Wednesday December 07, 2016
Latest Updates

യൂറോപ്പിലേയ്ക്ക് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ അഭയം തേടി ഒഴുകിയെത്തുന്നു,തള്ളാനും കൊള്ളാനുമാവാതെ ഇ യൂ രാജ്യങ്ങള്‍

യൂറോപ്പിലേയ്ക്ക് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ അഭയം തേടി ഒഴുകിയെത്തുന്നു,തള്ളാനും കൊള്ളാനുമാവാതെ ഇ യൂ രാജ്യങ്ങള്‍

മിലന്‍ :യൂറോപ്പിലേയ്ക്ക് കുടിയേറാന്‍ ആഫ്രിക്കയില്‍ നിന്നുള്ള പതിനായിരക്കണക്കിനു അഭയാര്‍ഥികള്‍ സര്‍വസന്നാഹങ്ങലോടെയും ശ്രമങ്ങള്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ആദ്യ നാലു മാസങ്ങളില്‍ മാത്രം 40,000 കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിച്ചതായി ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി .വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയുമായി നടന്ന വ്യത്യസ്ഥമായ 22 രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മത്സ്യബന്ധന ബോട്ടുകളിലും, കാറ്റുനിറച്ച റബ്ബര്‍ വള്ളങ്ങളിലുമായി യാത്ര ചെയ്ത 4,243 അഭയാര്‍ഥികളെ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

രക്ഷപെട്ടവരെ ഭൂരിഭാഗത്തെയും ഇന്നു തന്നെ ഇറ്റലിയുടെ തീരത്തെത്തിക്കും.ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച് എം എസ് ബുള്‍വാക്ക് 740 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തുറമുഖമായ ടരന്റോയില്‍ എത്തിച്ചു. ഐറിഷ് നാവികസേനയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ലിബിയയില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ ഉള്‍പ്പടെ നിരവധി അഭയാര്‍ത്ഥികളെയാണ് അയര്‍ലണ്ട് രക്ഷപെടുത്തിയത്. 

അയര്‍ലണ്ട്, ബ്രിട്ടണ്‍ എന്നിവയ്ക്ക് പുറമേ, ഇറ്റലി, ജര്‍മനി, ബെല്‍ജിയം,തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കപ്പലുകള്‍ അയച്ചിട്ടുണ്ട്. ആഫ്രിക്കയിലേയും, മിഡില്‍ ഈസ്റ്റിലേയും പലരാജ്യങ്ങളിലേയും അഭയാര്‍ത്ഥികള്‍ ഇറ്റലിയേക്ക് കൂട്ടമായി ഒഴുകുന്നത് മെഡിറ്ററേനിയന്‍ കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടാന്‍ കാരണമായി. 2011ല്‍ മുഹമ്മര്‍ ഗദ്ദാഫി
കൊല്ലപ്പെട്ട ശേഷം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ലിബിയയില്‍ നിന്നാണ് അഭയാര്‍ത്ഥികളില്‍ ഏറെയും.

കഴിഞ്ഞ മാസം മെഡിറ്ററേനിയന്‍ കടലിലെ ഒരു ബോട്ടപകടത്തില്‍ ലിബിയയില്‍ നിന്നുള്ള 800 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായികൈകോര്‍ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ക്ക് ആഹ്വാനം നല്‍കാന്‍ കാരണമായത്. എന്നാല്‍ അഭയാര്‍ത്ഥികള്‍ക്ക് പാര്‍പ്പിട സൌകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടഅനിശ്ചിതത്വങ്ങള്‍ തുടരുകയാണ്. ബാധ്യത യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങള്‍ പങ്കിടണമെന്ന യൂണിയന്‍ നിര്‍ദ്ദേശം ബ്രിട്ടണടക്കമുള്ള രാഷ്ട്രങ്ങള്‍ തള്ളി.
നിലവില്‍ ഇറ്റലിയും ഗ്രീസിലുമായി 40,000 അഭയാര്‍ത്ഥികളുണ്ട്.

Scroll To Top