Tuesday September 26, 2017
Latest Updates

സ്വവര്‍ഗവിവാഹ റഫറണ്ടം :കത്തോലിക്കാ സഭ സ്വീകരിക്കുന്നത് പിന്തിരിപ്പന്‍ നിലപാടെന്ന് എക്യൂമിനിക്കല്‍ പ്രസ്ഥാനങ്ങള്‍ :പോരാട്ടം ശക്തമാക്കുമെന്ന് സഭ 

സ്വവര്‍ഗവിവാഹ റഫറണ്ടം :കത്തോലിക്കാ സഭ സ്വീകരിക്കുന്നത് പിന്തിരിപ്പന്‍ നിലപാടെന്ന് എക്യൂമിനിക്കല്‍ പ്രസ്ഥാനങ്ങള്‍ :പോരാട്ടം ശക്തമാക്കുമെന്ന് സഭ 

ഡബ്ലിന്‍ :മെയ് 22 ലെ റഫറണ്ടത്തില്‍ കത്തോലിക്കാ സഭ സ്വീകരിക്കാനിരിക്കുന്ന നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി മാധ്യമങ്ങളും മറ്റു എക്കുമിനിക്കല്‍ പ്രസ്ഥാനങ്ങളും രംഗത്ത് വന്നത് റഫറണ്ടത്തെ കുറിച്ചുള്ള ചര്‍ച്ചയെ ചൂടുപിടിപ്പിച്ചു.

ഫെയ്ത്ത് ഇന്‍ മാര്യേജ് ഈക്വാളിറ്റിയുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ ട്രിനിറ്റി കോളേജിലെ സ്‌കൂള്‍ ഓഫ് എക്യുമെനിക്‌സില്‍ ഇന്നലെ നടന്ന സംവാദം സ്വവര്‍ഗ വിവാഹങ്ങളിലെ മതപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു.

ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള സഭാവിഭാഗങ്ങള്‍ സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി അണിനിരന്നപ്പോള്‍ കത്തോലിക്കാ സഭയുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

വരാനിരിക്കുന്ന ഹിതപരിശോധനയുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ ഇപ്പോള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.സ്വവര്‍ഗ വിവാഹങ്ങള്‍ നിയമ വിധേയമാകുന്നതിനായി നടത്തുന്ന ഹിതപരിശോധനയില്‍ സഭ കൈക്കൊള്ളുന്ന പ്രതികൂല നിലപാടുകള്‍ സഭക്ക് തിരിച്ചടിയാകുമെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടത്.

ബിഷപ്പുമാരുടെ പ്രതികൂല നിലപാടുകള്‍ കാരണം ഹിത പരിശോധന പരാജയപ്പെടുത്തുന്നതിനായി സമൂഹത്തില്‍ വിശ്വാസികളുടെ ഒരു പ്രത്യേക വിഭാഗം രൂപപ്പെടുകയാണെന്ന് യോഗത്തില്‍ സംസാരിച്ച സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഡോ. റിച്ചാര്‍ഡ് ഓ ലെറി പറഞ്ഞു.ചില ബിഷപ്പുമാര്‍ ഹിതപരിശോധനയെ തോല്‍പ്പിക്കുന്നതില്‍ വലിയ സന്തോഷമുള്ളവരാണെങ്കിലും ഭാവിയില്‍ സഭ ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഹിതപരിശോധനയില്‍ തന്റെ നിലപാടുകള്‍ പുതിയ നിയമത്തിന് അനുകൂലമായിട്ടായിരിക്കുമെന്നാണ് ചര്‍ച്ച് ഓഫ് അയര്‍ലണ്ടിലെ കാഷെല്‍, ഫെര്‍ണ്‍സ് ആന്‍ഡ് ഒസ്സോരി ബിഷപ്പ് മൈക്കല്‍ ബുറൊവ്‌സ് പ്രതികരിച്ചത്. ഈ
കാലഘട്ടത്തിലെ എറ്റവും വലിയ ന്യായ സംവാദമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വവര്‍ഗ്ഗ രതി ഒരു തരത്തിലും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നില്ല എന്നും കത്തോലിക്കാ സഭ ഇക്കാര്യങ്ങളില്‍ നിലപാട് പുന പരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൂടുതല്‍ സമതുലിതമായ അയര്‍ലണ്ടിന് നിയമം വഴിവക്കുമെന്നും, സ്വവര്‍ഗ്ഗ രതിയോടുള്ള പേടി വലിയ സാമൂഹ്യ തിന്മയായി കണക്കാക്കപ്പെടണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സ്വവര്‍ഗ്ഗ വിവാഹത്തിന് അദ്ധ്യാത്മികമായി യാതൊരു വിധ പ്രതിബന്ധങ്ങളുമില്ല എന്ന് ട്രിനിറ്റി കോളേജ് വൈസ് പ്രിസിപ്പല്‍ ലിന്‍ഡ ഹോഗന്‍ അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ തമ്മില്‍ സ്‌നേഹപ്രകടനത്തിനുള്ള അവസരം
ഉണ്ടാവണം. സഭയുടെ പുരോഗമന നിലപാട് ഉയര്‍ത്തി പിടിക്കാന്‍ ലഭിക്കുന്ന അപൂര്‍വ അവസരമാണ് ഹിതപരിശോധന എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

മത സ്ഥാപനങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ഇത്തരം പിന്തിരിപ്പന്‍ നിലപാടുകള്‍ യഥാര്‍ത്ഥ ജീവിതവും പുരാണങ്ങളും തമ്മിലുള്ള പ്രായോഗിക അന്തരം മൂലമാണെന്ന് റവ: കാനന്‍ ഡോ: ജിന്നീ കെന്നെര്‍ലി അഭിപ്രായപ്പെട്ടു. ബൈബിളില്‍ പോലും എന്തൊക്കെ അനുവദിക്കപ്പെട്ടു എന്ന കാര്യത്തില്‍ വ്യതസ്ഥ അഭിപ്രായങ്ങളുണ്ട് എന്നും അവര്‍ ചൂണ്ടികാട്ടി.

എന്നാല്‍ സ്വവര്‍ഗ വിവാഹത്തിനെതിരെ റഫണ്ടത്തില്‍ വോട്ടു രേഖപ്പെടുത്തണമെന്ന് കത്തോലിക്കാ സഭ ആവശ്യപ്പെടുന്നു.അടുത്ത ഒരു മാസം ഇതിനായുള്ള വിവിധ പ്രചാരണ പരിപാടികളുമായി രംഗത്ത് നിലയുറപ്പിക്കാനാണ് സഭയുടെ തീരുമാനം.

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുമെന്ന് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു.ഹിത പരിശോധനയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളവര്‍ വോട്ടര്‍ലിസ്റ്റില്‍ പേരു ചേര്‍ക്കാനുള്ള പരിശ്രമങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു 

Scroll To Top