Tuesday March 20, 2018
Latest Updates

അയര്‍ലണ്ടിലേയ്ക്ക് കുടിയേറ്റം ലക്ഷ്യം വെയ്ക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്,ജനസംഖ്യ കുതിച്ചുയരുമെന്ന് വിദഗ്ദര്‍

അയര്‍ലണ്ടിലേയ്ക്ക് കുടിയേറ്റം   ലക്ഷ്യം വെയ്ക്കുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്,ജനസംഖ്യ കുതിച്ചുയരുമെന്ന് വിദഗ്ദര്‍

ഡബ്ലിന്‍:അയര്‍ലണ്ടിലേക്കുള്ള കുടിയേറ്റ അപേക്ഷകളില്‍ റിക്കോര്‍ഡ് വര്‍ദ്ധനവെന്നു കണക്കുകള്‍.കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ ആളുകള്‍ പൗരത്വത്തിന് അപേക്ഷിച്ച രാജ്യങ്ങള്‍ ശതമാനക്കണക്കില്‍ എടുക്കുകയാണെങ്കില്‍ അതിലൊന്ന് അയര്‍ലണ്ട് ആണ്.അയര്‍ലണ്ട് ലക്ഷ്യമാക്കി യൂറോപ്യന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 900 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു..

കഴിഞ്ഞ 200 വര്‍ഷത്തിനിടെ അയര്‍ലണ്ടിലന്റെ മണ്ണില്‍ പിറന്നവര്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ തേടിപ്പോകുന്ന പ്രതിഭാസം താത്കാലികമായെങ്കിലും അവസാനിച്ചിരിക്കുന്നു.എന്നാല്‍ ലോകത്തെ ഇന്നത്തെ സാഹചര്യങ്ങളില്‍ ദേശാന്തരങ്ങളില്‍ നിന്നും അഭയം തേടി, സമാധാനത്തോടെ കഴിച്ചുകൂട്ടാനായി ഇടം തേടുന്നവര്‍ കൂട്ടമായി വന്നെത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ വന്നെത്താന്‍ കൊതിയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്ന് അയര്‍ലണ്ടാണ്.അത് കാലത്തിന്റെ മറ്റൊരു വിരോധാഭാസം!.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് എന്ന വംശീയവാദിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വവും, യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്റെ പുറത്തുപോകാനുള്ള തീരുമാനവുമാണ് ഈ രാജ്യങ്ങളില്‍ നിന്നും മാറി അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ബ്രിട്ടിഷ് പൗരന്മാരില്‍ പലരും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നഷ്ടപ്പെടാതിരിക്കാനായി ഐറിഷ് സിറ്റിസന്‍ഷിപ്പിന് അപേക്ഷിക്കുകയാണ്.

അതേ സമയം ഇന്ത്യയ്ക്കാര്‍ അടക്കമുള്ള സാമ്പത്തിക കുടിയേറ്റക്കാര്‍(ഇക്കണോമിക്‌സ് മൈഗ്രന്റ്‌സ്,സാമ്പത്തിക ഉന്നതി ലക്ഷ്യം വെച്ച് ഏതെങ്കിലും രാജ്യത്തേക്ക് കുടിയേറുന്ന വിദ്യാസമ്പന്നരായവരും,പ്രത്യേക നൈപുണ്യമുള്ളവരും)അയര്‍ലണ്ട് തിരഞ്ഞെടുക്കുന്നത് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിനുള്ള സാധ്യതകള്‍ കണ്ടു കൂടിയാണ്.ഇത്തരക്കാരുടെ എണ്ണവും കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടിയിട്ടുണ്ട്.

കൈയ്യില്‍ പണമുള്ള വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് അയര്‍ലണ്ടില്‍ എത്താന്‍ യാതൊരു വേലിക്കെട്ടുകളും ഇല്ലെന്ന അവസ്ഥ തുടരുകയാണ്.ഇതു കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നും എത്തുന്നവരെപോലും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് മുമ്പ് ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കാനുള്ള കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനുള്ള പ്രാരംഭ നടപടികള്‍ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.ഇതു അംഗീകരിക്കപ്പെടുകയാണെങ്കില്‍ നിലവില്‍ ആവശ്യമുള്ള നിശ്ചിത യോഗ്യതയോടെ ഐ ഇ എല്‍ ടി എസ് പാസാകണം എന്ന നിയമത്തില്‍ ഇളവ് ലഭിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇന്ത്യയ്ക്കാര്‍ അടക്കമുള്ള വിദ്യാര്‍ഥികളുടെ കുത്തൊഴുക്ക് ഉണ്ടാവാന്‍ ഇതു കാരണമാവും,

