Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു 

അയര്‍ലണ്ടില്‍ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു 

ഡബ്ലിന്‍ :ചികിത്സാ ആവശ്യങ്ങള്‍ക്കായി അയര്‍ലണ്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്താന്‍ അനുമതി നല്‍കമമെന്ന ആവശ്യവുമായി ഐറിഷ് ഹെല്‍ത്ത് കെയര്‍ കമ്പനി രംഗത്ത്. ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കാനബീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനമായ ഗ്രീന്‍ ലൈറ്റ് ഹെല്‍ത്താണ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് വളര്‍ത്തുന്നതിന് നിയമ സാധുത നല്‍കണമെന്ന ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കമ്പനി ഫണ്ട് റൈസിങ് ക്യാംപെയിനുമായി മുന്നോട്ടുപോകുകയാണ്.

അയര്‍ലണ്ടില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കാണെങ്കില്‍ പോലും കഞ്ചാവ് ഉപയോഗിക്കുന്നത് 2750 യൂറോ വരെ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. രോഗങ്ങള്‍കൊണ്ട് യാതനയനുഭവിക്കുന്നവര്‍ക്ക് കഞ്ചാവ് ഉള്‍പ്പെടുത്തിയുള്ള മരുന്ന് ഫലപ്രദമായിരിക്കെ അതെങ്ങനെ കുറ്റമാകുമെന്നാണ് ഗ്രീന്‍ ലൈറ്റ് ഹെല്‍ത്ത് മേധാവി ഡോ. ജയിംസ് ലിന്‍ഡെന്‍ പറയുന്നത്. മള്‍ട്ടിപിള്‍ സ്‌ക്ലീറോസിസ് രോഗികള്‍ക്കായി കഞ്ചാവ് ഉപയോഗിച്ചുള്ള ഫലപ്രദമായ മരുന്ന് തങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കാനാകും. പക്ഷെ കഞ്ചാവിന്റെ ഉല്‍പാദനവും വിതരണവും അവ ഉപയോഗിച്ചുള്ള ഔഷധങ്ങളുടെ ഉല്‍പാദനവും അയര്‍ലണ്ടില്‍ നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മനി, ഫ്രാന്‍സ്, യുകെ, സ്‌പെയിന്‍, ഇറ്റലി, ഓസ്ട്രിയ, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് ഉല്‍പാദിപ്പിക്കാന്‍ അനുമതിയുണ്ട്. അയര്‍ലണ്ടിലും 2013ല്‍ ഇത് സംബന്ധിച്ച നിയമ നിര്‍മാണത്തിന് ആരോഗ്യ വകുപ്പ് നീക്കം നടത്തിയിരുന്നെങ്കിലും ഇപ്പോഴും ബില്‍ അനുമതിക്കായി എത്തിയിട്ടില്ല.

അയര്‍ലണ്ടില്‍ എട്ടായിരത്തോളം മള്‍ട്ടിപിള്‍ സ്‌ക്ലീറോസിസ് രോഗികളുണ്ടെന്നാണ് കണക്ക്. ഇവരിലധികവും ഇപ്പോള്‍ തന്നെ ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നും ലിന്‍ഡെന്‍ പറയുന്നു. 1839ല്‍ അയര്‍ലണ്ടുകാരനായ ഡോ. വില്യം ബ്രൂക്ക് ഒ ഷോഗ്‌നെസിയാണ് ആധുനിക പാശ്ചാത്യ മെഡിസനില്‍ കഞ്ചാവിനെ പരിചയപ്പെടുത്തിയത്. യൂറോപിലെ മൊത്തം മള്‍ട്ടിപിള്‍ സ്‌ക്ലീറോസിസ് രോഗികളില്‍ 30 ശതമാനവും വേദനാ സംഹാരിയായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. 

Scroll To Top