Thursday December 08, 2016
Latest Updates

മൈക്രോസോഫ്റ്റിന് അയര്‍ലണ്ടില്‍ പുതിയ ആസ്ഥാനമന്ദിരം 

മൈക്രോസോഫ്റ്റിന് അയര്‍ലണ്ടില്‍ പുതിയ ആസ്ഥാനമന്ദിരം 

ഡബ്ലിന്‍: ആപ്പിളിന് പിന്നാലെ മൈക്രോസോഫ്റ്റും അയര്‍ലണ്ടില്‍ പുതിയ ആസ്ഥാന മന്ദിരം പണിയുന്നു. ഡബ്ലിനില്‍  134 മില്യണ്‍ യൂറോ മുടക്കിയാണ് മൈക്രോസോഫ്റ്റ് പുതിയ ക്യാമ്പസ് പണിയുന്നത്. മൈക്രോസോഫ്റ്റ് ഓഫീസുകള്‍ സാന്‍ഡിഫോര്‍ഡില്‍ മൂന്നിടത്തായി ചിതറികിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലെപ്പേര്‍ഡ്‌സ് ടൌണില്‍ പുതിയ ക്യാമ്പസ് പണിയാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. 

ഇതോടെ ഭാവിയില്‍ 1200ഓളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ജോലികള്‍ തുടങ്ങുന്നതോടെ 150 പേര്‍ക്ക് ജോലി അവസരം ഉടന്‍ ഉണ്ടാകും.

മൈക്രോസോഫ്റ്റിന്റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് ഏറ്റവും ഉചിതവും അര്‍ഹവുമായ നടപടിയാണ് പുതിയ ആസ്ഥാനത്തിന്റെ നിര്‍മ്മാണമെന്ന് മൈക്രോസോഫ്റ്റ് അയര്‍ലണ്ട് മാനേജിംഗ് ഡയറക്ടര്‍ കത്രീന ഹല്ലാഹന്‍ പറഞ്ഞു. 2017 അവസാനത്തോടെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാനാണ് മൈക്രോസോഫ്റ്റ് ഉദ്ദശ്യം. ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യത്തോടെയായിരിക്കും കെട്ടിടത്തിന്റെ പണിപൂര്‍ത്തിയാക്കുകയെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചു. ആഗോള കമ്പനികളുമായി കൈകോര്‍ത്താണ് ഇവിടെ ആസ്ഥാന മന്ദിരം പണിയുന്നത്.

ആപ്പിളിന് പുറമെ മൈക്രോസോഫ്റ്റും പുതിയ ആസഥാന മന്ദിരം പണിയുന്നതോടെ യുഎസിന് പുറത്തുളള ആദ്യത്തെ ഡേറ്റാ സെന്ററായി അയര്‍ലണ്ട് മാറും. 850 മില്യണ്‍ യൂറോ ചിലവിട്ടാണ് ആപ്പിള്‍ പുതിയ കെട്ടിടം പണിയുന്നത്.

Scroll To Top