ബ്രെക്‌സിറ്റിനു ശേഷം അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തെ മൂവ്ഹബ് കമ്പനിയിലെ വിദഗ്ദ്ധര്‍ കണക്കില്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ: ഡബ്ലിനിലേയ്ക്ക് കുടിയേറ്റത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 133% വര്‍ദ്ധനവുണ്ടായിരിക്കുന്നു, ബെല്‍ഫാസ്റ്റിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ 250% വര്‍ദ്ധനവ്, അയര്‍ലണ്ട് ലക്ഷ്യമാക്കി യൂറോപ്യന്‍ യൂണിയന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 900% വര്‍ദ്ധനവ്!

അയര്‍ലണ്ടില്‍ വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിരിക്കുന്നതായി അയര്‍ലണ്ടിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. യുഎസില്‍ 216ല്‍ വരാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷനില്‍ ട്രംപ് വിജയിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അസ്വസ്ഥരായാണ് പണക്കാരായ പല അമേരിക്കക്കാരും അയര്‍ലണ്ടിലേയ്ക്ക് ജീവിതം പറിച്ചുനടാന്‍ കൊതിക്കുന്നത്. ട്രംപിന്റെ വിജയം യുഎസിന്റെ സാമൂഹിക,രാഷ്ട്രീയ രംഗങ്ങളെ എത്തരത്തില്‍ സ്വാധീനിക്കും എന്നും ഇവര്‍ ആകുലപ്പെടുകയാണ്. അയര്‍ലണ്ടിലെ സമാധാനാന്തരീക്ഷവും, തോക്ക് എളുപ്പത്തില്‍ ലഭിക്കാത്ത സാഹചര്യവുമെല്ലാം ഈ മണ്ണിനെ അവര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. ട്രംപ് പ്‌സിഡന്റ് സ്ഥാനാര്‍ത്ഥിയായ ശേഷം ഐറിഷ് വിസയ്ക്ക് അപേക്ഷിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ 14% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ബ്രെക്‌സിറ്റോടെ ബ്രിട്ടനില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കുള്ള സാധ്യത മുന്നില്‍ക്കണ്ടാണ്, ബ്രിട്ടനു പുറമെ യൂറോപ്യന്‍ യൂണിയനില്‍ ഇംഗ്ലിഷ് സംസാരിക്കുന്ന ഏക രാജ്യമായ അയര്‍ലണ്ട് കുടിയേറ്റക്കാരുടെ പ്രതീക്ഷയാകുന്നത്. ഇംഗ്ലിഷ് രണ്ടാം ഭാഷയായ ഏറെ രാജ്യങ്ങള്‍ ഇയുവില്‍ അംഗങ്ങളാണ്. ബ്രെക്‌സിറ്റോടെ യുകെയില്‍ നിന്നും മാറാനാഗ്രഹിക്കുന്ന കമ്പനികളും ആദ്യമായും ലക്ഷ്യമിടുന്നത് ഐറിഷ് മണ്ണാണ്.

പൊതുവെ സ്ഥിതി പ്രതീക്ഷാനിര്‍ഭരമെങ്കിലും കുടിയേറ്റക്കാരുടെ ഒഴുക്ക് സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനിടെ 3 മില്ല്യണ്‍ ഇയു പൗരന്മാര്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറുമെന്നാണ് കരുതുന്നത്.ഇപ്പോഴുള്ള ജനസംഖ്യയില്‍ 75% പേരെങ്കിലും വര്‍ദ്ധിക്കുമെന്ന് തന്നെ.

വീടുകള്‍ക്ക് വില കുറയുമെന്നും,കൂടുതല്‍ വ്യാപാര സാധ്യതകള്‍ ഉണ്ടാവുമെന്നും പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അത്ര അനുകൂലമാക്കുന്നുവെന്ന അവസ്ഥയിലേക്കല്ല ആദ്യ സൂചനകള്‍ ദൃശ്യമാകുന്നത്.ഇതിനു പ്രധാന കാരണം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസ്സരിച്ച് വീടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നില്ലെന്നതും,അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് .എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ അനുസരിച്ച് പുരോഗമനം സൃഷ്ടിച്ചെടുക്കാനുള്ള സാധ്യതകള്‍ എന്‍ഡ കെന്നി സര്‍ക്കാര്‍ ക്രമീകരിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് അയര്‍ലണ്ടിലെ സാധാരണക്കാര്‍.

Scroll To Top