Tuesday December 06, 2016
Latest Updates

അയര്‍ലണ്ട് വമ്പന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയേക്കാമെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍

അയര്‍ലണ്ട് വമ്പന്‍ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയേക്കാമെന്ന് മൈക്കിള്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍:2008ല്‍ സംഭവിച്ചതിനെക്കാളും വലിയ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് അയര്‍ലണ്ട് കൂപ്പുകുത്തിയേക്കാമെന്ന്  പ്രതിപക്ഷനേതാവും ഫിയനാഫാള്‍ പാര്‍ട്ടി ലീഡറുമായ
മൈക്കല്‍ മാര്‍ട്ടിന്റെ മുന്നറിയിപ്പ്. ബ്രെക്സിറ്റ് ഭീഷണിയും, ലോകസമ്പദ് വ്യവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്കുള്ള പോരായ്മകളുമാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. ഡബ്ലിനിലെ മാന്‍ഷന്‍ ഹൗസില്‍ നടന്ന സ്മോള്‍ ഫേംസ് അസോസിയേഷന്‍ (SFA) പരിപാടിയില്‍ സംസാരിക്കവേയാണ് മാര്‍ട്ടിന്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ബ്രെക്സിറ്റിനെ നേരിടാന്‍ കൃത്യവും ശക്തവുമായ പദ്ധതി തയ്യാറാക്കാത്തപക്ഷം രാജ്യത്തെ പല ബിസിനസുകളും അടച്ചുപൂട്ടേണ്ടി വരുമെന്നും, ആയിരക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും, നിക്ഷേപം കുറയുകയും, സേവനങ്ങള്‍ കുറയുകയും ചെയ്യുമെന്നും മാര്‍ട്ടിന്‍ മുന്നറിയിപ്പു നല്‍കി. ഹാര്‍ഡ് ബ്രെക്സിറ്റ് സംഭവിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ സമ്പാദനത്തിന് 12 ബില്ല്യണ്‍ യൂറോയുടെ ഇടിവ് നേരിടേണ്ടിവരുമെന്ന എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടും അദ്ദേഹം പരാമര്‍ശിച്ചു. ബ്രെക്സിറ്റിന്റെ ഫലമായി പല രാജ്യങ്ങളും അയര്‍ലണ്ട് പോലുള്ള രാജ്യങ്ങളോട് വാണിജ്യം നടത്താന്‍ വിമുഖത പ്രകടിപ്പിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

തകരാതെ പിടിച്ചു നില്‍ക്കണമെങ്കില്‍ സ്വദേശ കമ്പനികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്ന വിധത്തില്‍ അയര്‍ലണ്ട് സാമ്പത്തികനയം മാറ്റണമെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.

Scroll To Top