിന്റെ ഭാഗമായിരുന്നു മിലന്‍.അവരുടെ ഗാര്‍ഡന്‍ ഉണ്ടാക്കി കൊടുക്കാന്‍,പ്രായമായവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ അവരെ സഹായിക്കാന്‍,അവരോടൊപ്പം പര്‍ച്ചേസിംഗിന് പോകാന്‍,ആവശ്യം പറഞ്ഞാല്‍ അവരുടെ വീടുകള്‍ വൃത്തിയാക്കി കൊടുക്കാന്‍ ഒക്കെ യാതൊരു പ്രതിഫലേശ്ചയും ഇല്ലാതെ എപ്പോള്‍ വിളിച്ചാലും മിലനുണ്ടായിരുന്നു.

പ്രായമായ ഒറ്റയ്ക്ക് താമസിക്കുന്ന അയല്‍ക്കാരുടെ പട്ടികളെ നടത്താന്‍ കൊണ്ട്‌പോകുന്നതായിരുന്നു(ഡോഗ് വാക്കിംഗ്)മിലന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട മറ്റൊരു ജോലി.ആവശ്യക്കാരെ വീടുകള്‍ തോറും തേടി ചെന്ന് കണ്ടുപിടിച്ച് തന്റെ ജോലി ചെയ്യാന്‍ സദാ സന്നദ്ധനായിരുന്നു ആ കൊച്ചു മിടുക്കന്‍.ഇത്തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മിലന് പ്രിയപ്പെട്ട സുഹൃത്തുക്കളും അയല്‍വാസികളും സന്തോഷ പൂര്‍വ്വം കൊടുത്ത പോക്കറ്റ്മണി കഴിഞ്ഞ രണ്ടു മാസം കൊണ്ട് മാത്രം നാനൂറോളം യൂറോയാണ്‍ തന്റെ ടൂള്‍ ബോക്‌സിനും പരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചിലവുകള്‍ കഴിഞ്ഞുള്ള പണം ഭദ്രമായി സൂക്ഷിച്ചിരുന്നു മിലന്‍.

ആരുടെയെങ്കിലും സൈക്കിളോ വീട്ടുപകരണങ്ങളോ ആ ഹൗസിംഗ് ഏരിയയില്‍ കേടായാല്‍ അവരാദ്യം തേടുക മിലനെയാണ്.സ്ഥലത്തുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കകം ടൂള്‍ ബോക്‌സുമായെത്തി തങ്ങളുടെ വാഹനം റിപ്പയര്‍ ചെയ്തു കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പാണ്.ആരെങ്കിലും എവിടെയെങ്കിലും ദൂരെയാത്ര പോകുന്നുവെങ്കില്‍ അവരുടെ വീടിന്റെ താക്കോല്‍ വാങ്ങി ചുമതലയേല്‍ക്കും.അത്രയ്ക്ക് വിശ്വസ്തനാണ് ആ കൊച്ചു മിടുക്കന്‍ എന്നവര്‍ക്കറിയാം.സോളാര്‍ ഫാന്‍ അടക്കം നിരവധി കൊച്ചു കണ്ടു പിടിത്തങ്ങള്‍ തന്നെ അവന്റെ മുറിയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു!.

മറ്റൊരു ഇന്ത്യന്‍ കുടുംബം പോലുമില്ലാത്ത ബെല്‍എയറിലെ നൂറോളം വരുന്ന പ്രദേശവാസികളാണ് ബെല്‍എയര്‍ ഹോട്ടലില്‍ ഒത്തു ചേര്‍ന്നത്.അവര്‍ക്ക് എണ്ണിപറയാന്‍ മിലന്റെ അപദാനങ്ങളെയുള്ളൂ.ഒരോര്‍ത്തര്‍ക്കും പറയാന്‍ അവന്‍ ചെയ്ത ഉപകാരങ്ങളുടെ ഒരു നീണ്ട നിരയുണ്ട്.ആ ഓര്‍മ്മകളുടെ വിതുമ്പല്‍ വിക്ലോ മലനിരകളെ പോലും കണ്ണീരണിയിച്ചിട്ടുണ്ടാവും.

കുട്ടികള്‍ മാത്രമല്ല,ആ പ്രദേശത്തെ എല്ലാ പ്രായത്തിലുള്ളവരും ആ കൊച്ചു മിടുക്കനെ ഓര്‍ത്ത് തേങ്ങികരയുകയായിരുന്നു.ഇതു ശിലാ ഹൃദയന്റെയും കരളലിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു അത്.

