Friday December 02, 2016
Latest Updates

900 മില്യന്റെ മുതല്‍ മുടക്കുമായി ഡബ്ലിനിലെ മൈക്രോസോഫ്റ്റ് പ്രൊജക്റ്റ് ഉടന്‍ ആരംഭിക്കും

900 മില്യന്റെ മുതല്‍ മുടക്കുമായി ഡബ്ലിനിലെ മൈക്രോസോഫ്റ്റ് പ്രൊജക്റ്റ് ഉടന്‍ ആരംഭിക്കും

ഡബ്ലിന്‍:ഡബ്ലിനില്‍ 900 മില്ല്യണ്‍ യൂറോയോളം ചെലവുവരുന്ന നാല് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള മൈക്രോസോഫ്റ്റ് പദ്ധതിയ്ക്ക് അന്തിമ രൂപമായി.മൂന്നു വര്‍ഷം കൊണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരുതപ്പെടുന്ന പദ്ധതിയുടെ വരവോടെ 1,800ഓളം കണ്‍സ്ട്രക്ഷന്‍ ജോലിക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിനുപുറമെ പണി പൂര്‍ത്തിയാകുന്ന പക്ഷം ഡാറ്റാ സെന്ററുകളില്‍ 140 പേരുടെ ഫുള്‍ടൈം ജോലി ഒഴിവും ഉണ്ടാകും.

അധികൃതരുടെ അനുമതി ലഭിച്ച പദ്ധതിപ്രകാരം ക്ലോണ്‍ഡല്‍കിനിലെ ഗ്രേഞ്ച് കാസിലില്‍ ഡാറ്റാ സെന്ററുകളുടെ നിര്‍മ്മാണം ആരംഭിക്കും. ഇവിടെ മൈക്രോസോഫ്റ്റിന് മറ്റ് ഡാറ്റാ സെന്ററുകള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. യൂറോപ്പിലെ വലിയ ഡാറ്റാ സെന്ററുകളിലൊന്നായ ഇതിന് 800 മില്ല്യണ്‍ യൂറോളമാണ് മുടക്കിയിട്ടുള്ളത്. ഗൂഗിളിന്റെ ഡാറ്റാ സെന്ററും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

ഡാറ്റാ സെന്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഉചിതമായ പ്രദേശമാണ് അയര്‍ലണ്ട് എന്നാണ് മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. 134 മില്ല്യണ്‍ യൂറോ മുടക്കി 1,200ഓളം വരുന്ന സ്റ്റാഫിനു വേണ്ടി ഡബ്ലിനില്‍ പുതിയ ക്യംപസും ലോകത്തെ വന്‍കിട സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് നിര്‍മ്മിക്കുന്നുണ്ട്. ക്ലൗഡ് കംപ്യൂട്ടിങ് ഹബ്ബുകളായാണ് മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്നത്. 2008ലാണ് ഗ്രേഞ്ച് കാസിലില്‍ തങ്ങളുടെ ആദ്യത്തെ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചത്.

അയര്‍ലണ്ടിലെ സുഖകരമായ കാലാവസ്ഥ നിരവധി ലോകോത്തര കമ്പനികളെ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനായി ഇവിടേയ്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ആമസോണ്‍, ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയുടെയെല്ലാം സെന്ററുകള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

Scroll To Top