Wednesday May 23, 2018
Latest Updates

ജനങ്ങള്‍ക്ക് വേണ്ടി മരിച്ച നാല് പേര്‍ !

ജനങ്ങള്‍ക്ക് വേണ്ടി മരിച്ച നാല് പേര്‍ !

ഫോട്ടോ:ആല്‍ബര്‍ട്ട് റിച്ചാര്‍ഡ് പാര്‍സണ്‍സ്,ആഗസ്റ്റ് വിന്‍സെന്റ് തിയഡോര്‍ സ്‌പൈസ്,ജോര്‍ജ് എന്‍ഗല്‍,അഡോള്‍ഫ് ഫിഷര്‍

മരത്തെ പരിഹസിക്കുന്നവരെക്കൊണ്ട് നിറയുകയാണ് കേരളം. സമരങ്ങളുടെ ഫലശ്രുതിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരുന്നേയില്ല. എല്ലാത്തരം സമരങ്ങളോടുമുള്ള പുച്ഛം പെരുകി വരുന്നു. എന്നാല്‍ ഭൂരിപക്ഷം മലയാളികളും പച്ചവെള്ളം പോലെ അറിയാതെ ആസ്വദിക്കുന്ന ഒന്നാണ് എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന തത്വം. വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാര്യത്തില്‍ തര്‍ക്കമുള്ളവര്‍ക്കുപോലും ജോലി സമയത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല.

ജോലി സമയത്തിന്റെ കാര്യത്തില്‍ കേരളം ഉള്‍പ്പെടെ ലോകത്തൊരിടത്തും ഒരു സമയനിഷ്ഠയും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. മുതലാളിമാര്‍/യജമാനന്‍മാര്‍ നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ച് എല്ലുമുറിയുന്ന കാലം. അതിനെതിരെ ലോകത്തെ പല രാജ്യങ്ങളിലുള്ള മനുഷ്യര്‍ സമരം ചെയ്താണ് തൊഴിലെടുക്കുന്നവരുടെ സമയക്രമം ഉറപ്പാക്കിയത്.

1884 ഒക്ടോബറില്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍സ് എട്ട് മണിക്കൂര്‍ തൊഴിലവകാശം നടപ്പാക്കാന്‍ രണ്ട് വര്‍ഷത്തിന് ശേഷമുള്ള മെയ് ഒന്ന് അന്തിമ തീയതിയായി നിശ്ചയിച്ചു. 1886 മെയ് ഒന്നിന് അമേരിക്കയിലുടനീളം പ്രകടനങ്ങള്‍ അരങ്ങേറി. പൊലീസ് അതിക്രമങ്ങളില്‍ നിരവധി പേര്‍ മരിച്ചു. ഇതില്‍ പ്രതിഷേധിക്കാന്‍ മെയ് നാലിന് ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ സംഘടിപ്പിക്കപ്പെട്ട തൊഴിലാളി റാലി സംഘര്‍ഷത്തില്‍ കലാശിക്കുകയും ഏഴ് പോലീസുകാര്‍ മരിക്കുകയും ചെയ്തു. ഈ സംഭവത്തിലെ ഗൂഢാലോചനാക്കുറ്റം ചുമത്തി ഏഴ് പേരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. രണ്ടുപേരുടെ വധശിക്ഷയില്‍ പിന്നീട് ഇളവ് വരുത്തി. കഴുമരം കാത്തിരുന്ന അഞ്ച് പേരില്‍ ഒരാള്‍ ലൂയിസ് ലിങ് വധശിക്ഷ നടപ്പാക്കേണ്ടതിന്റെ തലേന്നാള്‍ ആരാച്ചാരെ കബളിപ്പിച്ച് ആത്മഹത്യ ചെയ്തു. അവശേഷിക്കുന്ന നാല് പേര്‍ തൂക്കിലേറ്റപ്പെട്ടു. മെയ് ദിനത്തില്‍ ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന മനുഷ്യര്‍ ഓര്‍ത്തിരിക്കേണ്ട ആ പേരുകള്‍ ഇവയാണ്: ആല്‍ബര്‍ട്ട് റിച്ചാര്‍ഡ് പാര്‍സണ്‍സ്, ആഗസ്റ്റ് വിന്‍സെന്റ് തിയഡോര്‍ സ്‌പൈസ്, ജോര്‍ജ് ഏംഗല്‍, അഡോള്‍ഫ് ഫിഷര്‍.
ആല്‍ബര്‍ട്ട് റിച്ചാര്‍ഡ് പാര്‍സണ്‍സ്
1848 ല്‍ ജനിച്ച അമേരിക്കന്‍ സോഷ്യലിസ്റ്റും മാധ്യമപ്രവര്‍ത്തകനും. കുട്ടിക്കാലത്ത് അമേരിക്കന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ശേഷം ടെക്‌സാസിലും ചിക്കാഗോയിലും ജീവിച്ചു. ചിക്കാഗോയിലെ വിവിധ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും മനുഷ്യാവകാശ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
ആഗസ്റ്റ് വിന്‍സെന്റ് തിയഡോര്‍ സ്‌പൈസ്
അമേരിക്കന്‍ തൊഴിലാളി പ്രവര്‍ത്തകനും എഡിറ്ററും. ജനനം 1855. സമ്പന്നമായ കുട്ടിക്കാലത്തിന് ശേഷം അപ്പോള്‍സ്റ്ററി ജോലികള്‍ നിര്‍വഹിച്ചു. പിന്നീട് മാധ്യമപ്രവര്‍ത്തകനായി.
ജോര്‍ജ് എന്‍ഗല്‍
തൊഴിലാളി യൂണിയന്‍ നേതാവായ ജോര്‍ജ് എന്‍ഗല്‍ ജര്‍മനിയിലാണ് ജനിച്ചത്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി. ഇന്റര്‍നാഷണല്‍ വര്‍ക്‌സ് മെന്‍ അസോസിയേഷന്റെ ഭാഗമായ എന്‍ഗല്‍ പിന്നീട് സോഷ്യലിസ്റ്റിക് ലേബര്‍ പാര്‍ട്ടി ഓഫ് നോര്‍ത്ത് അമേരിക്ക രൂപീകരിച്ചു. 1882ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പീപ്പിള്‍സ് അസോസിയെഷനില്‍ ചേര്‍ന്നു.
അഡോള്‍ഫ് ഫിഷര്‍
ജര്‍മന്‍ വംശജനാണ് തൊഴിലാളി യൂണിയന്‍ നേതാവായ അഡോള്‍ഫ് ഫിസ്‌ചെര്‍. അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം വിവിധ തൊഴിലാളി സംഘടനകളില്‍ പ്രവര്‍ത്തിച്ചു.

1887 നവംബര്‍ 11നാണ് ഈ നാല് പേര്‍ തൂക്കിലേറ്റപ്പെട്ടത്. തൂക്കുകയറില്‍ നിന്ന് ആഗസ്റ്റ് സ്‌പൈസ് വിളിച്ചുപറഞ്ഞത് ഇങ്ങനെ’ഇന്ന് നിങ്ങള്‍ കഴുത്ത് ഞെരിച്ച് ഇല്ലാതാക്കുന്ന ഈ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശബ്ദദ കരുത്ത് നേടുന്ന ഒരു കാലം വരും’

Scroll To Top