Sunday December 11, 2016
Latest Updates

രക്ഷാ പാക്കേജ് ചര്‍ച്ച :ഗ്രീസ് എതിര്‍ത്തു ,യൂറോപ്യന്‍ സോണ്‍ ധനമന്ത്രിമാരുടെ യോഗം അലസി പിരിഞ്ഞു 

രക്ഷാ പാക്കേജ് ചര്‍ച്ച :ഗ്രീസ് എതിര്‍ത്തു ,യൂറോപ്യന്‍ സോണ്‍ ധനമന്ത്രിമാരുടെ യോഗം അലസി പിരിഞ്ഞു 


(ഫോട്ടോ:’ആണത്വത്തിന്റെ മുഖം ‘(യൂറോ സോണ്‍ ധനമന്ത്രിമാരുടെ തീരുമാനങ്ങളോട് യോജിക്കാതെ പുറത്തേയ്ക്കിറങ്ങുന്ന ഗ്രീസ് ധനമന്ത്രി യാനീസ് വരോഫക്‌സ് (ഷാള്‍ ധരിച്ചയാള്‍ )

ബ്രസല്‍സ് :ഗ്രീസിനെ വരച്ച വരയില്‍ നിര്‍ത്താനായി ഉദ്ദേശിച്ച് യൂറോപ്യന്‍ സോണിലെ ധനമന്ത്രിമാര്‍ തയ്യാറാക്കിയ സംയുക്ത ഉടമ്പടിയില്‍ നിന്നും അവസാന നിമിഷം ഗ്രീസ് പിന്മാറി.

ഗ്രീസിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്നലെ രാത്രി യൂറോ സോണ്‍ ധനമന്ത്രിമാര്‍ ഡ്രാഫ്റ്റ് പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന പ്രതാവനയുമായി ഗ്രീസ് ധനമന്ത്രി യാനീസ് വരോഫക്‌സ് എഴുനേറ്റത്.

ഇതോടെ ഗ്രീസിന്റെ രക്ഷാ പാക്കേജിനെകുറിച്ചുള്ള ചര്‍ച്ചകള്‍ തല്ക്കാലം തുടരേണ്ടതില്ലെന്നും,മുന്‍ നിശ്ചയപ്രകാരം അടുത്ത തിങ്കളാഴ്ചത്തെ യോഗത്തില്‍ ബാക്കി തീരുമാനങ്ങള്‍ എടുക്കാമെന്ന ധാരണയോടെയും യൂറോ സോണ്‍ ധനമന്ത്രിമാര്‍ യോഗം അവസാനിപ്പിച്ചത്.

ഇടതു പക്ഷ നേതൃത്വത്തിലുള്ള ഗ്രീസ് സര്‍ക്കാര്‍ യൂറോപ്പ്യന്‍ യൂണിയനുമായി ബന്ധം തുടരണോ എന്ന് പോലും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ കടക്കെണിയെ അതിജീവിക്കാന്‍ ഗ്രീസിന് ആവശ്യം രക്ഷാ പാക്കേജിന്റെ വിപുലീകരണമല്ലെന്നും, ബ്രിഡ്ജ് ലോണ്‍ ആണെന്നും പ്രധാനമന്ത്രി അലക്‌സി സിപ്രാസ് മുമ്പ് പാര്‍ലിമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.രാജ്യത്തെ വഴിയുള്ള ചെലവ് നിയന്ത്രിക്കുമെന്നും, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റുമെന്നും അദ്ദേഹം പാര്‍ലമെന്റിന് ഉറപ്പു നല്‍കി.

ചെലവുചുരുക്കല്‍ നടപടികള്‍ പിന്‍വലിക്കും എന്നതായിരുന്നു സിപ്രാസിന്റെ സൈറിസ പാര്‍ട്ടി നല്‍കിയ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍, രക്ഷാ പാക്കേജിനുള്ള ഉപാധി എന്ന നിലയില്‍ നടപ്പാക്കിയ പദ്ധതി അത്ര വേഗത്തില്‍ പിന്‍വലിക്കാനും സാധിക്കില്ല. ഉപാധികള്‍ പുനരവലോകനം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി സിപ്രാസും ധനമന്ത്രി യാനിസ് വരോഫാകിസും നടത്തിയ ചര്‍ച്ചകള്‍ പരാജയവുമായിരുന്നു.

ഈ മാസം 28നാണ് ഗ്രീസിന്റെ ഇപ്പോഴത്തെ ലോണ്‍ പ്രോഗ്രാം അവസാനിക്കുന്നത്. ഉപാധികള്‍ അംഗീകരിച്ചാല്‍ 7.2 ബില്യന്‍ കൂടി ലഭിക്കും. എന്നാല്‍, രക്ഷാ പാക്കേജ് വഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ശ്രമം സമ്പൂര്‍ണ പരാജയം എന്നാണ് സിപ്രാസിന്റെ വിലയിരുത്തല്‍. തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല, അതിനാല്‍ വായ്പ നീട്ടണമെന്നും ആവശ്യപ്പെടില്ലയെന്നതാണ് ഗ്രീസിന്റെ ഇപ്പോഴത്തെ നിലപാട്.


Scroll To Top