Wednesday August 16, 2017
Latest Updates

പ്രതീക്ഷകള്‍ അസ്തമിച്ചു, യാക്കൂബ് മേമനെ രാവിലെ തൂക്കിലേറ്റും

പ്രതീക്ഷകള്‍ അസ്തമിച്ചു, യാക്കൂബ് മേമനെ രാവിലെ തൂക്കിലേറ്റും

ഡല്‍ഹി :അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ യാക്കൂബ് മേമനെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ അന്‍പത്തി മൂന്നാമത് ജന്മ ദിനത്തില്‍  തൂക്കിലേറ്റും.വധശിക്ഷയെ ജീവിത കാലം മുഴുവന്‍ എതിര്‍ത്ത ഇന്ത്യയുടെ മഹാനായ മുസ്ലീം പുത്രനെ ദേശീയ ബഹുമതികളോടെ രാമേശ്വരത്ത് ഖബറടക്കുന്ന അതേ ദിവസം തന്നെയാണ് ഇന്ത്യയുടെ നീതിനിര്‍വഹണ സംവിധാനത്തില്‍ കരിനിഴല്‍ വീഴ്ത്തി മറ്റൊരു മുസില്‍മാനെ  രാവിലെ 7 മണിക്ക് നാഗ് പൂര്‍ ജയിലില്‍ തൂക്കിലേറ്റുന്നത്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ വധിക്കരുത് എന്നാവശ്യപ്പെട്ട് രാഷ്ട്രീയ, സാംസ്‌കാരിക, നീതിന്യായ മേഖലകളിലെ നൂറുകണക്കിന് പ്രമുഖര്‍ ആവശ്യം ഉയര്‍ത്തിയ സാഹചര്യത്തിലും കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശയിന്‍ മേലാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മേമനെ വധിക്കാന്‍ അനുമതി നല്‍കിയത്.

 അതേ സമയം മഹാരാഷ്ട്ര ഗവര്‍ണര്‍  തള്ളിക്കളഞ്ഞ ദയാഹര്‍ജിയ്‌ക്കെതിരെ മേമന്റെ അഭിഭാഷകര്‍  രാത്രി വീണ്ടും സുപ്രീം കോടതിയെ സമീപിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള ഒട്ടേറെ അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്.ദയാഹര്‍ജി തള്ളികഴിഞ്ഞാല്‍ 14 ദിവസം കഴിഞ്ഞേ വിധി നടപ്പാക്കാന്‍ പാടുള്ളൂ എന്ന പഴുത് വഴി മേമന്റെ വധശിക്ഷ നീട്ടിയെടുക്കാനാണ് ഇവരുടെ ശ്രമം.എന്നാല്‍ ഇതെത്ര മാത്രം പ്രായോഗികമാണെന്ന് നിയമ വിദഗ്ദര്‍ക്ക് തന്നെ സംശയമുണ്ട്.കാരണം രാഷ്ട്രപതിയ്ക്ക് മേമന്‍ സമര്‍പ്പിച്ച രണ്ടാമത്തെ ഹര്‍ജിയായിരുന്നു ഇന്നത്തേത്

വധശിക്ഷയ്‌ക്കെതിരെ യാക്കൂബ് മേമന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് ഇന്ന് രാവിലെ തള്ളിയിരുന്നു. ശിക്ഷയ്‌ക്കെതിരെ നല്‍കിയ തിരുത്തല്‍ ഹര്‍ജിയില്‍ പാളിച്ചയില്ലെന്നും.നടപടി ക്രമങ്ങളില്‍ വീഴ്ചവന്നിട്ടില്ലെന്നും,പ്രതിയ്ക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്നും ശിക്ഷ നടപ്പാക്കും മുമ്പ് മതിയായ സാവകാശം നല്‍കിയിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ പ്രത്യേക ബഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പാന്ത്, അമിതാവ റോയി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ഇന്നു പരിഗണിച്ചത്.

മഹാരാഷ്ട്രാ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടാമത്തെ ദയാഹര്‍ജിയും തള്ളിയതോടെ നാളെ രാവിലെ ഏഴിന് നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിനെതിരെ യാക്കൂബ് മേമന്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് വീണ്ടും ദയാഹര്‍ജി നല്‍കിയിരുന്നു.ഇതിന്‍മേലാണ് രാഷ്ട്രപതി ഇപ്പോള്‍ അഭ്യന്തര മന്ത്രാലയത്തിന്റെ ശിപാര്‍ശയിന്‍ മേല്‍ അന്തിമ തീരുമാനം എടുത്തിരിക്കുന്നത്..

സി പി ഐ(എം)സെക്രട്ടറി സീതാറാം യെച്ചൂരി,രാംജത് മലാനി എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ മേമന്റെ വധ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.മേമന് സാമൂഹ്യമായ നീതി നിഷേധിക്കപ്പെട്ടു എന്ന ധാരണയാണ് ഇന്ത്യന്‍ പൊതു സമൂഹത്തില്‍ പൊതുവേയുള്ളത്.

വധ ശിക്ഷ ഒഴിവാക്കാനുള്ള ഐക്യരാഷ്ട്ര സമിതി ഉടമ്പടിയില്‍ ഇന്ത്യയും പങ്കാളികളാണ്.അതിനു ശേഷവും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുന്നത് നിര്‍ഭാഗ്യകരമാണെന്നാണ് ഇവരുടെ അഭിപ്രായം.

മേമനെ തൂക്കിലേറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നഗരങ്ങളടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.


Scroll To Top