Wednesday December 07, 2016
Latest Updates

ക്രിസ്റ്റ്യാനോയല്ല; മികച്ച താരം മെസ്സിയെന്ന് പെലെ

ക്രിസ്റ്റ്യാനോയല്ല; മികച്ച താരം മെസ്സിയെന്ന് പെലെ

അര്‍ജന്റീനക്കാരെ വിമര്‍ശിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണ് ബ്രസീലുകാര്‍. സാക്ഷാല്‍ പെലെയും ഒട്ടും വ്യതസ്ഥനല്ല. വിവിധ അവസരങ്ങളില്‍ പെലെ അത് തെളിയിച്ചിട്ടുമുള്ളതാണ്. എന്നാല്‍, പെലെയെ പോലും തന്റെ കളിമികവു കൊണ്ട് മയക്കിയിരിക്കുകയാണ് മെസ്സി. ഫുട്‌ബോള്‍ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചോദ്യമായ മെസ്സിയോ ക്രിസ്റ്റ്യാനൊയോ എന്ന ചോദ്യത്തിന് പെലെയുടെ ഉത്തരം മെസ്സി എന്നായിരുന്നു.

മെസ്സിയെയും ക്രിസ്റ്റ്യാനോയെയും താരതമ്യം ചെയ്യാന്‍ പലരും ആവശ്യപ്പെടാറുണ്ട്. രണ്ടുതാരങ്ങളും താരതമ്യത്തിന് അതീതരാണ്. ക്രിസ്റ്റ്യാനോയാണ് കൂടുതല്‍ മൂര്‍ച്ചയുള്ളയാള്‍. ഗോള്‍ സ്‌കോര്‍ ചെയ്യാനുള്ള കഴിവിലും മുന്നില്‍ ക്രിസ്റ്റ്യാനോ തന്നെ. എന്നാല്‍, മെസ്സി ഇതേ മികവുള്ള സ്‌കോററാണ് എന്നതിനൊപ്പം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഏറെ മുന്നിട്ടുനില്‍ക്കുന്നു. ഇവര്‍ രണ്ടുപേരിലൊരാളെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍, തന്റെ തീരുമാനം മെസ്സിക്കൊപ്പമായിരിക്കുമെന്നും പെലെ പറയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷമായി ഫുട്‌ബോള്‍ ലോകത്തു നടക്കുന്നത് മെസ്സിയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള മികവിന്റെ പോരാട്ടമാണ്. മെസ്സി തുടര്‍ച്ചയായി നാലുതവണ ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, കഴിഞ്ഞ രണ്ടുവര്‍ഷമായി ക്രിസ്റ്റ്യാനോയാണ് ഈ പദവി അലങ്കരിക്കുന്നത്. ലാലീഗയില്‍ ഈ സീസണില്‍ 38 ഗോളുകളും 12 അസിസ്റ്റുകളും ഇതിനോടകം ക്രിസ്റ്റ്യാനോയുടെ പേരിലുണ്ട്. മെസ്സി 34 ഗോളുകള്‍ നേടിയപ്പോള്‍ 14 ഗോളുകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.

മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പോലെ തന്നെ മികച താരമാണ് ബ്രസീലിന്റെ യുവതാരം നെയ്മറെന്നും പെലെ അഭിപ്രായപ്പെട്ടു. എന്നാല്‍, മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പരിചയ സമ്പത്ത് നെയ്മര്‍ക്കില്ല. ബാഴ്‌സലോണയില്‍ ഇവരുടെ സഹതാരം ആന്ദ്രെ ഇനിയേസ്റ്റയെ പോലുള്ളവര്‍ പ്രതിഭയുടെ കാര്യത്തില്‍ ആരുടെയും പിന്നിലല്ല. മെസ്സിക്കും ഇനിയേസ്റ്റയ്ക്കുമൊപ്പം കളിക്കാന്‍ കഴിയുന്നത് നെയ്മറുടെ പ്രതിഭയ്ക്ക് ഏറെ സഹായകരമാവുമെന്നും പെലെ പറയുന്നു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ ആരെന്ന ചോദ്യത്തിന് ഫ്രഞ്ച് താരമായ സിനദിന്‍ സിദാന്‍ എന്നായിരുന്നു പെലെയുടെ മറുപടി. മിഡ്ഫീല്‍ഡ് മികവില്‍ മാറഡോണയ്ക്കും മെസ്സിക്കുമൊപ്പം നില്‍ക്കുന്ന താരമാണ് സിദാന്‍. കളിക്കളത്തില്‍ തന്നെക്കാള്‍ കൂടുതല്‍ ധൈര്യം കാട്ടിയിട്ടുള്ളയാളാണ് സിദാനെന്നും പെലെ ഓര്‍മ്മിക്കുന്നു.

 

Scroll To Top