ബെല്‍എയര്‍ ഹോട്ടലിന്റെ വിശാലമായ പുല്‍തകിടിയില്‍ ഇരുന്ന് അവിടുത്തെ കുട്ടികള്‍ മിലന് ഏറ്റവും ഇഷ്ട്ടപ്പെട്ട നിറത്തിലുള്ള വെള്ളബലൂണുകള്‍ ഊതി നിറച്ചു.’മിലന്‍ ഇതാ ഞങ്ങളുടെ സ്‌നേഹം ഞങ്ങള്‍ ഈ ബലൂണില്‍ നിറയ്ക്കുന്നു….ഞങ്ങളുടെ മനസിന്റെ ,ഹൃദയത്തിന്റെ ,ശരീരത്തിന്റെ സുഗന്ധമുള്ള ശ്വാസം.ഞങ്ങളോട് പറയാതെ നീ പോയില്ലേ ? ഇതാ സ്വര്‍ഗത്തിലേയ്ക്ക് ഞങ്ങള്‍ ഞങ്ങളുടെ മനസ് നിറയെയുള്ള സ്‌നേഹം ഈ ബലൂണുകള്‍ വഴി അയയ്ക്കുന്നു.നിനക്ക് ഏറ്റവും ഇഷ്ട്ടമുള്ള വെള്ള നിറത്തിലുള്ള ബലൂണുകള്‍.

മാര്‍ട്ടിനും കുടുംബ സുഹൃത്തുക്കളും ആ സ്‌നേഹകൂട്ടായ്മയോടൊപ്പം ചേര്‍ന്നു.ആന്‍സി ദൂരെ മാറി നിന്ന് ആ സന്തോഷ കാഴ്ച്ച കണ്ടു.ആദ്യ ബലൂണ്‍ അയച്ചത് മിലന്റെ അനുജന്‍ പാട്രിക്കായിരുന്നു.പിന്നെ എല്ലാവരും ഒന്നിച്ച്…..അയര്‍ലണ്ടിലെ ഏറ്റവും കൂടിയ ഉയരമുള്ള പ്രദേശങ്ങളില്‍ ഒന്നായ വിക്ലോയുടെ ആ പര്‍വത പ്രദേശത്തെ ആകാശം ഇന്നലെ പതിവിലധികം പ്രകാശിതമായിരുന്നു.നീലാകാശത്തിലേയ്ക്ക് ഉയര്‍ന്നു പോകുന്ന ബലൂണുകള്‍ നോക്കി ആഹ്ലാദപൂര്‍വ്വം അവര്‍  നിന്നു.k10

പിന്നെ വീണ്ടും ഫ്യൂണറല്‍ ഹോമിലേയ്ക്ക്.സീറോ മലബാര്‍ സഭയുടെ ക്രമപ്രകാരമുള്ള സംസ്‌കാര ശുശ്രൂഷയുടെ ആദ്യഘട്ടം ആരംഭിക്കുകയായി.ഫാ,ജോസ് ഭരണികുളങ്ങര പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
‘മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെപ്പോരും നിന്‍ ജീവിത ചെയ്തികളും.
സല്‍കൃത്യങ്ങള്‍ ചെയ്യുക നീ അലസത കൂടാതെ….ആബേലച്ചന്റെ .വിഖ്യാതമായ വരികള്‍ പുരോഹിതനോപ്പം ജനസമൂഹവും എറ്റു ചൊല്ലി.മരണത്തെ ആര്‍ക്കും ഒഴിവാക്കാനാവില്ലല്ലോ?

വിശ്വാസ പ്രമാണവും കാറോസോസ പ്രാര്‍ഥനകള്‍ക്കും ശേഷം പുരോഹിതന്‍ മുടി ആ കുരുന്നിനെ അണിയിപ്പിച്ചു.ഒരു മാത്ര മാത്രം ഈ ഭൂമിയ്ക്ക് വേണ്ടി നീ ചെയ്ത എല്ലാ നന്മകള്‍ക്കും നന്ദി മിലന്‍ …ഇത് നിനക്കുള്ള നീതിയുടെ മുടി.സര്‍വ്വ ശക്തനായ ദൈവം നിനക്ക് വേണ്ടി കരുതിവെച്ചിരിക്കുന്ന നീതിയുടെ കിരീടം.ഇതുമായി നീ സ്വര്‍ഗത്തിലേയ്ക്ക് പോയാലും !….nn1nn2nn3nn4lk 4lk2lk3

ഐറിഷ് മലയാളി ന്യൂസ് ബ്യൂറോ 

Scroll To Top